കേരളത്തിലെ ആരോഗ്യമന്ത്രിയെ ടീച്ചറമ്മയാക്കിയെങ്കിൽ പഴുതുകളില്ലാത്ത പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേരിട്ട് ചുക്കാൻ പിടിക്കുന്ന തമിഴ്‌നാട് ആരോഗ്യമന്ത്രി ഡോ. വിജയഭാസ്കറെ ഡോക്ടർ അപ്പനാക്കേണ്ടതല്ലേ ! ഒരു പ്രമോഷനും നിന്നുകൊടുക്കാതെ 45 കാരനായ ഡോക്ടർ നാടിന് ആരോഗ്യ സുരക്ഷയൊരുക്കുന്നത് രാജ്യത്തിന് മാതൃകയായി !

ന്യൂസ് ബ്യൂറോ, ചെന്നൈ
Wednesday, March 18, 2020

ചെന്നൈ:  രാജ്യം മുഴുവൻ കൊറോണ ഭീതിയിൽ കഴിയുകയും പ്രതിരോധ പ്രവർത്തനങ്ങൾ സുഗമമായി തുടരുകയും ചെയ്യുമ്പോൾ സൂഷ്മമായ പ്രതിരോധ പ്രവർത്തനങ്ങളിലൂടെ മാതൃകയാകുകയാണ് തമിഴ്‌നാട് ആരോഗ്യമന്ത്രി ഡോ. സി വിജയഭാസ്കർ എം ബി ബി എസ്.

കേരളത്തിൽ സുരക്ഷ ക്രമീകരണങ്ങളിൽ വന്ന പാളിച്ചകളിലൂടെ കൊറോണ രോഗികൾ നാട്ടിലേക്ക് എത്തപ്പെട്ടപ്പോൾ പഴുതുകളടച്ച സുരക്ഷയൊരുക്കിയാണ് തമിഴ്‌നാട്ടിൽ ആരോഗ്യമന്ത്രി ഡോ. സി വിജയഭാസ്കറുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടന്നുവരുന്നത്.

45 കാരനായ മന്ത്രി പ്രതിരോധ പ്രവർത്തനങ്ങളുടെ പേരിൽ ഒരു മുതലെടുപ്പിനും തയാറായിട്ടുമില്ല. അദ്ദേഹത്തെ ‘ഡോക്ടർ അപ്പനാ’ക്കാനോ ഡോക്ടർ ‘ബ്രോ’യാക്കാനോ ഒന്നും ഫാൻസ്‌ ക്ലബ്ബുകൾ തുനിഞ്ഞിറങ്ങിയിട്ടുമില്ല.

പകരം ആ സമയം കൂടി സംസ്ഥാനം മുഴുവൻ ഓടി നടന്നു പ്രതിരോധ പ്രവർത്തനങ്ങൾ ഏകീകരിക്കുകയാണ് മന്ത്രി. അതിന് ഫലം കാണുന്നുമുണ്ട്. കേരളത്തിൽ 24 കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ തമിഴ്‌നാട്ടിലുള്ളത് ഒരു കൊറോണ രോഗി മാത്രമാണ്.

കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള എയർപോർട്ടിൽ പഴുതുകളടച്ച പ്രതിരോധ പരിശോധന സാധ്യമല്ലെന്നാണ് കേരളത്തിന്റെ ആരോഗ്യമന്ത്രി കെ കെ ശൈലജ നിയമസഭയിൽ പറഞ്ഞത്.

ആയിരക്കണക്കിന് യാത്രക്കാർ വരുന്നിടത്ത് അതിനിടയിൽ കൂടി സുരക്ഷാ സന്നാഹങ്ങൾ മറികടന്ന് ഒരാൾ വല്ലതും ചാടിപ്പോയാൽ എങ്ങനെ അറിയാനാണെന്ന അബദ്ധവും മന്ത്രി പറഞ്ഞു.

എന്നാൽ തമിഴ്‌നാട്ടിലെ മന്ത്രിസഭയിൽ പറഞ്ഞത് ശ്രദ്ധേയമാണ്. ചെന്നൈ എയർപോർട്ടിൽ ഇറങ്ങേണ്ട 8200 ഓളം യാത്രക്കാരെ ഞങ്ങൾ ഓരോ ദിവസവും സ്‌ക്രീൻ ചെയ്താണ് പുറത്തേക്ക് വിടുന്നതെന്നാണ്.

രോഗം പടർന്ന രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് പനി, ചുമ, ശ്വാസതടസം എന്നിവയുണ്ടോ എന്ന് അന്വേഷിക്കും. ഇങ്ങനെ 145000 പേരെ സ്‌ക്രീനിങ്ങിന് വിധേയമാക്കിയെന്നു തമിഴ്‌നാട് മന്ത്രി നിയമസഭയിൽ പറഞ്ഞു.

കേരളത്തിൽ സുരക്ഷാ വീഴ്ച സംഭവിച്ചത് ഒന്നും രണ്ടും തവണയല്ല. കൊറോണ ബാധയുള്ള വിദേശി ദിവസങ്ങളോളം തങ്ങിയത് കേരളത്തിലെ സർക്കാർ വക ടൂറിസം ഗസ്റ്റ് ഹൌസിലായിരുന്നു.

എന്തായാലും പ്രതിരോധ പ്രവർത്തനങ്ങൾ രണ്ടു സംസ്ഥാനങ്ങളിലും ഊർജ്ജിതമായി തന്നെ നടക്കുന്നുണ്ട്. പാളിച്ചകളും പോരായ്മകളും ഉണ്ടെങ്കിലും പ്രാഥമിക ആരോഗ്യ രംഗത്തെ കേരളത്തിന്റെ മുന്നേറ്റം തമിഴ്‌നാട് ഉൾപ്പെടെ മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാൻ കഴിയാത്തതാണ്.

അതിന്റെ ഗുണവും ഈ കൊറോണ കാലത്ത് കേരളത്തിന് നേട്ടമായി മാറി. ഇറ്റലി, കാനഡ പോലുള്ള സമ്പന്ന രാജ്യങ്ങളിൽ സംഭവിച്ച പരാജയവും അടിസ്ഥാന ചികിത്സ സഹായം ഏറ്റവും പെട്ടെന്ന് ലഭ്യമാക്കുന്നതിൽ സംഭവിച്ച അലംഭാവം തന്നെയായിരുന്നു.

×