Advertisment

യെദൂരപ്പയ്ക്കും പണികിട്ടി ! കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തിയത് 10 ബിജെപി എംഎല്‍എമാര്‍. മന്ത്രിസ്ഥാനമല്ലാതെ ഒത്തുതീര്‍പ്പിനില്ലെന്ന വാശിയില്‍ 50 ബിജെപി എംഎല്‍എമാര്‍. പാര്‍ട്ടിയില്‍ കടിപിടി മൂത്തതോടെ അയോഗ്യരാക്കപ്പെട്ട കോണ്‍ഗ്രസ് വിമതരെ നിര്‍ദാക്ഷണ്യം കയ്യൊഴിഞ്ഞ് യെദൂരപ്പ. കര്‍ണ്ണാടകയില്‍ ഭരണ പ്രതിസന്ധി തുടരുന്നു. തെരഞ്ഞെടുപ്പിന് സാധ്യത

author-image
കൈതയ്ക്കന്‍
Updated On
New Update

ബാംഗ്ലൂര്‍:  17 വിമത കോണ്‍ഗ്രസ് - ജെ ഡി എസ് എം എല്‍ എമാരെ ഉപയോഗിച്ച് കുമാരസ്വാമി സര്‍ക്കാരിനെ മറിച്ചിട്ട് അധികാരത്തിലെത്തിയ യെദൂരപ്പ സര്‍ക്കാരിന് വെല്ലുവിളിയായി ബി ജെ പിയിലും വിമത എം എല്‍ എമാരുടെ രംഗപ്രവേശം. മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് 10 ബി ജെ പി എം എല്‍ എമാരാണ് കഴിഞ്ഞ ദിവസം മുന്‍ മുഖ്യമന്ത്രിമാരായ എച്ച് ഡി കുമാരസ്വാമിയെയും സിദ്ദരാമയ്യയെയും സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയത്.

Advertisment

publive-image

വിമതരെ ബന്ദികളാക്കി സര്‍ക്കാരിനെ മറിച്ചിട്ട ബി ജെ പി കേന്ദ്രങ്ങളെ ഞെട്ടിച്ചുകൊണ്ടാണ് പുതിയ നീക്കം.  കൂടാതെ 5 മന്ത്രിസ്ഥാനങ്ങളും പ്രമുഖ വകുപ്പുകളും ആവശ്യപ്പെട്ട് ലിംഗായത്ത് സമുദായവും സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ശക്തമാക്കി. നിലവില്‍ 50 എം എല്‍ എമാരാണ് മന്ത്രിസ്ഥാനമില്ലാതെ യാതൊരു ഒത്തുതീര്‍പ്പുമില്ലെന്ന കടുത്ത നിലപാടുമായി ബി ജെ പി നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുന്നത്. അതിനിടെ ജഗദീഷ് ഷെട്ടാര്‍, സദാനന്ദ ഗൗഡ വിഭാഗങ്ങള്‍ ഉയര്‍ത്തിയിരിക്കുന്ന ഗ്രൂപ്പ് ബലാബലവും യെദൂരപ്പയെ അലട്ടുന്നുണ്ട്.

ഈ സാഹചര്യത്തില്‍ എപ്പോള്‍ മന്ത്രിസഭ വികസിപ്പിച്ചാലും അപ്പോള്‍ തന്നെ സര്‍ക്കാരിന്റെ നിലനില്‍പ്പ്‌ ഭീഷണിയിലാകുന്നതാണ് സ്ഥിതി. ഇതോടെ രാഷ്ട്രീയ കുതിരക്കച്ചവടങ്ങളുടെ പേരില്‍ കര്‍ണ്ണാടകയില്‍ മാസങ്ങളായി തുടരുന്ന ഭരണപ്രതിസന്ധി തുടരുകയാണ്.

അതിനിടെ സ്പീക്കര്‍ അയോഗ്യരാക്കിയ 17 വിമത എം എല്‍ എമാരെയും ബി ജെ പി മുഖ്യമന്ത്രി യെദൂരപ്പയും നിര്‍ദാക്ഷണ്യം കയ്യൊഴിഞ്ഞു. ഇവരുടെ അയോഗ്യതാ നടപടി അസാധുവാക്കുന്നതിന് സുപ്രീംകോടതിയെ സമീപിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളില്‍ ബി ജെ പി നേതാക്കളുടെ മലക്കംമറിച്ചിലുകള്‍ വിമത എം എല്‍ എമാരെ പ്രകോപിതരാക്കിയിരിക്കുകയാണ്. ആവശ്യം കഴിഞ്ഞപ്പോള്‍ ബി ജെ പി തങ്ങളെ കറിവേപ്പില പോലെ വലിച്ചെറിഞ്ഞു എന്നാണ് വിമതരുടെ പരാതി.

publive-image

അതേസമയം, 17 വിമതരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി റദ്ദാക്കപ്പെട്ടാല്‍ യെദൂരപ്പ സര്‍ക്കാര്‍ വീണ്ടും പ്രതിസന്ധിയിലാകുകയും സര്‍ക്കാര്‍ വീഴുന്ന സാഹചര്യം വരെ ഉണ്ടാകുകയും ചെയ്യുമെന്നാണ് ബി ജെ പി ഭയക്കുന്നത്. വിമതര്‍ 17 പേരും മന്ത്രിസ്ഥാനം അവകാശപ്പെടുന്നവരാണ്. മുഖ്യമന്ത്രിക്കൊപ്പം തങ്ങളുടെ സത്യപ്രതിജ്ഞയും ഒന്നിച്ചു നടത്തണമെന്നായിരുന്നു ഇവരുടെ നിലപാട്.

എന്നാല്‍ സ്പീക്കറുടെ തീരുമാനം വരുന്നത് വരെ സര്‍ക്കാര്‍ രൂപീകരിക്കാതെ കാത്തിരുന്ന ബി ജെ പി ഒടുവില്‍ അയോഗ്യതാ പ്രഖ്യാപനം വന്നതോടെ വിമതരെ കയ്യൊഴിഞ്ഞു. അതിന്റെ അമര്‍ഷം വിമതര്‍ക്കുണ്ട്.

അതിനിടെയാണ് സ്വന്തം എം എല്‍ എമാര്‍ മറുപാളയത്തിലെത്തി പ്രതിപക്ഷ നേതാക്കളെ കണ്ട് ചര്‍ച്ച നടത്തിയത്. ഇതോടെ സര്‍ക്കാര്‍ താഴെ വീഴുമെന്ന അഭ്യൂഹം ശക്തമായി. ഇടക്കാല തെരഞ്ഞെടുപ്പിനുള്ള ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസും ജെ ഡി എസും കടന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇനി യെദൂരപ്പ സര്‍ക്കാര്‍ നിലംപൊത്തിയാലും സര്‍ക്കാര്‍ രൂപീകരിക്കാനില്ല എന്ന നിലപാടിലാണ് കോണ്‍ഗ്രസ്. പകരം തെരഞ്ഞെടുപ്പിനെ നേരിടാനാണ് കോണ്‍ഗ്രസിന് താല്പര്യം.

കുമാരസ്വാമി സര്‍ക്കാരിനെ മറിച്ചിടാനുള്ള ബിജെപിയുടെ ബന്ദി നാടകം ദിവസങ്ങള്‍ നീണ്ട രാഷ്ട്രീയ നീക്കങ്ങളിലൂടെ ജനങ്ങള്‍ക്ക് മുമ്പില്‍ വ്യക്തമാക്കിക്കൊടുത്ത കോണ്‍ഗ്രസ് നീക്കം തെരഞ്ഞെടുപ്പ് വന്നാല്‍ ഗുണകരമായി മാറുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതൃത്വം.

karnataka politics
Advertisment