പ്രതിപക്ഷ നേതാവാക്കി സിദ്ദരാമയ്യയെ കൊണ്ടുവന്നത് കോണ്‍ഗ്രസിന്റെ തന്ത്രം ! ഉപതെരഞ്ഞെടുപ്പ് കനിഞ്ഞാല്‍ സിദ്ദരാമയ്യ മുഖ്യമന്ത്രി ! ജയിലില്‍ നിന്നിറങ്ങിയാല്‍ ഡി കെ ശിവകുമാര്‍ കെപിസിസി അധ്യക്ഷനും ! സമുദായ ഓപ്പറേഷനിലൂടെ കര്‍ണ്ണാടക പിടിക്കാന്‍ തന്ത്രങ്ങളൊരുക്കി കോണ്‍ഗ്രസ് !

കൈതയ്ക്കന്‍
Thursday, October 10, 2019

ബാംഗ്ലൂര്‍:  ഗ്രൂപ്പ് തിരിഞ്ഞുള്ള തര്‍ക്കങ്ങള്‍ക്ക് അവധി നല്‍കി മുതിര്‍ന്ന നേതാക്കളെ മുന്നില്‍ നിര്‍ത്തി കര്‍ണ്ണാടക തിരിച്ചു പിടിക്കാനൊരുങ്ങി കോണ്‍ഗ്രസ് കരുനീക്കം.  സംസ്ഥാനത്തെ ഏറ്റവും ജനപ്രിയനായ നേതാവ് സിദ്ദരാമയ്യയെ തന്നെ പ്രതിപക്ഷ നേതാവാക്കിയ കോണ്‍ഗ്രസ് അടുത്ത് നടക്കുന്ന 17 ഉപതെരഞ്ഞെടുപ്പുകളോടെ കര്‍ണ്ണാടക തിരിച്ചു പിടിക്കാനുള്ള തന്ത്രങ്ങളാണ് മെനയുന്നത്.

ഉപതെരഞ്ഞെടുപ്പുകളില്‍ ബഹുഭൂരിപക്ഷം സീറ്റുകള്‍ നേടിയെടുക്കാനായാല്‍ യെദൂരപ്പ സര്‍ക്കാര്‍ താഴെവീഴും. അങ്ങനെ വന്നാല്‍ പകരം സിദ്ദരാമയ്യ സര്‍ക്കാര്‍ അധികാരമേല്‍ക്കാനാണ് തന്ത്രങ്ങളൊരുങ്ങുന്നത്.  ജനതാദള്‍ എസിനെ മുന്നില്‍ നിര്‍ത്തിയുള്ള നീക്കം പാളിയതോടെ വീണ്ടും കുമാരസ്വാമിക്കും ദളിനും അവസരം ലഭിക്കില്ല. പകരം സിദ്ദരാമയ്യ മുഖ്യമന്ത്രിയാകും. അതിന് മുന്നോടിയായാണ്‌ സിദ്ദരാമയ്യയെ പ്രതിപക്ഷ നേതാവായി അവരോധിച്ചത്.

സിദ്ദരാമയ്യയുടെ തിരിച്ചുവരവിന് പിന്നാലെ ജയില്‍ മോചിതനാകുന്ന ഡി കെ ശിവകുമാറിനെ കെ പി സി സി അധ്യക്ഷ സ്ഥാനത്തേക്കും കോണ്‍ഗ്രസ് പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.  ശിവകുമാറിന്റെ അറസ്റ്റോടെ സംസ്ഥാനത്ത് അദ്ദേഹത്തിന്റെ ജനപിന്തുണ ഇരട്ടിയായിട്ടുണ്ട്. മാത്രമല്ല, ഒരു കാലത്ത് യെദൂരപ്പയെ സഹായിച്ചിരുന്ന ഒഖലിഗ സമുദായം ഇപ്പോള്‍ ഏതാണ്ട് പൂര്‍ണ്ണമായും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന സാഹചര്യമാണുള്ളത്.

ശിവകുമാറിന്റെ അറസ്റ്റില്‍ സമുദായത്തിന് കടുത്ത പ്രതിഷേധം ഉണ്ടെന്നതിന്റെ മുന്നറിയിപ്പ് കൂടിയായിരുന്നു സമുദായാചാര്യനായ ചുന്‍ചുന്‍ഗിരി സ്വാമിജി ഡി കെ ശിവകുമാറിന്റെ വസതിയില്‍ നടത്തിയ സന്ദര്‍ശനം. ശിവകുമാര്‍ ജയിലില്‍ കഴിയുമ്പോഴായിരുന്നു സന്ദര്‍ശനം.

സമുദായവും സമ്പത്തും രാഷ്ട്രീയം നിയന്ത്രിക്കുന്ന സംസ്ഥാനമാണ് കര്‍ണ്ണാടക. അത് സമര്‍ഥമായി ഉപയോഗപ്പെടുത്താനുള്ള നീക്കമാണ് സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ നേതൃത്വത്തില്‍ കര്‍ണ്ണാടകയില്‍ ഒരുങ്ങുന്നത്.

കര്‍ണ്ണാടകയില്‍ 14% വരുന്ന ഒഖലിഗ സമുദായത്തിന്റെ പിന്തുണക്കൊപ്പം 16% വരുന്ന ലിംഗായത്ത് സമുദായത്തിലും കോണ്‍ഗ്രസിന് നിര്‍ണ്ണായക സ്വാധീനമുണ്ട്. നിയമനിര്‍മ്മാണ കൌണ്‍സിലിലെ പ്രതിപക്ഷ നേതാവായ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് എസ് ആര്‍ പാട്ടീലിന് ലിംഗായത്ത് സമുദായത്തിലും നിര്‍ണ്ണായക സ്വാധീനമാണുള്ളത്.

സിദ്ദരാമയ്യയുടെ കുറുവ സമുദായം 5 % മാത്രമാണെങ്കിലും സംസ്ഥാനത്തെ ഏറ്റവും ജനപ്രിയ നേതാവെന്ന നിലയില്‍ അദ്ദേഹത്തിന്‍റെ പിന്തുണ എല്ലാത്തിനും മുകളില്‍ തന്നെയാണ്.  അതിനാലാണ് ജി പരമേശ്വരയ്യയുടെയും എച്ച് കെ പാട്ടീലിന്റെയും എതിര്‍പ്പ് മറികടന്ന് സിദ്ദരാമയ്യയെ പ്രതിപക്ഷ നേതാവാക്കിയത്. നിലവിലെ സാഹചര്യത്തില്‍ കലുഷിതമായ കര്‍ണ്ണാടക രാഷ്ട്രീയത്തില്‍ പ്രതിപക്ഷ ചേരിയെ നയിക്കാന്‍ ഏറ്റവും അനുയോജ്യന്‍ സിദ്ദരാമയ്യയാണെന്ന വിലയിരുത്തല്‍ ശക്തമാണ്.

അതിനൊപ്പം പാര്‍ട്ടിയുടെ നിയന്ത്രണം ശക്തനായ ഡി കെ ശിവകുമാര്‍ കൂടി ഏറ്റെടുത്താല്‍ കര്‍ണ്ണാടക സുരക്ഷിതമായിരിക്കുമെന്ന വിശ്വാസമാണ് കോണ്‍ഗ്രസിന്‍റെത്.

ഉപതെരഞ്ഞെടുപ്പിലൂടെ ഭരണമാറ്റത്തില്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത് ഇടക്കാല തെരഞ്ഞെടുപ്പ് തന്നെയാണ്.  നിലവിലെ സാഹചര്യത്തില്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടന്നാല്‍ തിരികെയെത്താനാകുമെന്ന പ്രതീക്ഷ കോണ്‍ഗ്രസിനുണ്ട്. ഗ്രൂപ്പ് യുദ്ധം ഒഴിവാക്കി നേതാക്കള്‍ ഒന്നിച്ചു നിന്നാല്‍ ഇപ്പോഴും കര്‍ണ്ണാടകയിലെ ഏറ്റവും ശക്തമായ നേതൃനിര കോണ്‍ഗ്രസിനാണ്.

സിദ്ദരാമയ്യ, ഡി കെ ശിവകുമാര്‍, എസ് ആര്‍ പാട്ടീല്‍, എച്ച് കെ പാട്ടീല്‍, ജി പരമേശ്വര, ദിനേശ് ഗുണ്ടറാവു തുടങ്ങിയ വമ്പന്മാരാണ് കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസിനെ നയിക്കുന്നത്.

×