പൗരത്വ പ്രതിഷേധങ്ങളുടെ ചോരവീണ കന്നഡ മണ്ണിൽ കരുത്താർജ്ജിച്ച് സമരാവേശം ! പൗരത്വ പരിശോധന ഭയന്ന് അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാടുവിടുന്നതോടെ നിർമ്മാണ മേഖല തകരുന്നു ! കർണ്ണാടക വീണ്ടും സാമ്പത്തിക മാന്ദ്യത്തിലേക്ക്

കൈതയ്ക്കന്‍
Friday, December 20, 2019

ബാംഗ്ലൂർ:  പൗരത്വ പ്രതിഷേധത്തിനിടെ ചുടുചോര വീണ കർണ്ണാടകയുടെ മണ്ണിൽ പ്രതിഷേധം കനക്കുന്നു. പ്രതിഷേധ സമരങ്ങളെ ശക്തമായി അടിച്ചമർത്തി തിരിച്ചടിക്കാനുള്ള സർക്കാരിന്റെ നീക്കം ഓരോ ദിവസവും പാളുന്നതോടെ പ്രതിഷേധ സമരങ്ങൾ കൂടുതൽ ശക്തിയാർജ്ജിക്കുന്നതും സർക്കാരിനെ അസ്വസ്ഥതപ്പെടുത്തുകയാണ്.

രേഖകളില്ലാത്ത പൗരന്മാരെ പിടിച്ചിടാൻ സർക്കാർ ഡീ ടെൻഷൻ ക്യാമ്പുകൾ തുറന്നിരിക്കുകയാണ്. പൗരത്വ പരിശോധന കർശനമായതോടെ അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാടുവിടുന്നതാണ് മറ്റൊരു പ്രതിഭാസം.

ഇത് സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയെ ഗുരുതരമായി ബാധിക്കുമെന്ന മുന്നറിയിപ്പുകൾ ശക്തമാണ്. മെട്രോ ഉൾപ്പെടെ അടിസ്ഥാന സൗകര്യ മേഖലയിൽ നടക്കുന്ന വൻ നിർമ്മാണ പ്രവർത്തനങ്ങളെപ്പോലും അന്യസംസ്ഥാന തൊഴിലാളികളുടെ കൂടൊഴിയൽ ഗുരുതരമായി ബാധിച്ചുതുടങ്ങിയിട്ടുണ്ട്. ഇത് സാമ്പത്തിക മാന്ദ്യത്തിന്റെ ആക്കം വർധിപ്പിക്കാനാണ് സാധ്യത.

ഇതിനിടെ പൗരത്വ പ്രതിഷേധങ്ങൾക്ക് ജാതി മത ഭേദമന്യേ പിന്തുണ വർധിച്ചുവരുന്നത് ബി ജെ പിയുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുകയാണ്. ഹൈന്ദവ വിഭാഗങ്ങളിൽ നിന്നുൾപ്പെടെയുള്ള ജനവിഭാഗങ്ങൾ സമരങ്ങൾക്ക് പിന്തുണയുമായി രംഗത്ത് വരുന്നത് പ്രതിഷേധത്തിന്റെ രൂപം മാറുകയാണ്.

ഇതിനിടെ മലയാള മാധ്യമ പ്രവർത്തകരെ ഉൾപ്പെടെ കസ്റ്റഡിയിലെടുത്ത നടപടിയോടെ ദേശീയ വ്യാപകമായി യെദ്യൂരപ്പ സർക്കാർ നാണംകെട്ടിരിക്കുകയാണ്. മാധ്യമ പ്രവർത്തകരെ വിട്ടയച്ചെന്ന് ആഭ്യന്തര മന്ത്രി പറയുമ്പോഴും പിടിയിലായ മാധ്യമ പ്രവർത്തകരെപ്പറ്റി വിവരമില്ല. പ്രതിഷേധ സമരണൾക്ക് വാർത്താ പ്രാധാന്യം ലഭിക്കുന്നത് തടയുകയാണ് സർക്കാർ ലക്‌ഷ്യം.

ഇതോടെ പ്രതിപക്ഷവും പ്രതിഷേധ നീക്കങ്ങൾക്ക് പിന്തുണയുമായി രംഗത്ത് വന്നിരിക്കുകയാണ്. ജനകീയ സമരങ്ങളെ അടിച്ചമർത്താൻ നോക്കിയാൽ നടക്കില്ലെന്ന മുന്നറിയിപ്പുമായി മുതിർന്ന കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാർ അല്പം മുമ്പ് വാർത്താസമ്മേളനം വിളിച്ചിരുന്നു. പ്രതിഷേധ നീക്കങ്ങൾക്ക് പിന്തുണയുമായി കോൺഗ്രസ് പ്രവർത്തകരും രംഗത്തിറങ്ങുകയാണ്.

×