മഹാരാഷ്ട്രയിൽ നേഴ്‌സുമാർക്കിടയിൽ കൊറോണ പടരുന്നതിൽ ആശങ്ക. ഇന്ന് രോഗം സ്ഥിരീകരിച്ചത് 7 നേഴ്‌സുമാർക്ക്. 11 മലയാളി നേഴ്‌സുമാർക്ക് രോഗം സ്ഥിരീകരിച്ചിട്ടും ആശുപത്രി മാനേജ്മെന്റുകൾ ഉദാസീനത കാണിക്കുന്നുവെന്ന ആരോപണവുമായി യു എൻ എ രംഗത്ത് !

ന്യൂസ് ബ്യൂറോ, മുംബൈ
Friday, April 3, 2020

മുംബൈ:  മഹാരാഷ്ട്രയിലെ സ്വകാര്യ ആശുപത്രികളിൽ കൊറോണ സ്ഥിരീകരിച്ച നേഴ്‌സുമാരുടെ എണ്ണം കൂടുന്നതിൽ ആരോഗ്യ പ്രവർത്തകർക്കിടയിൽ തന്നെ ആശങ്ക ശക്തമാകുന്നു.

ഇന്ന് 7 മലയാളി നേഴ്‌സുമാർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ നേഴ്‌സുമാർക്ക് സുരക്ഷാ മുൻകരുതലുകൾ ഒരുക്കുന്നതിൽ മാനേജ്മെന്റുകൾ പരാജയപ്പെട്ടെന്ന ആക്ഷേപമാണ് യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷൻ മഹാരാഷ്ട്ര ഘടകം ആരോപിക്കുന്നത്.

മാത്രമല്ല, നിലവിൽ 15 നേഴ്‌സുമാർ കൊറോണ സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നുണ്ടെങ്കിലും ഇവരുടെ വിവരങ്ങൾ ആശുപത്രി അധികൃതർ പുറത്ത് പറയുന്നില്ലെന്നാണ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജിബിൻ ആരോപിക്കുന്നത്.

മുംബൈയിൽ രോഗം സ്ഥിരീകരിച്ച 15 നേഴ്സുമാരിൽ 11 ഉം മലയാളി നഴ്‌സുമാരാണ്. എന്നാൽ ഈ കണക്കുകൾ അധികൃതർ പുറത്ത് വിടുന്നില്ല. ഡ്യൂട്ടിയിലുള്ള നേഴ്‌സുമാർക്ക് ധരിക്കാൻ സുരക്ഷാ മാസ്കുകൾക്കായി പോലും നേഴ്‌സുമാർക്ക് കൂട്ടമായി പ്രതിഷേധിക്കേണ്ട അവസ്ഥ ചില ആശുപത്രികളിൽ ഉണ്ടായി.

ക്വാറന്റൈനിൽ കഴിയുന്ന നേഴ്‌സുമാരെ മറ്റ് നേഴ്‌സുമാർക്കൊപ്പം താമസിപ്പിക്കുന്നതും സ്ഥിതി ഗുരുതരമാക്കുന്ന സാഹചര്യമുണ്ട്. 20 ലധികം നേഴ്സുമാരാണ് ഇതിനു പുറമെ കൊറോണ പരിശോധന കഴിഞ്ഞു ഫലം കാത്ത് കഴിയുന്നത്.

ആരോഗ്യ പ്രവർത്തകരോട് ആശുപത്രി അധികൃതരുടെ സമീപനം ഇതാണെങ്കിൽ രോഗവ്യാപനം തടയുകയെന്ന ലക്‌ഷ്യം മഹാരാഷ്ട്രയിൽ എത്രത്തോളം ഫലപ്രദമാകുമെന്ന ആശങ്കയാണ് യു എൻ എ ഉൾപ്പെടെയുള്ളവർ പങ്കുവയ്ക്കുന്നത്.

സെൻട്രൽ മുംബൈയിലെ മഗാഡ് ആശുപത്രി അപ്പാർട്ട്മെന്റിന്റെ ഭാഗത്ത് നിന്നും നേഴ്‌സുമാരുടെ കാര്യത്തിൽ സംഭവിക്കുന്ന ഗുരുതരമായ വീഴ്ചകൾക്കെതിരെ അധികൃതരെ സമീപിക്കാനൊരുങ്ങുകയാണ് യു എൻ എ.

×