ബാംഗ്ലൂര്‍: വിമതരെ കയ്യൊഴിഞ്ഞ് ബി ജെ പി മന്ത്രിസഭാ പുനസംഘടനയ്ക്കൊരുങ്ങുന്നു. വിമതരില്ലാത്ത 14 അംഗ ലിസ്റ്റുമായി മുഖ്യമന്ത്രി വി എസ് യെദൂരപ്പ ഡല്‍ഹിയിലെത്തി. രാവിലെ സംസ്ഥാന ചുമതലയുള്ള മന്ത്രി ജെ പി നന്ദയുമായി കൂടിക്കാഴ്ച നടത്തിയ മുഖ്യമന്ത്രി വൈകിട്ട് പാര്‍ട്ടി ദേശീയ അധ്യക്ഷനും ആഭ്യന്തര മന്ത്രിയുമായ അമിത് ഷായുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്.
കേന്ദ്ര നേതൃത്വത്തിന്റെ അനുമതി കിട്ടിയാല്‍ പത്താം തീയതിക്ക് മുന്പായി മന്ത്രിസഭ പുനസംഘടിപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ നീക്കം. മുതിര്‍ന്ന ബി ജെ പി എംഎല്‍എമാര്‍ക്ക് പുറമേ സ്വതന്ത്രനായ കുമാരസ്വാമി മന്ത്രിസഭയില്‍ അംഗമായിരുന്ന ആര്‍ നാഗേഷ് മാത്രമാണ് പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളതെന്നാണ് സൂചന.
നേരത്തെ മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ച് രംഗത്ത് വന്നിരുന്ന ജഗദീഷ് ഷെട്ടാര്‍, ആര്‍ അശോക്, വി സോമണ്ണ, ജെ സി മധുസ്വാമി, കെ എസ് ഈശ്വരപ്പ, വി ശ്രീരാമലു, ഗോവിന്ദ കരജോള, അശ്വത് നാരായണന്‍, ദത്ത ത്രയാ പാട്ടീല്‍, ശശികല ഹോളെ, രാജീവ് ഗൗഡ, ശങ്കര്‍ പാട്ടീല്‍, നെഹ്രു ഖോലേഖ എന്നിവരാണ് പരിഗണനാ ലിസ്റ്റില്‍ കടന്നുകൂടിയിട്ടുള്ളത്.
സ്വന്തം പാളയത്തിലെ ഗ്രൂപ്പ് ബലാബലങ്ങളും തര്‍ക്കങ്ങളും പരിഹരിച്ച ശേഷമേ വിപുലമായ മന്ത്രിസഭാ വികസനത്തിന് സാധ്യതയുള്ളൂ. എന്നാല്‍ 50 ഓളം എം എല്‍ എമാരാണ് മന്ത്രിസ്ഥാനത്തിന് അവകാശവാദവുമായി രംഗത്തുള്ളത്. ഇവരെയെല്ലാം അനുനയിപ്പിക്കാന്‍ ഇപ്പോഴും ബി ജെ പി നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. പത്തോളം ബി ജെ പി എം എല്‍ എമാര്‍ കഴിഞ്ഞയാഴ്ച പ്രതിപക്ഷ നേതാവ് സിദ്ദരാമയ്യയുമായും മുന്‍ മുഖ്യമന്ത്രി കുമാരസ്വാമിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
മന്ത്രിസ്ഥാന അവകാശ വാദത്തില്‍ നിന്നും പിന്നോട്ടില്ലെന്ന കടുത്ത നിലപാടിലാണ് ഇവര്‍. ഇവരുമായി അനുനയത്തിലെത്താന്‍ കഴിയാത്തതിലാണ് പകുതിയില്‍ താഴെ മാത്രം അംഗങ്ങളെ ഉള്‍പ്പെടുത്തി മന്ത്രിസഭാ പുനസംഘടിപ്പിക്കുന്നത്.
വിമതരുടെ എണ്ണത്തിനൊപ്പം ഒഴിവുകളാണ് ഈ സംഘടന കഴിഞ്ഞാലും മന്ത്രിസഭയിലുണ്ടാകുക. അതിനാല്‍ തന്നെ ഒഴിവുകള്‍ കാണിച്ച് പരമാവധി ദിവസങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുക എന്നതാണ് യെദൂരപ്പ പയറ്റുന്ന തന്ത്രം. അതിനിടെയില്‍ വിമതരെ അനുനയിപ്പിക്കാന്‍ കഴിയുമെന്നാണ് യെദൂരപ്പയുടെ പ്രതീക്ഷ. സാധിക്കാതെ വന്നാല്‍ സംസ്ഥാനം ഇടക്കാല തെരഞ്ഞെടുപ്പിലേക്ക് പോകാനുള്ള സാധ്യത ആരും തള്ളിക്കളയുന്നില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us