രാഹുല്‍ഗാന്ധിയെയും കോണ്‍ഗ്രസിനെയും അനുനയിപ്പിക്കാന്‍ അംബാനി ഉള്‍പ്പെടെയുള്ള വ്യവസായ പ്രമുഖര്‍ നെട്ടോട്ടം തുടങ്ങി ! കോണ്‍ഗ്രസ് മടങ്ങി വരുന്നെന്ന പ്രതീതി വ്യവസായ മേഖലയില്‍ വ്യാപകം ! 

ന്യൂസ് ബ്യൂറോ, മുംബൈ
Friday, April 19, 2019

മുംബൈ:  ലോക്സഭാ തെരഞ്ഞെടുപ്പ് ഫലസൂചനകള്‍ സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ശക്തമാകവേ രാജ്യത്തെ പ്രമുഖ വ്യവസായികള്‍ കോണ്‍ഗ്രസിനെയും രാഹുല്‍ഗാന്ധിയെയും പ്രീണിപ്പിക്കാന്‍ രംഗത്ത്. നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തില്‍ നിന്നും പുറത്താകുമെന്നും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നും വിലയിരുത്തല്‍ ശക്തമായിരിക്കെയാണ് പ്രമുഖ വ്യവസായികള്‍ മോഡിയെ കൈയ്യൊഴിയുന്നത്.

തെരഞ്ഞെടുപ്പ് പ്രചരണയോഗങ്ങളില്‍ അനില്‍ അംബാനി ഉള്‍പ്പെടെയുള്ള മോഡി സുഹൃത്തുക്കളായ വ്യവസായികള്‍ക്കെതിരെ രാഹുല്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ രാഹുലിനെ അനുനയിപ്പിക്കാനുള്ള തന്ത്രങ്ങളാണ് വ്യവസായികളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.

കഴിഞ്ഞ ദിവസം പതിവിന് വിപരീതമായി മുംബൈയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മിലിന്ദ് ദെറോറയെ പരസ്യമായി പിന്തുണച്ച് മുകേഷ് അംബാനി രംഗത്ത് വന്നിരുന്നു.  പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി ഏറ്റവും അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യവസായ പ്രമുഖരില്‍ ഒരാളാണ് മുകേഷ് അംബാനി.

കോണ്‍ഗ്രസ് അധികാരത്തിലേക്ക് മടങ്ങിയെത്തുന്നു എന്ന സൂചനകള്‍ ലഭിക്കുന്നതോടെയാണ് വ്യവസായ പ്രമുഖരുടെ മനംമാറ്റമെന്നാണ് റിപ്പോര്‍ട്ട്. അദാനി ഗ്രൂപ്പും ടാറ്റയുമൊക്കെ രാഹുലുമായി വീണ്ടും അടുക്കുന്നതിനുള്ള തീവ്ര ശ്രമത്തിലാണെന്നാണ്  സൂചന.

പാര്‍ട്ടിയെയും സര്‍ക്കാരിനെയും നയിക്കുക രാഹുല്‍ ഗാന്ധിയാണെങ്കില്‍ വരാന്‍ പോകുന്നത് വ്യവസായികള്‍ക്ക് അത്ര ശുഭകരമായ ദിനങ്ങളായിരിക്കില്ലെന്ന സൂചന രാഹുല്‍ തന്നെ നല്‍കുന്നുണ്ട്. രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ മോഡിയുടെതുപോലെ അത്രയങ്ങ് തള്ളിക്കളയാന്‍ ഇവരാരും തയാറല്ല.

വരുതിയില്‍ നിര്‍ത്താന്‍ ഏറ്റവും പ്രയാസമുള്ള ദേശീയ നേതാക്കളില്‍ ഒരാളായാണ് വ്യവസായ ലോകം രാഹുലിനെ കാണുന്നത്.

 

 

×