Advertisment

കോൺഗ്രസ് ഗ്രൂപ്പുകളിലെ മുഖ്യ ചർച്ച ആന്റണിയുടെ മൗനവ്രതവും പി സി ചാക്കോയുടെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞതയും തന്നെ ! മുല്ലപ്പള്ളിക്ക് മതിയാക്കാം, ഇനി ചാക്കോയ്ക്ക് കേരളത്തിലും അവസരം കൊടുക്കണമെന്നും പരിഹാസം !

New Update

ഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ ദയനീയ പരാജയങ്ങളുടെ വാർത്ത പുറത്തുവരുന്നതിനിടെ മുതിർന്ന നേതാവ് എ കെ ആന്റണിക്കും സംസ്ഥാന ചുമതലയുണ്ടായിരുന്ന എ ഐ സി സി ജനറൽ സെക്രട്ടറി പി സി ചാക്കോയ്ക്കുമെതിരെ കോൺഗ്രസ് സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ വ്യാപക വിമർശനങ്ങൾ.

Advertisment

publive-image

യു പി എയ്ക്ക് അധികാരം നഷ്ടപ്പെട്ട ശേഷമുള്ള എ കെ ആന്റണിയുടെ മൗനവ്രതവും പി സി ചാക്കോയുടെ തെരഞ്ഞെടുപ്പ് 'തന്ത്രജ്ഞത'യുമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ പ്രവർത്തകർ വീറോടെ ചർച്ച ചെയ്യുന്നത്.

ചാക്കോ കെ പി സി സി അധ്യക്ഷനാകാൻ യോഗ്യത നേടിയെന്നും ഇനി മുല്ലപ്പള്ളിക്ക് മാറാം, പി സി ചാക്കോ വരട്ടെയെന്നും പ്രവർത്തകർ പറയുന്നു.

എ കെ ആന്റണിയുടെ പ്രതികരണ ശേഷി തിരികെ കൊണ്ടുവരാൻ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് എല്ലാവരും പ്രാർത്ഥിക്കണമെന്നും ചിലർ പറയുന്നു. ബി ജെ പിയുടെ നയങ്ങളുടെ ഭാഗമായി പൗരത്വം മാത്രമല്ല, ചിലർക്ക് പ്രതികരണ ശേഷിയും നഷ്ടപ്പെടുന്നുവെന്ന വസ്തുത ഇപ്പോഴാണ് മനസിലായതെന്നാണ് മറ്റ് ചിലരുടെ പരിഹാസം.

എന്തായാലും ഡൽഹിയിലെ കാര്യങ്ങളിൽ തീരുമാനമായതോടെ ഇനി കേരളത്തിൽ പ്രവർത്തിക്കാനാണ് താല്പര്യമെന്ന പി സി ചാക്കോയുടെ പ്രതികരണങ്ങൾക്ക് വ്യാപക പ്രതികരണങ്ങൾ തന്നെ ഉണ്ടായിട്ടുണ്ട്.

മടങ്ങിവരുന്ന ചാക്കോയ്ക്ക് തിരുവനന്തപുരം എയർപോർട്ടിൽ ഗംഭീര സ്വീകരണം ഒരുക്കണമെന്ന ആഹ്വാനവും സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലുണ്ട്.

ആരെന്ത് പറഞ്ഞിട്ടും കാര്യമില്ല, ഹൈക്കമാന്റിന്റെ മാനസ പുത്രനായ ചാക്കോ പാർട്ടിയിൽ കൂടുതൽ പുതിയ ദൗത്യങ്ങളിലേക്ക് നിയോഗിക്കപ്പെടാനാണ് സാധ്യതയെന്ന് പറയുന്നവരും ചുരുക്കമല്ല.

pc chacko
Advertisment