നാലാംദിവസം നാണംകെട്ട് പടിയിറങ്ങിയപ്പോള്‍ തകര്‍ന്നത് ഫഡ്‌നാവിസിന്‍റെ സല്‍പ്പേര്. തിരശീല വീണത് ബി.ജെ.പിയുടെ നാടകത്തിന്

New Update

ഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് നാലാംദിവസം നാണംകെട്ട് പടിയിറങ്ങിയപ്പോള്‍ തിരശീലവീണത് ബി.ജെ.പിയുടെ 'ഡ്രാമാസ്‌കോപ്പ്' നാടകത്തിന്. തകര്‍ന്നത് ഫഡ്‌നാവിസിന്‍റെ സല്‍പ്പേര്

Advertisment

23 ന് രാജ്യം ഉണര്‍ന്നത് ഫഡ്‌നാവിസിന്റെ സത്യപ്രതിജ്ഞാ വാര്‍ത്ത കേട്ടാണ്. തലേന്നു വരെ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞ മഹാസഖ്യത്തിന് വിശ്വസിക്കാവുന്നതിനും അപ്പുറത്തായിരുന്നു ബി.ജെ.പിയുടെ നീക്കം.

publive-image

ഒടുവില്‍ സുപ്രീം കോടതിയില്‍നിന്ന് തിരിച്ചടി നേരിട്ടു ഫഡ്‌നാവിസും ബി.ജെ.പിയും തോല്‍വി സമ്മതിച്ചപ്പോള്‍ പൊളിഞ്ഞു വീണത് പാതിരാത്രി അരങ്ങേറിയ രാഷ്ട്രീയനീക്കങ്ങള്‍ക്കു കൂടിയാണ്.

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്ന് 31-ാം ദിനമാണ് ബി.ജെ.പി സര്‍ക്കാര്‍ അധികാരമേറ്റത്. ബി.ജെ.പിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായും എന്‍.സി.പി നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.

ബി.ജെ.പി ഇതര സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയും കോണ്‍ഗ്രസും എന്‍.സി.പിയും ധാരണയിലെത്തിയതിനു പിന്നാലെയായിരുന്നു രാഷ്ട്രീയവൃത്തങ്ങളെ ഞെട്ടിച്ച നീക്കം.

തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഒറ്റയ്ക്കു ഭൂരിപക്ഷം ലഭിക്കാതിരുന്നതും ശിവസേന അധികാര വടംവലി നടത്തിയതുമാണ് മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണമായത്.

2014-ലെ തെരഞ്ഞെടുപ്പില്‍ 122 സീറ്റില്‍ വിജയിച്ച ബി.ജെ.പിക്ക് ഇക്കുറി 105 സീറ്റ് മാത്രമാണ് ലഭിച്ചത്. 185 സീറ്റുകളുണ്ടായിരുന്ന ബിജെപി- ശിവസേന സഖ്യത്തിന് ഇരുപതിലേറെ സീറ്റിന്റെ നഷ്ടം. 15 സീറ്റിലേറെ കൂടുതല്‍ നേടി എന്‍.സി.പി- കോണ്‍ഗ്രസ് സഖ്യം പിടിച്ചുനിന്നു.

ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ പ്രതിസന്ധി ഉടലെടുത്തു. രാഷ്ട്രപതി ഭരണത്തിലേക്കും മഹാരാഷ്ട്രയെത്തി. ബി.ജെ.പി സര്‍ക്കാരിനു കളമൊരുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി സവിശേഷാധികാരം പ്രയോഗിച്ചു.

publive-image

23-ന് പുലര്‍ച്ചെ മഹാരാഷ്ട്രയിലെ രാഷ്ട്രപതിഭരണം പിന്‍വലിക്കാന്‍ കേന്ദ്രമന്ത്രിസഭ ചേരാതെ സവിശേഷ അധികാരം ഉപയോഗിച്ചു പ്രധാനമന്ത്രി രാഷ്ട്രപതിക്കു ശുപാര്‍ശ നല്‍കി.

പുലര്‍ച്ചെ 5.47-നാണ് രാഷ്ട്രപതി ഭരണം പിന്‍വലിച്ചുകൊണ്ടുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വിജ്ഞാപനം പുറത്തിറങ്ങുന്നത്. തുടര്‍ന്ന് രാജ്ഭവനില്‍ ഒരുക്കങ്ങള്‍ തിരക്കിട്ടു പൂര്‍ത്തിയാക്കി. എട്ടു മണിയോടെ സത്യപ്രതിജ്ഞയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നപ്പോഴാണ് കോണ്‍ഗ്രസ്-എന്‍.സി.പി- ശിവസേന നേതാക്കള്‍ വിവരം അറിഞ്ഞത്.

ഫഡ്‌നാവിസിനെ സത്യപ്രതിജ്ഞയ്ക്കു ക്ഷണിച്ച ഗവര്‍ണറുടെ നടപടിക്കെതിരേ മഹാസഖ്യം സുപ്രീം കോടതിയെ സമീപിച്ചു. വാദം കേട്ട കോടതി ബുധനാഴ്ച ഭൂരിപക്ഷം തെളിയിക്കണമെന്നു മഹാരാഷ്ട്ര സര്‍ക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു.

ഇതോടെ ഉപമുഖ്യമന്ത്രി അജിത് പവാറും തൊട്ടുപിന്നാലെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും രാജി പ്രഖ്യാപിക്കുകയായിരുന്നു.

രണ്ടാംവട്ടം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു ദിവസങ്ങള്‍ക്കകം രാജിവച്ചതോടെ കളങ്കമായത് ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സല്‍പ്പേരിനാണ്. തെരഞ്ഞെടുപ്പു റാലികളില്‍ വികസനം ചര്‍ച്ചയാക്കി നല്ലപേര് വാങ്ങിയ നേതാവാണ് ഫഡ്‌നാവിസ്.

ബി.ജെ.പിയുടെ അടുത്ത 'പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്നു' വരെ ആരാധകര്‍ പറയുന്ന ഫഡ്‌നാവിസിനു തന്റെ വീഴ്ച്ച തിരിച്ചടിയാകും.

Advertisment