ഡി കെ ശിവകുമാറിനെ കർണ്ണാടക പി സി സി അധ്യക്ഷനാക്കാനുള്ള കോൺഗ്രസ് നീക്കത്തിനെതിരെ ബിജെപിയുടെ അറസ്റ്റ് ഭീഷണി ? ശിവകുമാറിന് 13 ന് ഹാജരാകാൻ ഇ ഡിയുടെ നോട്ടീസ് ! ബിജെപിയുടെ വെട്ടിൽ വീഴാതെ ഉടൻ പ്രസിഡന്റിനെ പ്രഖ്യാപിക്കണമെന്ന് പ്രവർത്തകർ !

ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Wednesday, January 8, 2020

ബാംഗ്ലൂർ:  ജനപ്രിയ നേതാവ് ഡി കെ ശിവകുമാറിനെ കെ പി സി സി അധ്യക്ഷനാക്കി കർണ്ണാടകയിൽ കോൺഗ്രസിന്റെ ശക്തമായ തിരിച്ചുവരവിന് നടപടി ആരംഭിച്ച ഹൈക്കമാന്റിനെ വെട്ടിലാക്കി ബി ജെ പിയുടെ പുതിയ നീക്കം.

ഡി കെ ശിവകുമാറിന് അനധികൃത സ്വത്ത് സമ്പാദന കേസിൽ ഹാജരാകാൻ ഇ ഡി വഴി നോട്ടീസ് നൽകിയാണ് കേന്ദ്ര സർക്കാരിന്റെ മറനീക്കം. അടുത്ത 13 ന് ഹാജരാകാനാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശിവകുമാറിന് നോട്ടീസ് നൽകിയിരിക്കുന്നത്.

ഇതോടെ ശിവകുമാറിനെ പുതിയ പി സി സി അധ്യക്ഷനാക്കിക്കൊണ്ടുള്ള പ്രഖ്യാപനം ഹൈക്കമാന്റ് മരവിപ്പിച്ചതായാണ് റിപ്പോർട്ട്.

എന്നാൽ ശിവകുമാറിന്റെ അധ്യക്ഷ പദവി മരവിപ്പിച്ചതിൽ പാർട്ടിക്കുള്ളിൽ ശക്തമായ വിമർശനമാണ് ഉയരുന്നത്. രാഷ്ട്രീയ ശത്രുക്കൾ ഒരുക്കുന്ന ചതിക്കുഴികളിൽ കോൺഗ്രസും പെട്ടുപോകുന്നു എന്നാണു പാർട്ടിക്കുള്ളിലെ വിമർശനം.

സംസ്ഥാനത്തെ ഏറ്റവും ജനപ്രിയനായ രാഷ്ട്രീയകാരനായ ഡി കെ ശിവകുമാർ പി സി സി അധ്യക്ഷനാകുന്നത് തടയാനാണ് പുതിയ കേസ് രജിസ്റ്റർ ചെയ്ത് എൻഫോഴ്സ്മെന്റിനെ ഉപയോഗിച്ച് ശിവകുമാറിന് വീണ്ടും നോട്ടീസ് നൽകിയതെന്നാണ് അണികളുടെ വിമർശനം.

അതിനനുസരിച്ച് ശിവകുമാറിന്റെ നിയമനം വൈകിപ്പിക്കുന്ന നേതൃത്വം ബി ജെ പിയുടെ കെണിയിൽ പെട്ടുപോവുകയാണെന്നാണ് വിമർശനം ഉയർന്നിരിക്കുന്നത്.

അതേസമയം, ശിവകുമാർ പി സി സി അധ്യക്ഷനാകുന്നത് തടയാനുള്ള നീക്കങ്ങളുമായി സിദ്ധരാമയ്യ വിഭാഗവും ശക്തമായി രംഗത്തുണ്ട്. സിദ്ധരാമയ്യ പക്ഷത്തെ പ്രഗത്ഭനായ മുൻമന്ത്രി എം ബി പട്ടേലിനെ പി സി സി അധ്യക്ഷനാക്കാനാണ് അദ്ദേഹത്തിന് താല്പര്യം.

ഇതിനായി സമുദായ സമവാക്യങ്ങൾ ഉയർത്തിയാണ് സിദ്ധരാമയ്യയുടെ നീക്കം. പ്രമുഖ സമുദായമായ ലിംഗായത്ത് സമുദായത്തിൽ നിന്നുള്ള നേതാവാണ് എം ബി പട്ടേൽ.

കർണ്ണാടകയിലെ രണ്ടാമത്തെ സമുദായമായ ഒഖലിഗ സമുദായത്തിൽ നിന്നുള്ള നേതാവാണ് ശിവകുമാർ. ലിംഗായത്ത് സമുദായത്തിന് പാർട്ടി അധ്യക്ഷ പദവിയും ഒഖലിഗ സമുദായത്തിന് വൈസ് പ്രെസിഡന്റ് സ്ഥാനവും എന്നതാണ് സിദ്ധരാമയ്യയുടെ പായ്‌ക്കേജ്.

അതേസമയം, ജാതി രാഷ്ട്രീയത്തിനതീതമായ ഇമേജാണ് ഡി കെ ശിവകുമാറിന് കർണ്ണാടകയിലുള്ളത്. ആദായ നികുതി വകുപ്പിന്റെ അറസ്റ്റും ജയിൽ വാസവും ശിവകുമാറിന്റെ ഇമേജ് വർധിപ്പിച്ചിട്ടുണ്ട്. ബി ജെ പിയുടെ അട്ടിമറി രാഷ്ട്രീയത്തെ ചെറുത്തുതോൽപ്പിച്ചതിന്റെ പ്രതികാരമായി ജയിൽവാസം അനുഭവിക്കേണ്ടി വന്നതിനുശേഷം മടങ്ങിവന്ന ശിവകുമാറിന് പിന്നിൽ പാർട്ടി ഒറ്റക്കെട്ടാണ്.

ആ സാഹചര്യം മുതലെടുക്കാൻ ഡി കെയെ സംസ്ഥാന അധ്യക്ഷനാക്കി പാർട്ടി പുനസംഘടിപ്പിക്കണമെന്നതായിരുന്നു പ്രവർത്തകരുടെ വികാരം.

നേരത്തെ രാമലിംഗ റെഡ്ഢി, സതീഷ് ജാർക്കഗോളി എന്നീ പേരുകളും അധ്യക്ഷ സ്ഥാനത്തേക്ക് പറഞ്ഞുകേട്ടിരുന്നു. എന്നാൽ കർണ്ണാടകയിലെ കഴിഞ്ഞ വിമത നീക്കങ്ങൾക്കൊപ്പം തുടക്കത്തിൽ സഹകരിച്ച രാമലിംഗ റെഡ്‌ഡിയോട് ഹൈക്കമാന്റിന് താല്പര്യമില്ല.

മകൾ സൗമ്യ റെഡ്ഢി എം എൽ എയ്ക്കൊപ്പം പിന്നീട് അദ്ദേഹം പാർട്ടിയിൽ ശക്തമായി നിലയുറപ്പിച്ചെങ്കിലും തുടക്കത്തിലേ വിമത നീക്കങ്ങൾ റെഡ്ഢിയുടെ ഇമേജ് മോശമാക്കി.

സതീശ് ജാർക്കഗോളിയുടെ സഹോദരൻ രമേശ് ജാർക്കഗോളി വിമത നീക്കം നടത്തി പാർട്ടിക്ക് പുറത്തുപോയ നേതാവാണ്. എന്തായാലും ശക്തമായ നടപടിയാണ് ഹൈക്കമാന്റിൽ നിന്നും കർണ്ണാടകയിലെ കോൺഗ്രസ് പ്രതീക്ഷിക്കുന്നത്.

പി സി സി അധ്യക്ഷ സ്ഥാനത്തിന്റെ കാര്യത്തിൽ ഉടൻ തീരുമാനം ഉണ്ടാകണമെന്നതാണ് ആവശ്യം. സംഘടനാ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ കർണ്ണാടകയുടെ കൂടി ചുമതല വഹിക്കുന്ന സാഹചര്യത്തിൽ തീരുമാനം വൈകില്ലെന്നാണ് പ്രവർത്തകരുടെ പ്രതീക്ഷ.

×