Advertisment

കര്‍ണ്ണാടകയില്‍ വര്‍ഗീയത മുതലെടുക്കാന്‍ നളിന്‍കുമാര്‍ ഘട്ടിലിനെ രംഗത്തിറക്കിയ ബിജെപിയെ വെട്ടാന്‍ ഡി കെ ശിവകുമാറിനെ പിസിസി അധ്യക്ഷനാക്കാനൊരുങ്ങി കോണ്‍ഗ്രസ് !

author-image
കൈതയ്ക്കന്‍
Updated On
New Update

ബാംഗ്ലൂര്‍:   കര്‍ണ്ണാടക പിടിയ്ക്കാന്‍ കടുത്ത വര്‍ഗ്ഗീയ നിലപാടുകള്‍ കൊണ്ട് ശ്രദ്ധേയനായ നളിന്‍കുമാര്‍ ഘട്ടീലിനെ സംസ്ഥാന അധ്യക്ഷനാക്കിയ ബി ജെ പിയുടെ നീക്കത്തിനെതിരെ ജനകീയ നേതാവ് ഡി കെ ശിവകുമാറിനെ കെ പി സി സി അധ്യക്ഷനാക്കി തിരിച്ചടിക്കൊരുങ്ങി കോണ്‍ഗ്രസ്.  ആര്‍ എസ് എസ് പ്രചാരകനായിരുന്ന നളിന്‍ കുമാര്‍ നിരഞ്ജന്‍ ഷെട്ടി ഘട്ടീല്‍ എന്ന നളിന്‍ കുമാര്‍ ഘട്ടീലിന് ബി ജെ പിയുടെ സംസ്ഥാന നേതൃത്വം ഏല്‍പ്പിച്ചുകൊടുത്തത് വര്‍ഗീയ മുതലെടുപ്പിനാണെന്ന സംശയം കോണ്‍ഗ്രസിനുണ്ട്.

Advertisment

publive-image

വര്‍ഗീയ വിഷം തുപ്പുന്ന പ്രസംഗങ്ങള്‍കൊണ്ട് ശ്രദ്ധേയനാണ് നളിന്‍കുമാര്‍.  സംസ്ഥാനത്ത് ഒറ്റയ്ക്ക് ബി ജെ പി ഭരണം നിലനിര്‍ത്തുന്നതിന് നളിന്‍ കുമാറിന്റെ നേതൃത്വം ഗുണം ചെയ്യുമെന്നാണ് ബി ജെ പി കരുതുന്നത്.  സംസ്ഥാനത്ത് രാജിവച്ചവരും അയോഗ്യരാക്കപ്പെട്ടവരുമായ എം എല്‍ എമാരുടെ മണ്ഡലങ്ങളില്‍ ഉള്‍പ്പെടെ 17 ഓളം മണ്ഡലങ്ങളില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ നിലനില്‍പ്പിനു തന്നെ നിര്‍ണ്ണായകമാണ്.

ഈ സാഹചര്യത്തില്‍ നളിന്‍കുമാര്‍ എന്ന അപകടകാരിയായ ബി ജെ പി സംസ്ഥാന പ്രസിഡന്റിനെതിരെ ഡി കെ ശിവകുമാറിനെപ്പോലുള്ള കരുത്തരെ തന്നെ രംഗത്തിറക്കണമെന്ന ആവശ്യമാണ്‌ പ്രവര്‍ത്തകരില്‍ നിന്നും ഉയരുന്നത്.  ഒപ്പം അസഹനീയമായ ഗ്രൂപ്പ് രാഷ്ട്രീയം മാറ്റി നിര്‍ത്തി നേതാക്കള്‍ ഒന്നിച്ചു നിന്ന് ബി ജെ പിയെ എതിര്‍ക്കണമെന്ന അഭിപ്രായവും താഴേത്തട്ടില്‍ ശക്തമാണ്.

സിദ്ദരാമയ്യ, ശിവകുമാര്‍, പരമേശ്വരയ്യ, ദിനേശ് ഗുണ്ടറാവു ഗ്രൂപ്പുകളാണ് കര്‍ണ്ണാടക പി സി സിയിലെ പ്രമുഖ ഗ്രൂപ്പുകള്‍.  എന്നാല്‍ എല്ലാ മാനദണ്ഡങ്ങളും ഒത്തിണങ്ങിയ ശിവകുമാര്‍ പി സി സി അധ്യക്ഷനായി വരുന്നതില്‍ ഇവരാര്‍ക്കും നിലവില്‍ അഭിപ്രായ വ്യത്യാസമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

Advertisment