Advertisment

പാര്‍ട്ടി ചരിത്രത്തിലെ ഏറ്റവും പ്രതിസന്ധി നേരിടുമ്പോഴും കോണ്‍ഗ്രസ് നാഥനില്ലാക്കളരിയെന്ന് തോന്നിപ്പിക്കുംവിധം യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍റെ സ്ഥാനാരോഹണ ചടങ്ങ് ! താല്‍ക്കാലിക ചുമതലക്കാരന്‍ സ്ഥാനമേറ്റത് പ്രസിഡന്റെന്ന് സ്വയം പ്രഖ്യാപിച്ച് ! രക്ഷപെടില്ലെന്നുറപ്പിച്ച് ദേശീയ യൂത്ത് കോണ്‍ഗ്രസ് ? !

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി:  എത്ര പരാജയങ്ങളുണ്ടായാലും അതില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളില്ലെന്ന വാശിയിലാണ് കോണ്‍ഗ്രസ് എന്ന് തോന്നിപ്പോകുന്നവിധമായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ ഒരു താല്‍ക്കാലിക ചുമതലയുള്ള പ്രസിഡന്റിന്റെ സ്ഥാനാരോഹണം ഇന്ന് എ ഐ സി സി ആസ്ഥാനത്ത് നടന്നത്.

Advertisment

കേശവ് യാദവ് ഒഴിഞ്ഞ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് പദവിയില്‍ താല്‍ക്കാലിക ചുമതല കിട്ടിയ നിലവിലെ വൈസ് പ്രസിഡന്റ് ബി വി ശ്രീനിവാസാണ് പദവി ഏറ്റെടുത്തത്.  എന്നാല്‍ താല്‍ക്കാലിക ചുമതലക്കാരന്‍ പദവി ഏറ്റെടുത്തതാകട്ടെ യൂത്ത് കോണ്‍ഗ്രസിന്റെ വെബ്സൈറ്റില്‍ ഉള്‍പ്പെടെ പ്രസിഡന്റ് എന്ന അപ്ഡേറ്റ് നല്‍കി, പ്രസിഡന്റായി ചുമതലയേല്‍ക്കുന്നു എന്ന് പ്രചരിപ്പിച്ചുകൊണ്ടായിരുന്നു.

publive-image

കോണ്‍ഗ്രസിലല്ലാതെ മറ്റൊരു പാര്‍ട്ടിയിലും നടക്കാത്ത ഇവ്വിധം ഏര്‍പ്പാടാണ് കോണ്‍ഗ്രസ് നാഥനില്ലാ കളരിയായി മാറിയെന്ന ആരോപണങ്ങള്‍ക്ക് ശക്തിപകരുന്നത്. ഇന്നത്തെ ചടങ്ങുകള്‍ മൊത്തത്തില്‍ തന്നെ 'ബഫൂണ്‍' കളികളുടെ ഒരു വേദിയായിരുന്നു.

യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് എന്നാല്‍ കോണ്‍ഗ്രസിലെ യുവത്വത്തിന്റെ മുഖമായിരുന്നു.  ആ പദവിയ്ക്ക് അനുയോജ്യരായ പ്രഗത്ഭര്‍ തന്നെയായിരുന്നു ഇതുവരെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ പദം അലങ്കരിച്ചിരുന്നതും.

publive-image

എന്‍ ഡി തിവാരിയും സഞ്ജയ്‌ ഗാന്ധിയും മുതല്‍ ഗുലാം നബി ആസാദ്, രമേശ്‌ ചെന്നിത്തല, മനീഷ് തിവാരി, മുകുള്‍ വാസ്നിക് തുടങ്ങിയ അതിപ്രഗത്ഭരൊക്കെ ഇരുന്ന കസരയിലേക്ക് ഇല്ലാത്ത ചുമതലയും ചാടിപ്പിടിച്ച് ഇന്ന് കയറിയിരുന്നിരിക്കുന്നത് കര്‍ണ്ണാടകയിലെ ഒരു മുതിര്‍ന്ന നേതാവിന്റെ കൂലിക്കാരനായ കോമാളി വേഷക്കാരനാണെന്ന ആക്ഷേപമാണ് യൂത്ത് കോണ്‍ഗ്രസില്‍ നിന്നുപോലും ഉയരുന്നത്.

publive-image

സംഘടനാ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ നല്‍കിയ കത്തില്‍ ബി വി ശ്രീനിവാസ് എന്ന വൈസ് പ്രസിഡന്റിന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്റെ താല്‍ക്കാലിക ചുമതലയാണ് നല്‍കുന്നതെന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും സ്ഥിരം പ്രസിഡന്റ് എന്ന നിലയിലായിരുന്നു ശ്രീനിവാസിന്റെ സ്ഥാനാരോഹണം ഇന്ന് നടന്നത്. സംഘടനയുടെ വെബ്സൈറ്റിലും അങ്ങനെ തന്നെ രേഖപ്പെടുത്തിയിരിക്കുകയാണ്.

കഴിഞ്ഞ 3 വര്‍ഷമായി യൂത്ത് കോണ്‍ഗ്രസിനെ നിഷ്ക്രിയമാക്കി മാറ്റിയ ഗ്രൂപ്പിന് നേതൃത്വം നല്‍കിയെന്ന ആരോപണം നേരിടുന്നയാളാണ് ബി വി ശ്രീനിവാസ്.  കേരളത്തില്‍ ഫ്ലാറ്റ് തട്ടിപ്പ് നടത്തിയ കുടുംബത്തില്‍ നിന്നുള്ള യൂത്ത് കോണ്‍ഗ്രസിന്റെ മലയാളി ഭാരവാഹിയും ശ്രീനിവാസിനെ പിന്തുണയ്ക്കുന്ന കൂട്ടത്തിലാണ്.

publive-image

പാര്‍ട്ടി ഏറ്റവും വെല്ലുവിളി നേരിടുന്ന കാലഘട്ടത്തില്‍ പോലും യൂത്ത് കോണ്‍ഗ്രസിന്റെ ഒരു പുനസംഘടന നടത്താന്‍ പോലും നിലവിലെ നേതൃത്വത്തിന് കഴിഞ്ഞിരുന്നില്ല.  സംഘടന ഉള്ള സംസ്ഥാനങ്ങളില്‍ അതിനെ ദുര്‍ബലപ്പെടുത്തിയതല്ലാതെ ഒരു സംസ്ഥാനത്ത് പോലും അതിനെ ശക്തിപ്പെടുത്താന്‍ ഈ നേതൃത്വത്തിന് കഴിഞ്ഞിരുന്നില്ല. ആ ടീമിന്റെ ഭാഗമായിരുന്ന ആളെ വീണ്ടും ഇത്തരത്തില്‍ സംഘടനാ വേദി ഉപയോഗിക്കാന്‍ ചുമതലപ്പെടുത്തിയതിനെതിരായാണ് വിമര്‍ശനം ഉയരുന്നത്.

കേരളത്തില്‍ പോലും ഡീന്‍ കുര്യാക്കോസില്‍ നിന്നും യൂത്ത് കോണ്‍ഗ്രസിനെ മോചിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ട് രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞു. കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം നടക്കുന്നതുവരെയുള്ള കഴിഞ്ഞ 4 വര്‍ഷങ്ങള്‍ യൂത്ത് കോണ്‍ഗ്രസ് കേരളത്തിലും ഉറക്കത്തിലായിരുന്നു.

Advertisment