കര്‍ണ്ണാടകയില്‍ വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ചാലും പരാജയപ്പെട്ടാലും മുഖ്യമന്ത്രി കുമാരസ്വാമി രാജിവയ്ക്കും ! സിദ്ദരാമയ്യ പുതിയ മുഖ്യമന്ത്രി, വിമതര്‍ക്ക് നിയമസഭയിലെത്താന്‍ സ്പീക്കറുടെ നിര്‍ദ്ദേശം ! വിശ്വാസ വോട്ടെടുപ്പ് ബുധനാഴ്ചത്തേക്ക് മാറ്റി !

കൈതയ്ക്കന്‍
Monday, July 22, 2019

ബാംഗ്ലൂര്‍:  കര്‍ണ്ണാടക വിശ്വാസവോട്ട് ബുധനാഴ്ചത്തേക്ക് നീളും.  വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ വിമതര്‍ ഉള്‍പ്പെടെ എല്ലാ എം എല്‍ എമാര്‍ക്കും കോണ്‍ഗ്രസ് വിപ്പ് നല്‍കി. ഈ സാഹചര്യത്തില്‍ നിലവില്‍ അസംബ്ലി സമ്മേളനത്തില്‍ പങ്കെടുക്കാത്ത വിമത എം എല്‍ എമാര്‍ക്കും സമ്മേളനത്തില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ നോട്ടീസ് നല്‍കി.

ഇതിനിടെ ഇന്നുതന്നെ വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് 2 വിമത എം എല്‍ എമാര്‍ കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി പരിഗണിക്കാന്‍ കോടതി കൂട്ടാക്കിയില്ല. ഈ സാഹചര്യത്തില്‍ നിയമസഭയില്‍ മുഖ്യമന്ത്രി കുമാരസ്വാമി അവതരിപ്പിച്ച വിശ്വാസ പ്രമേയത്തിന്മേല്‍ ഇന്നും ചര്‍ച്ച തുടരുമെന്ന് ഉറപ്പായിട്ടുണ്ട്.

കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസ പ്രമേയത്തെ അതിജീവിക്കുമെന്ന വിശ്വാസം ഇപ്പോഴും ഭരണപക്ഷത്തില്ലെങ്കിലും അവസാന നിമിഷം ചില അത്ഭുതങ്ങള്‍ സംഭവിച്ചുകൂടെന്നുള്ള അഭ്യൂഹങ്ങള്‍ ശക്തമാണ്. സര്‍ക്കാര്‍ വിമതര്‍ക്കെതിരെ വിപ്പ് പ്രയോഗിക്കുമെന്ന് ഉറപ്പായതോടെ വിമതര്‍ക്ക് മുമ്പില്‍ കീഴടങ്ങുകയല്ലാതെ മറ്റ്‌ മാര്‍ഗ്ഗങ്ങളില്ലെന്ന സ്ഥിതിയാണ് നിലവിലുള്ളത്.

ഇങ്ങനെയെങ്കില്‍ ആറോ ഏഴോ എം എല്‍ എമാര്‍ സര്‍ക്കാര്‍ പക്ഷത്തേക്ക് മടങ്ങിയെത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ല. മാത്രമല്ല, വിമതര്‍ക്ക് മുഴുവന്‍ അവസരങ്ങള്‍ നല്‍കാനുള്ള നീക്കത്തില്‍ ബി ജെ പി എംഎല്‍എമാര്‍ക്കിടയിലും ഭിന്നത രൂക്ഷമാണ്.

എന്നാല്‍, സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പ് വിജയിച്ചാലും തോറ്റാലും കുമാരസ്വാമിക്ക് രാജി വയ്ക്കേണ്ടി വരും എന്നാണു റിപ്പോര്‍ട്ട്. വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ചാല്‍ കുമാരസ്വാമിക്ക് പകരം സിദ്ദരാമയ്യയാകും പുതിയ കര്‍ണ്ണാടക മുഖ്യമന്ത്രി. ഇക്കാര്യത്തില്‍ കോണ്‍ഗ്രസും – ജെ ഡി എസും ധാരണയിലെത്തിയിട്ടുണ്ട്. ശക്തനായ മുഖ്യമന്ത്രി വന്നാല്‍ സര്ക്കാരിനെതിരെയുള്ള നിരന്തര ഭീഷണി അതിജീവിക്കാനാകും എന്നാണു ഭരണപക്ഷത്തിന്റെ വിലയിരുത്തല്‍.

 

×