35 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ അമിത് ഷായുടെ ആര്‍ട്ടിക്കിള്‍ 370 ഓപ്പറേഷന്‍ സക്സസ് ! കാശ്മീര്‍ സമീപകാലത്തെ ഏറ്റവും മികച്ച ശാന്തതയില്‍ ! ഒരു വെടിയുണ്ട പോലും പാഞ്ഞില്ല ! ആകെ ഒരു മരണം മാത്രം ! നിരാശരായി പാക്കിസ്ഥാന്‍ ! ഇന്ത്യയ്ക്ക് ലൈക്കടിച്ച് ലോകരാജ്യങ്ങളും  

ജെ സി ജോസഫ്
Sunday, September 8, 2019

ഡല്‍ഹി:  കാശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചപ്പോള്‍ അതിര്‍ത്തിക്കപ്പുറത്തുള്ളവര്‍ പ്രതീക്ഷിച്ചത് അവിടെ രക്തച്ചൊരിച്ചിലും കലാപങ്ങളുടെ പരമ്പരകളുമാണ്. എന്നാല്‍ 35 ദിവസങ്ങള്‍ക്കിടെ കാശ്മീരില്‍ ഒരു വെടിയുണ്ട പോലും പാഴാക്കേണ്ടി വന്നിട്ടില്ലെന്നത് രാജ്യത്തിന്റെ വിജയമാണ്.

കാലങ്ങളായി നിലനിന്ന ഒരു നിയമം പിന്‍വലിച്ചപ്പോള്‍ അനിവാര്യമായി പാലിക്കേണ്ട കാര്‍ക്കശ്യ സ്വഭാഗം സുരക്ഷാ മുന്നൊരുക്കങ്ങളില്‍ പാലിച്ചത് കാശ്മീരിനെ ശാന്തതയിലേക്ക് നയിച്ചു. മറിച്ചുള്ള ആരോപണങ്ങള്‍ ആസ്ഥാനത്തായപ്പോള്‍ വിജയം ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്‌ ഡോവലിനും തന്നെ !

പ്രകൃതി സൗന്ദര്യത്തിന്റെ താഴ്വര കാലങ്ങളായി രാജ്യത്തിന് അശാന്തിയുടെ താഴ്വരയായിരുന്നു.  രക്തത്തില്‍ കുളിച്ച മണ്ണായി കാശ്മീര്‍ മാറി. രാജ്യം സൗമ്യമനസോടെ നല്‍കിയ പ്രത്യേക പരിഗണനയും ആനുകൂല്യങ്ങളും ചില കാശ്മീരികളെ മുന്നില്‍ നിര്‍ത്തി എതിരാളികള്‍ സമര്‍ത്ഥമായി ഉപയോഗിക്കുകയായിരുന്നു. ചങ്കൂറ്റത്തോടെ ആ നിലപാട് തിരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ തന്നെ അത് നടപ്പിലാക്കിയ രീതിയില്‍ ജനങ്ങള്‍ക്ക് വിശ്വാസമുണ്ടായിരുന്നു.

കാശ്മീര്‍ ജനതയെ ഒന്നാകെ രാജ്യത്തിന്റെ സുരക്ഷാ വലയത്തില്‍ ഒതുക്കിയതായിരുന്നു സര്‍ക്കാര്‍ ഒരുക്കിയ തന്ത്രം. തീരുമാനത്തിനെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങാന്‍ സാധ്യതയുള്ള പ്രതിപക്ഷ നേതാക്കളെയൊക്കെ വീട്ടുതടങ്കലിലാക്കി. മുന്‍ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തിയും ഒമര്‍ അബ്ദുള്ളയും ഒരു മാസത്തിന് ശേഷവും തടങ്കലില്‍ തന്നെ. അവരെ പുറത്തിറക്കാനുള്ള സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന് അജിത്‌ ഡോവല്‍ പറയുമ്പോള്‍ ആ വാക്കുകള്‍ക്ക് സ്വീകാര്യത ലഭിച്ചുകഴിഞ്ഞു.

നിരന്തര കലാപങ്ങളുടെ വേദിയായിരുന്ന കാശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച ആഗസ്റ്റ്‌ 5 നുശേഷം കൊല്ലപ്പെട്ടത് ഒരാള്‍ മാത്രമാണ്. വെടിവയ്പ്പുകള്‍ ഉണ്ടായില്ല. സംഘര്‍ഷങ്ങളും കലാപങ്ങളുമുണ്ടായില്ല. ഒരു വെടിയുണ്ടപോലും പാഴാക്കേണ്ടി വന്നിട്ടില്ല. കാശ്മീര്‍ എന്ന തീവ്രവാദ താഴ്വരയെക്കുറിച്ചാണ് സംസാരിക്കുന്നതെന്നോര്‍ക്കണം – കോടിയേരി പറഞ്ഞു.

കശ്മീരിലെ നടപടി മനുഷ്യാവകാശങ്ങള്‍ക്ക് മേലെയുള്ള കടന്നുകയറ്റമാണെന്ന് ലോകരാജ്യങ്ങളെ ബോധ്യപ്പെടുത്താനുള്ള പാക്കിസ്താന്റെ ശ്രമങ്ങളും ഇതോടെ പരാജയപ്പെടുകയാണ്. കശ്മീരിലെ ശാന്തത ലോകരാജ്യങ്ങളും അംഗീകരിച്ചുകഴിഞ്ഞു.

കശ്മീര്‍ നടപടികളോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഓരോന്നായി പിന്‍വലിച്ചുകൊണ്ടിരിക്കുകയാണ്.  കശ്മീരിലെ 199 പോലീസ് സ്റ്റേഷനുകളില്‍ 10  എണ്ണത്തില്‍ മാത്രമാണ് ഇപ്പോള്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുന്നത്. സ്ഥിതിഗതികള്‍ ശാന്തമായി വരുന്ന പ്രകാരം അതും പിന്‍വലിക്കും.

ഇന്റര്‍നെറ്റ്, ഫോണ്‍ ബന്ധങ്ങള്‍ നിയന്ത്രിച്ചത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പൊതുജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ ജനങ്ങളുടെ ജീവനും സുരക്ഷയുമായി താരതമ്യം ചെയ്യുമ്പോള്‍ ഒന്നുമാല്ലെന്നാണ് ഡോവല്‍ വ്യക്തമാക്കുന്നത്.

ഇതോടെ മോഡി സര്‍ക്കാരിന്റെ കാശ്മീര്‍ ഓപ്പറേഷന്‍ ഒന്നാംഘട്ടം വന്‍ വിജയമായി മാറി.  ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റശേഷം അമിത് ഷായുടെ ആദ്യ ദൗത്യം എന്ന നിലയില്‍ ഇത് അമിത് ഷായുടെ വിജയം കൂടിയാണ്. ദൗത്യത്തിന് നേരിട്ട് ചുക്കാന്‍ പിടിച്ച ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത്‌ ഡോവലും പ്രത്യേക പ്രശംസ അര്‍ഹിക്കുന്നു.

ജനങ്ങളുമായി സൗഹാര്‍ദ്ദപരമായി ഇടപെടാന്‍ സൈന്യത്തിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നതിനാല്‍ സൈനികവലയം മുന്‍കാലങ്ങളെ അപേക്ഷിച്ച് ജനങ്ങള്‍ക്ക് അത്ര അരോചകമായി മാറിയതുമില്ല.

 

×