ഇന്ത്യന്‍ ഇമ്യൂണോളജിക്കല്‍സ് ലിമിറ്റഡും ഗ്രിഫിത്ത് സര്‍വകലാശാലയും ചേര്‍ന്ന് കോവിഡ് -19 നെതിരായ വാക്‌സിന്‍ വികസിപ്പിക്കുന്നു

New Update

ഹൈദരാബാദ്:  പ്രമുഖ വാക്‌സിന്‍ ഉല്‍പ്പാദക കമ്പനിയായ ഇന്ത്യന്‍ ഇമ്യൂണോളജിക്കല്‍സ് ലിമിറ്റഡ് ലോകമൊട്ടാകെ ഇതിനകം 95,000 പേരുടെ ജീവന്‍ അപഹരിച്ച കോവിഡ് - 19 നെതിരെ വാക്‌സിന്‍ വികസിപ്പിക്കുന്നതിനുള്ള ഗവേഷണം ആരംഭിക്കുന്നു.

Advertisment

ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ ഓസ്‌ട്രേലിയയിലെ ഗ്രിഫിത്ത് സര്‍വകലാശാലയുമായി സഹകരിച്ചാണ് ഗവേഷണം നടത്തുന്നത്. ഇതു സംബന്ധിച്ച കരാര്‍ ഇരുവരും ഒപ്പുവച്ചു.

publive-image

നിര്‍ണായകമായ ഈ ഭൂഖണ്ഡാന്തര സഹകരണത്തിലൂടെ ഇന്ത്യന്‍ ഇമ്യൂണോളജിക്കല്‍സ് ലിമിറ്റഡിലെയും ഗ്രിഫിത്ത് സര്‍വകലാശാലയിലെയും ശാസ്ത്രജ്ഞര്‍ ചേര്‍ന്ന് ഏറ്റവും പുതിയ കോണ്‍ഡോണ്‍ ഡീ - ഒപ്റ്റിമൈസേഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് 'സാര്‍സ് - കോവ് - 2 വാക്‌സിന്‍' അല്ലെങ്കില്‍ കോവിഡ്-19 വാക്‌സിന്‍ വികസിപ്പിക്കും.

ഒറ്റ ഡോസ് കുത്തിവയ്പ്പില്‍ മനുഷ്യരില്‍ കൊറോണ വൈറസിനെതിരെ പ്രതിരോധം തീര്‍ക്കാവുന്ന വാക്‌സിന്‍ വികസിപ്പിക്കാനാവുമെന്ന് സാങ്കേതിക വിദ്യ വാഗ്ദാനം ചെയ്യുന്നു.

പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനായി നല്‍കുന്ന മറ്റ് വാകസിനുകളെ പോലെ തന്നെ സുരക്ഷിതമാണെന്നും ദീര്‍ഘകാലത്തേക്ക് സംരക്ഷണം നല്‍കുമെന്നും പ്രതീക്ഷിക്കുന്നു.

ഗവേഷണം പൂര്‍ത്തിയായാല്‍ വാക്‌സിന്‍ സ്‌ട്രെയിന്‍ ഇന്ത്യന്‍ ഇമ്യൂണോളജിക്കല്‍സ് ലിമിറ്റഡിന് (ഐഐഎല്‍) കൈമാറുകയും രാജ്യത്തെ ഡ്രഗ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ ചട്ടങ്ങള്‍ക്കനുസരിച്ച് ഉല്‍പ്പാദനവും ആരംഭിക്കും. ഘട്ടം ഘട്ടമായി ക്ലിനിക്കല്‍ ട്രയലുകള്‍ നടത്തും.

ഗവേഷണ സഹകരണത്തിലൂടെ അടിയന്തര ആരോഗ്യ ആവശ്യം നേരിടുന്നതില്‍ പ്രതിജ്ഞാബദ്ധമാണ് ഐഐഎല്ലെന്നും കോവിഡ്-19നെതിരായ വാക്‌സിന്‍ വികസിപ്പിക്കുന്നതിനായി ഐ ഐ എല്‍ ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞെന്നും ഇന്ത്യന്‍ ഇമ്യൂണോളജിക്കല്‍സ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ഡോ.കെ. ആനന്ദ് കുമാര്‍ പറഞ്ഞു.

ലോകമൊട്ടാകെ വിവിധ സാധ്യതകള്‍ നിരീക്ഷിച്ച ശേഷമാണ് കോണ്‍ഡോണ്‍ ഡി-ഓപ്റ്റിമൈസേഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് കോവിഡ്-19 വാക്‌സിന്‍ വികസിപ്പിക്കാന്‍ തീരുമാനിച്ചതെന്നും സമര്‍പ്പിത ഗവേഷണ-വികസന കഴിവുകളും മികച്ച ശാസ്ത്രജ്ഞരുടെയും എഞ്ചിനീയര്‍മാരുടെയും പിന്തുണയോടെയും മിതമായ നിരക്കില്‍ ഉയര്‍ന്ന നിലവാരമുള്ള വാക്‌സിനുകള്‍ വികസിപ്പിക്കാന്‍ ഐ ഐ എല്‍ പ്രതിജ്ഞാബദ്ധമാണെന്നും ഈ ഭൂഖണ്ഡാന്തര സഹകരണം ആഗ്രഹിച്ച ഫലം നല്‍കുമെന്ന കാര്യത്തില്‍ ഉറപ്പുണ്ടെന്നും ഇന്ത്യന്‍ ഇമ്യൂണോളജിക്കല്‍സ് ലിമിറ്റഡ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ഡോ. പ്രസന്ന ദേശ് പാണ്ഡെ പറഞ്ഞു.

നിര്‍ണായകമായ ഈ വാക്‌സിന്‍ വികസിപ്പിക്കുന്നതില്‍ ഇന്ത്യന്‍ ഇമ്യൂണോളജിക്കല്‍സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്നും സാര്‍സ് കോവ്-2 ദീര്‍ഘകാല പ്രതിരോധം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വൈറസിനെതിരെ ഈ വാക്‌സിന്‍ ശക്തമായ സെല്ലുലാര്‍, ആന്റിബോഡികള്‍ സൃഷ്ടിക്കുമെന്നും ഇത്തരം വാക്‌സിനുകളുടെ ഫലം തെളിഞ്ഞിട്ടുള്ളതാണെന്നും മിതമായ നിരക്കില്‍ വലിയ തോതില്‍ ഉല്‍പ്പാദിപ്പിക്കാനാകുമെന്നും ഓസ്‌ട്രേലിയയിലെ ഗ്രിഫിത്ത് സര്‍വകലാശാലയിലെ പ്രൊഫസര്‍ സുരേഷ് മഹാലിംഗം പറഞ്ഞു.

നിലവില്‍ ഇന്ത്യന്‍ ഇമ്യൂണോളജിക്കല്‍സ് ലിമിറ്റഡും ഗ്രിഫിത്ത് സര്‍വകലാശാലയും ചേര്‍ന്ന് സിക്ക വൈറസിനെതിരായ വാക്‌സിന്‍ വികസിപ്പിക്കുന്നുണ്ട്. അത് ക്ലിനിക്കല്‍ ട്രയല്‍ ഘട്ടത്തിലാണ്.

Advertisment