ഡി കെ ശിവകുമാറിന്റെ അറസ്റ്റില്‍ കര്‍ണ്ണാടകയില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് രൂപം നല്‍കാന്‍ സംസ്ഥാന നേതൃത്വത്തിന് കെ സി വേണുഗോപാലിന്റെ നിര്‍ദ്ദേശം. പ്രതികാര രാഷ്ട്രീയം അംഗീകരിക്കില്ലെന്ന് വേണുഗോപാല്‍

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, September 4, 2019

ഡല്‍ഹി:  മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ ഡി കെ ശിവകുമാറിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് തയാറാകാന്‍ കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സംഘടനാ ചുമതലയുള്ള എ ഐ സി സി ജനറല്‍സെക്രട്ടറി കെ സി വേണുഗോപാലിന്റെ നിര്‍ദ്ദേശം.

അറസ്റ്റ് ബി ജെ പിയുടെ പ്രതികാര നടപടികളുടെ ഭാഗമാണെന്നും ബി ജെ പിയുടെ രാഷ്ട്രീയ അട്ടിമറികള്‍ക്കെതിരെ പ്രതിരോധം തീര്‍ത്തത് മാത്രമാണ് ഡി കെ ശിവകുമാര്‍ ചെയ്ത തെറ്റെന്നും പറഞ്ഞ കെ സി വേണുഗോപാല്‍ അറസ്റ്റിനെതിരെയുള്ള പ്രതിഷേധം ശക്തമാക്കാനാണ് നിര്‍ദ്ദേശം നല്‍കിയത്.

നേരത്തെ, റിമാന്‍ഡില്‍ കഴിയവേ നെഞ്ച് വേദനയെ തുടര്‍ന്ന് റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ഡി കെ ശിവകുമാറിനെ കാണാനെത്തിയ കെ സി വേണുഗോപാലിനെയും സംഘത്തെയും പോലീസ് തടഞ്ഞിരുന്നു.

തുടക്കത്തില്‍ ഹോസ്പിറ്റല്‍ മന്ദിരത്തിന് പുറത്ത് വേണുഗോപാലിനെയും സംഘത്തെയും തടഞ്ഞുനിര്‍ത്തിയ പോലീസ് അര മണിക്കൂറിനു ശേഷം ഇവരെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചെങ്കിലും ശിവകുമാറിനെ കാണാന്‍ അനുമതി നല്‍കിയില്ല. ഇതേ തുടര്‍ന്ന് വേണുഗോപാലും സംഘവും മടങ്ങുകയായിരുന്നു.

തുടര്‍ന്ന് കര്‍ണ്ണാടകയില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് രൂപം നല്‍കാന്‍ അദ്ദേഹം പി സി സിയ്ക്കും മുതിര്‍ന്ന നേതാക്കള്‍ക്കും നിര്‍ദ്ദേശം നല്‍കി. കര്‍ണ്ണാടക നേതാക്കളെ നേരിട്ട് ഫോണില്‍ വിളിച്ച വേണുഗോപാല്‍ എത്രയും പെട്ടെന്ന് പ്രതിഷേധ പരിപാടികള്‍ക്ക് രൂപം നല്‍കാനും നിര്‍ദ്ദേശിച്ചു.

 

×