ഡി കെ ശിവകുമാറിനെ എൻഫോഴ്‌സ്‌മെന്റ് വീണ്ടും ചോദ്യം ചെയ്യുന്നുവെന്ന് പുറത്തുവന്ന വാർത്ത വ്യാജസൃഷ്ടി ! പ്രമുഖ മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിച്ചത് ഔദ്യോഗിക കേന്ദ്രങ്ങൾ ?

ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Friday, January 10, 2020

ബാംഗ്ലൂർ:  അടുത്തയാഴ്ച ഹാജരാകാൻ എൻഫോഴ്‌സ്‌മെന്റ് നോട്ടീസ് നൽകിയെന്നത് മുതിർന്ന കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെതിരെയുള്ള വ്യാജ പ്രചരണം. കർണ്ണാടകയിലെ പ്രമുഖ മാധ്യമങ്ങളെല്ലാം കഴിഞ്ഞ ദിവസമാണ് ഡി കെ ശിവകുമാറിന് വീണ്ടും എൻഫോഴ്‌സ്‌മെന്റ് നോട്ടീസ് എന്ന പേരിൽ വാർത്ത അഴിച്ചുവിട്ടത്.

എന്നാൽ തനിക്കങ്ങനെ ഒരു നോട്ടീസ് കിട്ടിയിട്ടില്ലെന്ന കാര്യം ശിവകുമാർ തന്നെയാണ് ഇന്നലെ മാധ്യമങ്ങളെ അറിയിച്ചത്. അങ്ങനൊരു നോട്ടീസ് കിട്ടിയാൽ ഭയപ്പെടുന്ന ആളല്ല താനെന്നും ശിവകുമാർ പറഞ്ഞു. ഇന്ന് കൊച്ചിയിൽ ഹൈബി ഈഡൻ ആരംഭിക്കുന്ന ലോങ്ങ് മാർച്ച് ഉത്‌ഘാടനം ചെയ്യാനെത്തുന്നത് ശിവകുമാറാണ്.

അതേസമയം, ശിവകുമാറിനെതിരെയുള്ള എൻഫോഴ്‌സ്‌മെന്റ് നോട്ടീസ് വാർത്ത മനഃപൂർവ്വം ആരോ പടച്ചുവിട്ടതാണെന്നാണ് റിപ്പോർട്ട്. എല്ലാ പ്രമുഖ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുംവിധം വാർത്ത പുറത്തുവിടണമെങ്കിൽ അത് ഔദ്യോഗിക സ്വഭാവമുള്ള കേന്ദ്രങ്ങൾ വഴിയായിരിക്കും വിവരങ്ങൾ പുറത്തുപോയതെന്നാണ് നിഗമനം.

അനധികൃത സ്വത്ത് സമ്പാദന കേസിൽ കഴിഞ്ഞ വർഷം അവസാനം ആഴ്ചകളോളം ശിവകുമാറിനെ ആദായനികുതി വകുപ്പ് ജയിലിൽ അടച്ചിരുന്നു. പിന്നീട് കോടതി ഇടപെടലിലാണ് ശിവകുമാർ മോചിതനായത്.

×