ഒഖലിഗ ശക്തികേന്ദ്രങ്ങളില്‍ ജെഡിഎസിന് സീറ്റ് അനുവദിച്ചതിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം ! കര്‍ണ്ണാടകയില്‍ കോണ്‍ – ജെഡിഎസ് സഖ്യം 20 – 22 സീറ്റുകള്‍ നേടുമെന്ന്‍ വിലയിരുത്തല്‍ !

കൈതയ്ക്കന്‍
Saturday, March 16, 2019

ബാംഗ്ലൂര്‍:  സ്ഥാനാര്‍ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തില്‍ നില്‍ക്കവേ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളായ മണ്ഡലങ്ങള്‍ ജെ ഡി എസിന് വിട്ടുനല്‍കിയതിനെതിരെ പി സി സിയില്‍ അമര്‍ഷം പുകയുന്നു. 28 ല്‍ 8 സീറ്റുകളില്‍ ജെ ഡി എസിന്റെ അവകാശവാദങ്ങള്‍ ഒതുക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞെങ്കിലും കര്‍ണ്ണാടകയില്‍ നിര്‍ണ്ണായക സ്വാധീനമുള്ള ഒഖലിഗ സമുദായത്തിന്റെ ശക്തികേന്ദ്രങ്ങളാണ് ഈ മണ്ഡലങ്ങള്‍ എന്നതാണ് നേതാക്കളെ അസ്വസ്ഥരാക്കുന്നത്.

ഒഖലിഗ സമുദായം എവിടെ നില്‍ക്കുന്നുവോ അവര്‍ അധികാരത്തിലെത്തുന്നതാണ് കര്‍ണ്ണാടകയിലെ പതിവ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ഒഖലിഗ സമുദായം കോണ്‍ഗ്രസിനെ തലോടിയപ്പോള്‍ ജെ ഡി എസിന്റെ നാലിലൊന്ന് സീറ്റുകള്‍ നഷ്ടമായി. ജെ ഡി എസിനെ 38 ലേക്ക് ഒതുക്കിയത് ഒഖലിഗ സമുദായമാണെന്നാണ് വിലയിരുത്തല്‍.

ഭരണത്തിലിരുന്നശേഷവും കോണ്‍ഗ്രസ് ഏറ്റവും അധികം സീറ്റുകള്‍ നേടിയ അവസരമായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പ്.  താഴേത്തട്ട് മുതല്‍ പാര്‍ട്ടി ഉടച്ചുവാര്‍ക്കാന്‍ കെ സി വേണുഗോപാലിന്റെയും പി സി വിഷ്ണുനാഥിന്റെയും നേതൃത്വത്തില്‍ നടത്തിയ ശ്രമങ്ങളാണ് കര്‍ണ്ണാടകയില്‍ ഫലം കണ്ടത്.

മുന്‍പ്രധാനമന്ത്രി ദേവഗൌഡയും മകനും മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമിയും ഒഖലിഗ സമുദായമാണ്.  ഡി കെ ശിവകുമാര്‍ ആണ് കോണ്‍ഗ്രസില്‍ ഒഖലിഗ സമുദായത്തില്‍ നിന്നുള്ള പ്രമുഖന്‍.

കേന്ദ്രത്തില്‍ ബി ജെ പി അധികാരത്തിലെത്തുന്ന സാഹചര്യമുണ്ടായാല്‍ ജെ ഡി എസ് ഒപ്പം നില്‍ക്കുമോ എന്നതാണ് ഒഖലിഗ മേഖല ഇവര്‍ക്കായി അനുവദിച്ചതില്‍ കോണ്‍ഗ്രസിനുള്ളിലെ യഥാര്‍ത്ഥ തര്‍ക്കം. അങ്ങനെ വന്നാല്‍ പാര്‍ട്ടിയുടെ ഒരു ശക്തി മേഖലയാണ് നഷ്ടമാകുന്നത്.

എന്തായാലും കോണ്‍ – ജെ ഡി എസ് കൂട്ടുകെട്ട് 20 – 22 സീറ്റുകള്‍ വരെ നേടുമെന്നാണ് അവരുടെ പ്രതീക്ഷ.

×