കർണ്ണാടകയിൽ യെദ്യൂരപ്പ സർക്കാരിന്റെ വിധി നിർണ്ണയിക്കുന്ന 15 ഉപതെരഞ്ഞെടുപ്പുകൾക്ക് പരസ്യ പ്രചരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ ബാക്കി ! 6 സീറ്റുകളിലെ വിജയം അനിവാര്യമായിരിക്കെ 4 ഇടത്ത് മാത്രം വിജയമെന്ന് ബി ജെ പി ആഭ്യന്തര സർവേ. 8 ൽ വിജയം ഉറപ്പെന്നു൦ 2 ഇടത്ത് സാധ്യതയെന്നും കോൺഗ്രസും ! അവസാന കണക്കുകൂട്ടലുകൾ ഇങ്ങനെ …

കൈതയ്ക്കന്‍
Monday, December 2, 2019

ബാംഗ്ലൂർ: അഞ്ചിന് നടക്കുന്ന നിർണ്ണായക ഉപതെരഞ്ഞെടുപ്പിൽ നിലനിൽപ്പിനായുള്ള തീവ്ര പോരാട്ടത്തിലാണ് മുഖ്യമന്ത്രി യെദ്യൂരപ്പയും ബി ജെ പിയും എതിർപക്ഷത്ത് കോൺഗ്രസും. 15 സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ കുറഞ്ഞത് 6 സീറ്റുകൾ പിടിച്ചെടുക്കാനായില്ലെങ്കിൽ കർണ്ണാടക സർക്കാർ നിലംപതിക്കും.

അതേസമയം, ബി ജെ പിയുടെ ആഭ്യന്തര സർവേയിൽ ഭരണകക്ഷിക്ക് 4 സീറ്റുകൾ വരെയേ പറയുന്നുവുള്ളൂവെന്ന റിപ്പോർട്ടുകളും ബി ജെ പിയെ ആശങ്കപ്പെടുത്തുന്നുണ്ട്.

15 നിയോജക മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് പണക്കൊഴുപ്പിന്റെ ആഘോഷമായി മാറുന്നതിനും സാക്ഷ്യം വഹിക്കുകയാണ് കർണ്ണാടക.

കോൺഗ്രസിൽ നിന്ന് രാജിവച്ച് ബി ജെ പി പക്ഷത്തെത്തിയ വിമത എം എൽ എമാരെ സ്പീക്കർ അയോഗ്യരാക്കിയ സാഹചര്യത്തിലാണ് ഉപതെരഞ്ഞെടുപ്പ്. ഇവരിൽ 2 പേരൊഴികെയുള്ള വിമതർക്ക് തന്നെയാണ് ബി ജെ പി സീറ്റ് നൽകിയിട്ടുള്ളത്.

കോൺഗ്രസ് പ്രതീക്ഷ ആറിടത്ത്, സാധ്യതാ ലിസ്റ്റിൽ നാലും !

15 ൽ ആറു സീറ്റുകൾ ഉറപ്പിച്ച നിലയിലാണ് കോൺഗ്രസിന്റെ മുന്നേറ്റം. മുൻപ് 15 ഉം കോൺഗ്രസ് വിജയിച്ച സിറ്റിങ് സീറ്റുകളായിരുന്നതിനാൽ അതിൽ 10 എണ്ണമെങ്കിലും ഇത്തവണ തങ്ങൾക്കൊപ്പം നിൽക്കുമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. ബി ജെ പി നാലിൽ ഒതുങ്ങുമെന്നു തന്നെയാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ.

മഞ്ജുനാഥ്‌ മത്സരിക്കുന്ന ഹുൻസൂർ, പത്മാവതി സുരേഷ് മത്സരിക്കുന്ന ഹൊസ്കോട്ടെ, അദനി, ഹീരേ കരൂർ, ചിക് ബല്ലാപൂർ എന്നിവയാണ് കോൺഗ്രസ് വിജയം ഉറപ്പാണെന്ന് പറയുന്ന മണ്ഡലങ്ങൾ.

മഹാലക്ഷ്മി ലേഔട്ട് യശ്വന്ത്പൂർ മണ്ഡലങ്ങളിൽ കടുത്ത മത്സരമാണെങ്കിലും ഇത് രണ്ടും കോൺഗ്രസ് പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളുടെ പട്ടികയിലാണ്.

കോൺഗ്രസിന്റെ എസ് ശിവരാജു൦ കോൺഗ്രസ് വിമതനായി ബി ജെ പി ടിക്കറ്റിൽ മത്സരിക്കുന്ന ഗോപാലയ്യറും തമ്മിലാണ് മഹാലക്ഷ്മി ലേ ഔട്ടിൽ മത്സരം, കോൺഗ്രസിലെ എം നാഗരാജു൦ വിമതനും ബി ജെ പി സ്ഥാനാർഥിയുമായ എസ് ടി സോമശേഖറും തമ്മിലാണ് യശ്വന്ത് പൂരിലെ പോരാട്ടം. ഇവിടെ ജെ ഡി എസ് സ്ഥാനാർഥിയും കനത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്.

എന്നാൽ യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷൻ റിസ്വാൻ അർഷാദും ബി ജെ പി സ്ഥാനാർഥി ശരവണനും ഏറ്റുമുട്ടുന്ന ശിവാജി നഗർ, കോൺഗ്രസിലെ എം നാരായണസ്വാമി, വിമതനും ബി ജെ പി സ്ഥാനാർഥിയുമായ ബസവരാജ്‌ എന്നിവർ ഏറ്റുമുട്ടുന്ന കോൺഗ്രസ് വിജയം ഉറപ്പിച്ച മണ്ഡലങ്ങളുടെ പട്ടികയിലാണുള്ളത്.

ജെ ഡി എസിനും രണ്ടു സീറ്റുകളിൽ വിജയപ്രതീക്ഷയുണ്ട്. കെ ആർ പേട്ട്, യശ്വന്ത് പൂർ എന്നിവയാണ് ജെ ഡി എസ് പ്രതീക്ഷിക്കുന്നത്.

അതേസമയം, ആറിടത്ത് എങ്കിലും വിജയം ഉറപ്പിക്കാനായില്ലെങ്കിൽ യെദ്യൂരപ്പ സർക്കാർ താഴെവീഴും. തുടക്കത്തിൽ പത്ത് സീറ്റുകളിൽ വിജയം ഉറപ്പെന്നായിരുന്നു ബി ജെ പിയുടെ ആത്മവിശ്വാസമെങ്കിലും ഇപ്പോഴത് 6 കടക്കുമെന്ന് നിലയിലേക്ക് ഒതുങ്ങിയിട്ടുണ്ട്.

ഏത് വിധേനയും വിജയം ഉറപ്പിച്ച് നാണക്കേട് ഒഴിവാക്കണമെന്ന കർശന നിർദ്ദേശമാണ് കേന്ദ്ര നേതൃത്വം യെദ്യൂരപ്പയ്ക്ക് നൽകിയിരിക്കുന്നത്.

എ ഐ സി സി സംഘടനാ ചുമതലയും സംസ്ഥാന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ നേരിട്ടാണ് പ്രചാരണ പരിപാടികൾക്ക് ചുക്കാൻ പിടിക്കുന്നത്. എ ഐ സി സി നിരീക്ഷകനായി കെ പി സി സി സെക്രട്ടറി സജീവ് ജോസഫും ഇലക്ഷൻ കോ – ഓർഡിനേറ്ററായി ഡി കെ ബ്രിജേഷും ചുമതല വഹിക്കുന്നുണ്ട്.

ഇന്നലെ എ ഐ സി സി നിരീക്ഷകരുടെയും മുതിർന്ന നേതാക്കളുടെയും യോഗം നോർത്ത് കർണ്ണാടകയിൽ വിളിച്ചുകൂട്ടിയ കെ സി വേണുഗോപാൽ ഇലക്ഷൻ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തി. ഇന്ന് ബാംഗ്ലൂരിലും വേണുഗോപാൽ യോഗം വിളിച്ചിട്ടുണ്ട്.

മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും മുതിർന്ന നേതാവ് ഡി കെ ശിവകുമാറും പി സി സി അധ്യക്ഷൻ ദിനേശ് ഗുണ്ടറാവുവും ഒറ്റക്കെട്ടായി നിന്നാണ് പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നതെന്നത് കോൺഗ്രസിനും ആത്മവിശ്വാസം പകരുന്നുണ്ട്.

മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കാൻ കഴിഞ്ഞതും ഡി കെ ശിവകുമാറിന്റെ ജയിൽ വാസവും കോൺഗ്രസിന് അനുകൂല ഘടകങ്ങളാണ്.

×