അമിത് ഷാ നോട്ടമിട്ടിരിക്കുന്ന യുവ കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യയുടെ നിലപാട് മാറ്റത്തില്‍ പകച്ച് കോണ്‍ഗ്രസ് ! കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പോലും പരിഗണിക്കുന്ന ജ്യോതിരാദിത്യയെ അമിത് ഷാ ട്രാപ്പിലാക്കിയോയെന്ന ആശങ്കയില്‍ കോണ്‍ഗ്രസ് നേതൃത്വം. ഇല്ലെന്ന് തറപ്പിച്ച് പറഞ്ഞ് ജ്യോതി !

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, August 7, 2019

ഡല്‍ഹി:  എ ഐ സി സി അധ്യക്ഷ സ്ഥാനത്തേക്ക് പോലും പരിഗണിച്ചുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് നേതൃനിരയിലെ പ്രമുഖനായ യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടെ പുതിയ നിലപാടില്‍ പകച്ച് പാര്‍ട്ടി നേതൃത്വം.

ജ്യോതിരാദിത്യ സിന്ധ്യയുമായി ബി ജെ പി അധ്യക്ഷനും ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ നിരന്തര സമ്മര്‍ദ്ദത്തിലാണെന്ന അഭ്യൂഹങ്ങള്‍ക്കിടെ കാശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച നടപടിയെ പിന്തുണച്ച് മുന്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി കൂടിയായ ജ്യോതിരാദിത്യ സിന്ധ്യ രംഗത്ത് വന്നതാണ് നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നത്.

ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച വിഷയത്തില്‍ കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നിലപാടിനെതിരെയാണ് ജ്യോതിരാദിത്യ ട്വിറ്ററില്‍ തികച്ചും വ്യത്യസ്ത നിലപാട് സ്വീകരിച്ചതെന്നതാണ് ശ്രദ്ധേയം.  കാശ്മീരിലെ സര്‍ക്കാര്‍ നടപടിക്കെതിരെ കോണ്‍ഗ്രസ് രാജ്യസഭയിലും ലോക്സഭയിലും പോരാട്ടത്തിന് നേതൃത്വം കൊടുക്കുമ്പോഴാണ് ജ്യോതിരാദിത്യ സര്‍ക്കാരിനെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുന്നത്.

ഇതോടെ ജ്യോതിരാദിത്യയുടെ രാഷ്ട്രീയ നിലപാടുകള്‍ സംബന്ധിച്ച് അഭ്യൂഹം ശക്തമായി. അദ്ദേഹം ബി ജെ പിയിലേക്ക് പോകുന്നതിനു മുന്നോടിയായാണോ നിലപാടുകളിലെ ചുവടുമാറ്റം എന്ന സംശയമാണ് ഉയരുന്നത്.

ജ്യോതിരാദിത്യയെ കഴിഞ്ഞ 3 മാസമായി അമിത് ഷാ കൃത്യമായി ഫോളോ അപ്പ് ചെയ്യുന്നുണ്ടെന്നത് ഇന്ദ്രപ്രസ്ഥത്തില്‍ പരസ്യമായ രഹസ്യമാണ്.  മധ്യപ്രദേശ് മുഖ്യമന്ത്രി പദവിയോ കേന്ദ്രമന്ത്രി സഭയില്‍ ക്യാബിനറ്റ് റാങ്കോ ആണ് ജ്യോതിരാദിത്യയ്ക്കുള്ള ഓഫര്‍.

ജ്യോതിരാദിത്യയുടെ പിതൃസഹോദരി വസുന്ധരാ രാജ സിന്ധ്യ മുതിര്‍ന്ന ബി ജെ പി നേതാവും രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രിയുമാണ്‌. ഇരുവരും തമ്മില്‍ അടുത്ത സൗഹൃദവും നിലനിര്‍ത്തുന്നുണ്ട്.  ഈ സാഹചര്യത്തില്‍ ജ്യോതിരാദിത്യയും കോണ്‍ഗ്രസിനെ കൈവിടുമോ എന്ന ആശങ്ക എ ഐ സി സി നേതൃത്വത്തിനുണ്ട്.

മധ്യപ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാത്തതില്‍ ജ്യോതിരാദിത്യയ്ക്ക് ഹൈക്കമാന്റിനോട് അതൃപ്തിയുണ്ടായിരുന്നു.  അതിനുശേഷം ഇക്കഴിഞ്ഞ തവണ മധ്യപ്രദേശില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചപ്പോള്‍ ഉണ്ടായ ദയനീയ തോല്‍വിയിലും ജ്യോതിരാദിത്യ കടുത്ത അമര്‍ഷത്തിലായിരുന്നു. മുഖ്യമന്ത്രി കമല്‍നാഥാണ് തന്റെ തോല്‍വിക്ക് കാരണമെന്നാണ് ജ്യോതിരാദിത്യയുടെ സംശയം. ഇത്തരം സാഹചര്യങ്ങളില്‍ പാര്‍ട്ടിയില്‍ പൊതുവേ അതൃപ്തനായി കഴിയുന്ന നേതാവാണ്‌ ജ്യോതിരാദിത്യ.

എന്നാല്‍ തന്റെ ഭാഗത്ത് നിന്നും അത്തരമൊരു നീക്കം ഒരിക്കലും സംഭവിക്കില്ലെന്നാണ് ജ്യോതിരാദിത്യ സിന്ധ്യ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളെ അറിയിച്ചിരിക്കുന്നത്. താനൊരിക്കലും കോണ്‍ഗ്രസ് വിടില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

മാത്രമല്ല, താന്‍ ബി ജെ പിയിലേക്ക് പോകുന്നുവെന്ന നിലയില്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത് മധ്യപ്രദേശ്‌ മുഖ്യമന്ത്രി കമല്‍ നാഥിന്റെ നേതൃത്വത്തിലാണെന്നും ജ്യോതിരാദിത്യ സംശയിക്കുന്നു.

 

 

×