കര്‍ണ്ണാടകയില്‍ യെദൂരപ്പ ഒരുങ്ങിയിറങ്ങുംമുമ്പേ പത്തോളം ബിജെപി എംഎല്‍എമാരെ പാട്ടിലാക്കി കോണ്‍ഗ്രസിന്റെ തിരിച്ചടി. ഓപ്പറേഷന്‍ കമല മുളയിലെ നുള്ളി വേണുഗോപാലും സിദ്ദരാമയ്യയും

കൈതയ്ക്കന്‍
Tuesday, May 14, 2019

ബാംഗ്ലൂര്‍:  കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് – ജെ ഡി എസ് സഖ്യ സര്‍ക്കാരിനെതിരെ ഏതാനും മാസങ്ങളായി ബി ജെ പി പയറ്റുന്ന തന്ത്രങ്ങള്‍ തിരികെ പയറ്റി കോണ്‍ഗ്രസ് രംഗത്ത്.  ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസിന്റെ എം എല്‍ എമാരെ അടര്‍ത്തിയെടുത്ത് സര്‍ക്കാരിനെ താഴെയിറക്കാനുള്ള ബി ജെ പി നീക്കത്തിന് കനത്ത തിരിച്ചടി നല്‍കി 20 ഓളം ബിജെപി എം എല്‍ എമാരെ ഒപ്പം കൂട്ടാനുള്ള തന്ത്രങ്ങളിലാണ് കോണ്‍ഗ്രസ്.

തിരിച്ചടിച്ചില്ലെങ്കില്‍ ബി ജെ പി തങ്ങളുടെ സര്‍ക്കാരിനെ മറിച്ചിടുമെന്ന ബോധ്യത്തിലാണ് ബി ജെ പിക്കെതിരെ തിരിച്ചടിക്കാനുള്ള കോണ്‍ഗ്രസ് നീക്കം. സര്‍ക്കാര്‍ താഴെയിറക്കാനുള്ള തുടര്‍ച്ചയായ ബി ജെ പിയുടെ കുതിരക്കച്ചവട തന്ത്രങ്ങള്‍ക്കെതിരെ അതേ തന്ത്രമാണ് ഇപ്പോള്‍ കോണ്‍ഗ്രസും തിരിച്ചു പ്രയോഗിക്കുന്നത്.

നിലവില്‍ അസംതൃപ്തരായ 10 ബിജെപി എം എല്‍ എമാര്‍ രാജിവച്ച് കോണ്‍ഗ്രസിനൊപ്പം ചേരാനാണ് ആലോചിക്കുന്നത്. 20 എം എല്‍ എമാരെ ഒപ്പം നിര്‍ത്താനുള്ള തന്ത്രമാണ് മുന്‍ മുഖ്യമന്ത്രി സിദ്ദരാമയ്യയുടെ നേതൃത്വത്തില്‍ നടന്നുവരുന്നതത്രേ.

കഴിഞ്ഞ തവണ രമേശ്‌ ജാര്‍ഖഹോളി ഉള്‍പ്പെടെയുള്ള വിമത കോണ്‍ഗ്രസ് എം എല്‍ എമാരെ കുതിരക്കച്ചവടത്തിലൂടെ സ്വന്തം പാളയത്തിലെത്തിക്കാന്‍ ബി ജെ പി ശ്രമിച്ചപ്പോള്‍ പത്തോളം ബിജെപി എം എല്‍ എമാരെ ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസും കരുനീക്കങ്ങള്‍ നടത്തിയിരുന്നു. അതിനാല്‍ തന്നെ അന്ന് ബി ജെ പി നടത്തിയ അട്ടിമറി നീക്കങ്ങളെ നിസാരമായിട്ടായിരുന്നു കോണ്‍ഗ്രസ് നേരിട്ടതും.

ദിവസങ്ങളോളം മുംബൈയിലും ഗുജറാത്തിലുമായി സ്വന്തം എം എല്‍ എമാരെയും കോണ്‍ഗ്രസിന്റെ ചില എം എല്‍ എമാരെയും ഒളിവില്‍ താമസിപ്പിച്ച ബി ജെ പി ഒടുവില്‍ നാണംകെട്ട് പിന്‍വാങ്ങുകയായിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം മുന്‍ മുഖ്യമന്ത്രിയും ബി ജെ പിയുടെ മുതിര്‍ന്ന നേതാവുമായ ബി എസ് യെദൂരപ്പയുടെ നേതൃത്വത്തില്‍ അടുത്ത വട്ടം ‘ഓപ്പറേഷന്‍ കമല’യ്ക്കൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ബിജെപി എം എല്‍ എമാരെ മുന്‍കൂട്ടി പാട്ടിലാക്കിക്കൊണ്ടുള്ള കോണ്‍ഗ്രസിന്റെ തിരിച്ചടി.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ തിരിച്ചെത്താനായില്ലെങ്കില്‍ അതും ബി ജെ പിയുടെ അട്ടിമറി നീക്കങ്ങളുടെ ബലം ക്ഷയിപ്പിക്കും.

×