കര്‍ണ്ണാടകയില്‍ ബി ജെ പി വെട്ടിലാകുന്നു. മുംബൈയിലുള്ള വിമത എംഎല്‍എമാര്‍ ബന്ദികള്‍. വിമതര്‍ പുറത്തിറങ്ങിയാല്‍ സര്‍ക്കാരിന്റെ പ്രതിസന്ധി തീര്‍ന്നേക്കും. എംഎല്‍എമാര്‍ മെരുങ്ങിയത് അയോഗ്യതാ ഭീഷണിയില്‍. നാടകം പൊളിഞ്ഞ ജാള്യതയില്‍ ബിജെപിയും 

കൈതയ്ക്കന്‍
Wednesday, July 10, 2019

ബാംഗ്ലൂര്‍:  കര്‍ണ്ണാടകയില്‍ ബി ജെ പിയുടെ ഓപ്പറേഷന്‍ കമല വീണ്ടും പ്രതിസന്ധിയില്‍.  കോണ്‍ഗ്രസ് അയോഗ്യതാ ഭീഷണി ഉയര്‍ത്തിയതോടെ വിമത എം എല്‍ എമാരില്‍ ഭൂരിപക്ഷവും തിരിച്ചുവരാന്‍ ഒരുക്കമാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ബി ജെ പിക്കാരുടെ തടവിലായ എം എല്‍ എമാര്‍ക്ക് സ്വന്തം പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകരുമായും നേതാക്കളുമായും ആശയവിനിമയത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

മുതിര്‍ന്ന നേതാവ് രാമലിംഗ റെഡ്ഡി ഉള്‍പ്പെടെയുള്ള വിമതരാണ് മടങ്ങി വരവിന് ഒരുങ്ങുന്നത്.  രണ്ടു ജെഡിഎസ് എംഎല്‍എമാര്‍ ഇതിനോടകം മടങ്ങിയെത്തി. മുംബൈയില്‍ തടവിലുള്ള 10 കോണ്‍ഗ്രസ് എം എല്‍ എമാരില്‍ ഭൂരിപക്ഷം പേരും മടങ്ങിവരാന്‍ താല്പര്യപ്പെടുന്നുവെന്നാണ് വിവരം. അതനുസരിച്ചാണ് അവരുമായി സംസാരിക്കാന്‍ മന്ത്രി ഡി കെ ശിവകുമാര്‍, മന്ത്രി ജി ടി ദേവഗൌഡ, ശിവലിംഗ ഗൌഡ എന്നിവര്‍ മുംബൈയിലെ ഹോട്ടലിലെത്തിയത്.

എന്നാല്‍ വിമത എം എല്‍ എമാരുമായി സംസാരിക്കാനോ ഇവരെ ഹോട്ടലിനുള്ളിലേക്ക് കടത്തിവിടാന്‍ പോലുമോ ബി ജെ പി നേതാക്കളും പോലീസും തയാറാകുന്നില്ല.

എന്നാല്‍ വിമത എം എല്‍ എമാരുടെ നീക്കങ്ങള്‍ തങ്ങളുടെ താല്പര്യപ്രകാരമല്ലെന്ന് ഇതുവരെ പറഞ്ഞിരുന്ന ബി ജെ പിയെ ഇന്നത്തെ മുംബൈ സംഭവങ്ങള്‍ വെട്ടിലാക്കിയിരിക്കുകയാണ്. കര്‍ണ്ണാടകയിലെ മന്ത്രിമാരെ ഹോട്ടലിനുള്ളിലുള്ള വിമത എം എല്‍ എമാരുമായി കാണാനോ സംസാരിക്കാനോ പോലും അനുവദിക്കാതിരിക്കുമ്പോഴും ബി ജെ പിയുടെ മുന്‍ ആഭ്യന്തര മന്ത്രിയും മുന്‍ സ്പീക്കറും ഹോട്ടലിനുള്ളില്‍ കടന്ന് എം എല്‍ എമാരുമായി സംസാരിക്കുന്നുണ്ട്.

ആര്‍ അശോക്‌, കെ ജി ബോപ്പയ്യ എന്നീ മുതിര്‍ന്ന ബി ജെ പി നേതാക്കളാണ് കോണ്‍ഗ്രസ് നേതാക്കളെ പുറത്ത് തടഞ്ഞുനിര്‍ത്തിയിരിക്കുമ്പോഴും ഹോട്ടലിനുള്ളില്‍ പ്രവേശിച്ച് എം എല്‍ എമാരെ കണ്ടത്. ഇതോടെ ബി ജെ പി നാടകം പൊളിയുകയാണ്.

നിലവിലെ സാഹചര്യത്തില്‍ എം എല്‍ എമാര്‍ പുറത്തിറങ്ങിയാല്‍ സര്‍ക്കാരിന്റെ പ്രതിസന്ധി അവസാനിക്കുമെന്നതാണ് അവസ്ഥ. അയോഗ്യരാക്കപ്പെട്ടാല്‍ തങ്ങളുടെ രാഷ്ട്രീയ ഭാവി തന്നെ തകരുമെന്ന ഭീതിയിലാണ് വിമതര്‍. അയോഗ്യരാക്കപ്പെട്ടവര്‍ക്ക് 6 വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോലും കഴിയില്ല. ഈ സാഹചര്യം വിമത എം എല്‍ എമാരെ ഭയപ്പെടുത്തുന്നുണ്ട്.

ഉടന്‍ മന്ത്രിമാരാകാന്‍ പുറപ്പെട്ടിറങ്ങിയവര്‍ക്ക് 6 വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോലും കഴിയില്ലെന്നത് രാഷ്ട്രീയമായി വലിയ തിരിച്ചടിയാകും.

കര്‍ണ്ണാടകയിലേ രാഷ്ട്രീയ കരുനീക്കങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നു ചുക്കാന്‍ പിടിക്കുന്നതും തന്ത്രങ്ങള്‍ ഒരുക്കുന്നതും സംഘടനാ ചുലതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ നേതൃത്വത്തിലാണ്. പകല്‍ മുഴുവനും രാത്രി പുലര്‍ച്ചെ വരെയും നീളുന്ന മാരത്തന്‍ ചര്‍ച്ചകളാണ് വേണുഗോപാലിന്റെ നേതൃത്വത്തില്‍ നടക്കുന്നത്.

ഡല്‍ഹിയില്‍ നിന്നും ഗുലാം നബി ആസാദിനെ ഉള്‍പ്പെടെ വിളിച്ചുവരുത്തിയതും വേണുഗോപാലിന്റെ നിര്‍ദ്ദേശപ്രകാരമാണ്. കര്‍ണ്ണാടകയിലെ നേതാക്കളെ ഭിന്നിപ്പില്ലാതെ ഒപ്പംനിര്‍ത്തി ഹൈക്കമാന്റ് പ്രതിനിധികളുടെ നേതൃത്വത്തില്‍ ഏത് വിധേനയും ഓപ്പറേഷന്‍ കമല പൊളിച്ചടുക്കുകയാണ് വേണുഗോപാലിന്റെ ലക്‌ഷ്യം.

×