Advertisment

വിധി വരും മുമ്പ് ബാംഗ്ലൂരില്‍ തിരക്കിട്ട ചര്‍ച്ചകള്‍. കുമാരസ്വാമിയെ മാറ്റി ശക്തനായ സിദ്ദരാമയ്യയെ മുഖ്യമന്ത്രിയാക്കുന്നതും പരിഗണനയില്‍. ഏത് വിധേനയും അധികാരം നിലനിര്‍ത്താന്‍ കിണഞ്ഞുശ്രമിച്ച് കോണ്‍ഗ്രസ്

author-image
കൈതയ്ക്കന്‍
Updated On
New Update

ബാംഗ്ലൂര്‍:  വിമതരുടെ രാജിക്കാര്യത്തില്‍ സുപ്രീംകോടതിയുടെ വിധി നാളെ പുറത്തുവരുമെന്നിരിക്കെ കര്‍ണ്ണാടകയില്‍ തിരക്കിട്ട ചര്‍ച്ചകള്‍.  വിധി അനുകൂലമായാലും പ്രതികൂലമായാലും സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ചാണ് കോണ്‍ഗ്രസ് ക്യാമ്പിലും ബി ജെ പി ക്യാമ്പിലും ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

Advertisment

കോണ്‍ഗ്രസ് - ദള്‍ സഖ്യത്തില്‍ സംഘടന ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ നേതൃത്വത്തിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.  മുഖ്യമന്ത്രി കുമാരസ്വാമി, മുന്‍ മുഖ്യമന്ത്രി സിദ്ദരാമയ്യ, പി സി സി അധ്യക്ഷന്‍ ദിനേശ് ഗുണ്ടറാവു, മന്ത്രി ഡി കെ ശിവകുമാര്‍ എന്നിവരുമായി ഇന്ന് പകല്‍ വീണ്ടും വേണുഗോപാല്‍ കൂടിക്കാഴ്ച നടത്തി.

publive-image

രാജിക്കാര്യത്തിലും അയോഗ്യതാ വിഷയത്തിലും സ്പീക്കറുടെ അധികാരത്തില്‍ കൈകടത്താനില്ലെന്നാണ് സുപ്രീംകോടതി വിധിയെങ്കില്‍ പിന്നെ സ്വീകരിക്കാവുന്ന തന്ത്രങ്ങളാണ് വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള ചര്‍ച്ചകളില്‍ പുരോഗമിക്കുന്നത്.

നാളത്തെ കോടതി വിധിയ്ക്കും വ്യാഴാഴ്ചത്തെ വിശ്വാസ പ്രമേയത്തിനുമിടയിലുള്ളത് ഏതാനും മണിക്കൂറുകള്‍ മാത്രമാണെന്നതാണ് കോണ്‍ഗ്രസ് ക്യാമ്പിനെ സമ്മര്‍ദ്ദത്തിലാക്കുന്നത്. വിധി അനുകൂലമായാല്‍ വഴങ്ങാത്ത എം എല്‍ എമാരെ മാത്രം അയോഗ്യരാക്കി 7 പേരെയെങ്കിലും ഒപ്പം നിര്‍ത്തി വിശ്വാസ വോട്ട് നേടാനാകുമോ എന്നാണ് കോണ്‍ഗ്രസ് പ്രധാനമായും പരിശോധിക്കുന്നത്.

publive-image

ഇതിനിടെ കുമാരസ്വാമിയെ മാറ്റി മുന്‍ മുഖ്യമന്ത്രി സിദ്ദരാമയ്യയെ മുഖ്യമന്ത്രിയാക്കിയാല്‍ കൂടുതല്‍ വിമതരുടെ പിന്തുണ നേടാനാകുമോ എന്നതും പരിശോധിക്കുന്നുണ്ട്.  ശക്തനായ മുഖ്യമന്ത്രിയില്ലാത്തതാണ് അടിക്കടിയുണ്ടാകുന്ന പ്രതിസന്ധിക്ക് കാരണമെന്ന വിമര്‍ശനത്തില്‍ കഴമ്പുണ്ടെന്ന വിലയിരുത്തലാണ് ജെ ഡി എസില്‍ ഒരു വിഭാഗത്തിനുമുള്ളത്.

ഇത്തരം പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ കെല്‍പ്പുള്ള നേതാവ് മുഖ്യമന്ത്രിയായാല്‍ സര്‍ക്കാരിന്റെ നടത്തിപ്പ് കുറേക്കൂടി സുഗമമാകും എന്നാണ് കണക്കുകൂട്ടുന്നത്. സിദ്ദരാമയ്യയെ മുഖ്യമന്ത്രിയാക്കിയാല്‍ കുറേക്കൂടി ശക്തമായി സര്‍ക്കാരിന് മുന്നോട്ട് പോകാന്‍ കഴിയുമെന്ന് കോണ്‍ഗ്രസ് വിശ്വസിക്കുന്നുണ്ട്.

ജെ ഡി എസും അതിന് തയാറാണെന്നാണ് സൂചന. അങ്ങനെ വന്നാല്‍ മുന്‍ ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി ഉള്‍പ്പെടെയുള്ള വിമതരെ ഒപ്പം നിര്‍ത്താന്‍ കഴിയുമെന്നാണ് കരുതുന്നത്. വിമതരില്‍ പകുതിയിലേറെപ്പേരും സിദ്ദരാമയ്യയുമായി ഏറെ അടുപ്പം പുലര്‍ത്തുന്നവരാണ്.

publive-image

എന്നാല്‍ കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസം തേടിയ ശേഷം വീണ്ടും രാജിവച്ച് ഉടന്‍ പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ ജെ ഡി എസ് ചൂണ്ടിക്കാട്ടുന്നുണ്ട്. പകരം നേതൃമാറ്റത്തിന് 6 മാസത്തെ സാവകാശമാണ് ജെ ഡി എസ് മുന്നോട്ട് വയ്ക്കുന്നതെന്നാണ് സൂചന. എന്നാല്‍ അതുവരെ സര്‍ക്കാര്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള ബുദ്ധിമുട്ടുകള്‍ കോണ്‍ഗ്രസും ചൂണ്ടിക്കാട്ടുന്നു.

എന്തായാലും കെ സി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള ഉന്നതര്‍ തുടര്‍ച്ചയായ പത്താം ദിവസവും കര്‍ണ്ണാടകയില്‍ തങ്ങുകയാണ്.  ഇതിനിടയില്‍ പുരോഗമിക്കുന്നത് മാരത്തന്‍ ചര്‍ച്ചകളുമാണ്.  എന്താണ് ഫലമെന്നറിയാന്‍ വിശ്വാസ വോട്ട് പരിഗണിക്കുന്ന വ്യാഴാഴ്ച്ച രാവിലെ വരെ കാത്തിരുന്നാല്‍ മതിയാകും ?

karnataka politics
Advertisment