സ്പീക്കറുടെ അധികാരത്തില്‍ കൈവച്ചില്ലെങ്കിലും നാളത്തെ വിശ്വാസവോട്ടില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കരുതെന്ന കോടതി നിര്‍ദ്ദേശം വെട്ടിലാക്കിയത് കുമാരസ്വാമി സര്‍ക്കാരിനെ ! വിമതരുടെ അയോഗ്യതാ തീരുമാനം ത്രിശങ്കുവില്‍ !

കൈതയ്ക്കന്‍
Wednesday, July 17, 2019

ബാംഗ്ലൂര്‍:  സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ കര്‍ണ്ണാടകയിലെ കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസവോട്ട് എന്ന കടമ്പ അതിജീവിക്കാന്‍ സാധ്യത കുറവെന്ന് വിലയിരുത്തല്‍.  എം എല്‍ എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ക്ക് ഉചിതമായ തീരുമാനം എടുക്കാമെന്നും അതിന് സമയപരിധി നിശ്ചയിക്കാന്‍ കോടതിക്കാകില്ലെന്നുമാണ് സുപ്രീംകോടതി വിധിയെങ്കിലും വിമതര്‍ക്കനുകൂലമായ ചില കാര്യങ്ങളും വിധിയിലുണ്ട്. അത് സുപ്രധാന കാര്യങ്ങളിലുമാണ്.

നാളെ നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കണമെന്നു എം എല്‍ എമാരെ നിര്‍ബന്ധിക്കരുതെന്നാണ് വിധിയിലെ ഒരു പരാമര്‍ശം. ഇതാണ് സര്‍ക്കാരും പ്രതിപക്ഷവും അവരവര്‍ക്ക് അനുകൂലമായി വ്യാഖ്യാനിക്കുന്നത്.

നിയമസഭയ്ക്കുള്ളിലെ കാര്യങ്ങളില്‍ സ്പീക്കര്‍ക്കാണ് സമ്പൂര്‍ണ്ണ അധികാരം എന്ന് പറയുന്നത് നാളത്തെ വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുത്തില്ലെങ്കില്‍ അയോഗ്യരാക്കാനുള്ള സ്പീക്കറുടെ അധികാരം ശരിവയ്ക്കുന്നതാണെന്ന് ഭരണപക്ഷ൦ പറയുമ്പോള്‍ നാളത്തെ വിപ്പ് തങ്ങള്‍ക്ക് ബാധകമാകില്ലെന്നാണ് കോടതി വിധിയുടെ വിലയിരുത്തലെന്നാണ് പ്രതിപക്ഷത്തിന്റെ വാദം.

എന്നാല്‍ സ്പീക്കര്‍ക്ക് നാളത്തെ വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാത്തവര്‍ക്കെതിരെ അയോഗ്യതാ നടപടി സ്വീകരിക്കാം എന്നതില്‍ തര്‍ക്കമില്ല. പക്ഷെ, ആ തീരുമാനം വീണ്ടും കോടതിയില്‍ ചോദ്യം ചെയ്യപ്പെടാന്‍ ഇടയാക്കുമെന്നാണ് വിധിയുടെ ശരിയായ വിലയിരുത്തല്‍. അതായത് വിമത എം എല്‍ എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയാലും അവര്‍ അത് കോടതിയില്‍ ചോദ്യം ചെയ്യും.

മറ്റൊന്ന്, കുമാരസ്വാമി സര്‍ക്കാര്‍ ഈ വിധിയിലൂടെ വെട്ടിലായി എന്നതാണ്. അങ്ങോട്ട്‌ കയറി വിശ്വാസ തേടാന്‍ നോട്ടീസ് നല്‍കിയ കുമാരസ്വാമി സര്‍ക്കാരാണ് ഇപ്പോള്‍ യഥാര്‍ത്ഥത്തില്‍ പ്രതിസന്ധിയിലാകുന്നത്. വിവിധ എം എല്‍ എമാരെ വെട്ടിലാക്കാനായിരുന്നു ഈ നീക്കമെങ്കിലും സുപ്രീം കോടതി വിധിയോടെ യഥാര്‍ത്ഥത്തില്‍ വെട്ടില്‍ വീണത് സര്‍ക്കാരാണ്.

കാരണം, നാളത്തെ വിശ്വാസ വോട്ടില്‍ പങ്കെടുക്കുന്നതില്‍ എം എല്‍ എമാരെ നിര്‍ബന്ധിക്കരുതെന്നാണ് കോടതി വിധി. നിര്‍ബന്ധം എന്ന വാക്കിന് കോടതി വ്യാഖ്യാനം നല്‍കിയിട്ടില്ലെന്നതിനാല്‍ സ്പീക്കര്‍ക്ക് എന്ത് തീരുമാനവും കൈക്കൊള്ളാ൦.   പക്ഷെ അത് നിലനില്‍ക്കില്ലെന്ന് മാത്രമല്ല, കോടതിയില്‍ ചോദ്യം ചെയ്യപ്പെടുകയും ചെയ്യും.

ഇതോടെ വിപ്പ് തങ്ങള്‍ക്ക് ബാധകമല്ലെന്നാണ് വിമതരുടെ നിലപാട്. നാളത്തെ വിപ്പ് ബാധകമല്ലങ്കില്‍ 15 എം എല്‍ എമാര്‍ വിട്ടുനിന്നാല്‍ സര്‍ക്കാര്‍ താഴെ വീഴും.  വിപ്പ് ലംഘിക്കാത്ത സാഹചര്യത്തില്‍ എന്ത് കാരണം പറഞ്ഞാണ് എം എല്‍ എമാരെ സ്പീക്കര്‍ക്ക് അയോഗ്യരാക്കാന്‍ കഴിയുക എന്നതാണ് മറ്റൊരു ചോദ്യം.

അങ്ങനെ എം എല്‍ എമാരെ യോഗ്യരാക്കണമെങ്കില്‍ സര്‍ക്കാര്‍ നിലനില്‍ക്കില്ല എന്ന് ഉറപ്പുണ്ടെങ്കില്‍ അത് ഇന്നുതന്നെ ചെയ്യണം. അല്ലെങ്കില്‍ നാളത്തെ വിശ്വാസ വോട്ടിന് മുമ്പ്. നാളെ വിശ്വാസ വോട്ട് പരാജയപ്പെട്ട ശേഷം താഴെവീണ സര്‍ക്കാരിന്റെ സ്പീക്കര്‍ എടുക്കുന്ന തീരുമാനത്തിന്റെ ആധികാരികതയും ധാര്‍മ്മികതയും മറ്റൊരു വിവാദമായിരിക്കും.

അതിനാല്‍ എം എല്‍ എമാരെ നാളത്തെ വിശ്വാസ വോട്ടില്‍ പങ്കെടുക്കുന്നതില്‍ നിര്‍ബന്ധിക്കരുതെന്ന കോടതി വിധി കുമാരസ്വാമി സര്‍ക്കാരിന് ഊരാക്കുടുക്ക്‌ തന്നെയാണ്. എം എല്‍ എമാര്‍ക്ക് ആശ്വാസവും. എന്നാല്‍ ഇക്കാര്യത്തില്‍ സ്പീക്കര്‍ക്ക് വിവേചനാധികാരം പ്രയോഗിക്കാം എന്ന കോടതി നിഗമനം സര്‍ക്കാരിന് ആശ്വാസം നല്‍കുന്നുണ്ട്. അത് എങ്ങനെ സ്പീക്കര്‍ കൈകാര്യം ചെയ്യും എന്നതാണ് കാത്തിരുന്നു കാണേണ്ടത്. അതിനെ ആശ്രയിച്ചിരിക്കും വരും ദിവസങ്ങളിലെ കര്‍ണ്ണാടക രാഷ്ട്രീയം.

 

×