അല്‍ക്ക ലാംബ എംഎല്‍എ ആം ആദ്മി പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചു. കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, September 6, 2019

ഡല്‍ഹി: ചാന്ദ്നി ചൗക്ക് എംഎല്‍എ അല്‍ക്ക ലാംബ ആം ആദ്മി പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചു. പാർട്ടിയുടെ പ്രാഥമിക അംഗത്വം രാജിവച്ചെന്ന് അൽക്കാ ലാമ്പ ട്വിറ്ററിലൂടെ അറിയിച്ചു. ഇവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന.

‘വിടപറയാന്‍ സമയമായി. ഗുഡ്‌ബൈ. എഎപി പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ചു. കഴിഞ്ഞ ആറ് വര്‍ഷത്തെ യാത്രയില്‍ ഒരുപാട് പഠിക്കാനായി, എല്ലാവര്‍ക്കും നന്ദി’ – രാജി പ്രഖ്യാപിച്ചുകൊണ്ട് ലാംബ ട്വീറ്റ് ചെയ്തു.

പാര്‍ട്ടി വിടുമെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രയായി മത്സരിക്കുമെന്നും അല്‍ക്ക ലാമ്പ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അടുത്ത വര്‍ഷമാണ് ദില്ലിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. പ്രഖ്യാപനത്തിന് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി അല്‍ക്ക കൂടിക്കാഴ്ച നടത്തുകയും ചെയ്തു. മൂന്നു ദിവസം മുമ്പ് സോണിയാഗാന്ധിയുടെ വസതിയിലെത്തിയാണ് അല്‍ക്ക കൂടിക്കാഴ്ച നടത്തിയത്. ഇതോടെയാണ് ആം ആദ്മി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലേക്ക് പോകാനാണ് അല്‍ക്കയുടെ നീക്കമെന്ന് അഭ്യൂഹങ്ങള്‍ ശക്തമായത്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്കുവേണ്ടി അല്‍ക്ക പ്രചാരണത്തിനിറങ്ങിയിരുന്നില്ല. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പരാജയപ്പെട്ടതിനു പിന്നാലെ പാര്‍ട്ടി ജനപ്രതിനിധികളുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് അല്‍ക്കയെ പുറത്താക്കിയിരുന്നു. അല്‍ക്കാ ലാമ്പയുടെ രാജി സ്വീകരിക്കാന്‍ തയ്യാറാണെന്ന നിലപാടാണ് ആം ആദ്മി പാര്‍ട്ടി സ്വീകരിച്ചിട്ടുള്ളത്.

×