പി ചിദംബരത്തിന്റെ അറസ്റ്റ് മുന്‍ ധനമന്ത്രിയെ ബിജെപിയിലെത്തിക്കുന്നതിനുള്ള എല്ലാ ശ്രമവും പരാജയപ്പെട്ടപ്പോഴെന്ന് റിപ്പോര്‍ട്ട്. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ചിദംബരത്തെ ധനമന്ത്രിയാക്കി മന്‍മോഹന്‍സിംഗിന്റെ തന്ത്രങ്ങള്‍ പരീക്ഷിക്കാനുള്ള നീക്കങ്ങള്‍ക്ക് ചിദംബരം വഴങ്ങിയില്ല. അറസ്റ്റിലേക്ക് കടന്നത് കോണ്‍ഗ്രസ് വിടില്ലെന്ന നിലപാടില്‍ ചിദംബരം ഉറച്ചുനിന്നപ്പോള്‍

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Saturday, August 24, 2019

ഡല്‍ഹി:   മുന്‍ ധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ അറസ്റ്റ് ചിദംബരത്തെ ബി ജെ പിയിലെത്തിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട സാഹചര്യത്തിലെന്ന് റിപ്പോര്‍ട്ട്.  ചിദംബരത്തിനെതിരെ മുമ്പ് പലതവണ അറസ്റ്റ് ഭീഷണി മുഴക്കിയത് സമ്മര്‍ദ്ദ തന്ത്രങ്ങളുടെ ഭാഗമായിരുന്നെന്നും മകന്‍ കാര്‍ത്തിക്കിന്റെ അറസ്റ്റും ഭാര്യയ്ക്കെതിരെയുള്ള അന്വേഷണവും ഈ ലക്ഷ്യം മുന്‍നിര്‍ത്തി ആയിരുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ യു പി എ സര്‍ക്കാര്‍ പരീക്ഷിച്ച തന്ത്രങ്ങള്‍ ചിദംബരത്തിലൂടെ സ്വന്തമാക്കാനായിരുന്നു ബി ജെ പി നീക്കമത്രേ. ബി ജെ പിയിലെത്തിയാല്‍ അരുണ്‍ ജെയ്റ്റ്ലി കൈകാര്യം ചെയ്തിരുന്ന വിധം സര്‍വ്വസ്വാതന്ത്ര്യത്തോടെ ധനവകുപ്പ് അദ്ദേഹത്തിന് നല്‍കാമെന്നും ഓഫര്‍ ഉണ്ടായിരുന്നു.  എന്നാല്‍ കോണ്‍ഗ്രസ് വിടാന്‍ ചിദംബരം തയാറാകാതെ വന്നതോടെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നീക്കങ്ങളിലേക്ക് കടക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകുകയായിരുന്നു.

കേന്ദ്ര സര്‍ക്കാരിനെ നിലവില്‍ ഏറ്റവും അലട്ടുന്ന പ്രശ്നം സാമ്പത്തിക പ്രതിസന്ധിയാണ്.  ആഗോള സാമ്പത്തിക പ്രതിസന്ധി ലോകം മുഴുവന്‍ ആഞ്ഞടിച്ചപ്പോഴും പിടിച്ചുനിന്ന രാജ്യമാണ് ഇന്ത്യ. അന്ന് ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയുടെ കാവലാളന്മാരായിരുന്നു മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗും ധനമന്ത്രിയായിരുന്ന പി ചിദംബരവും. മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനും അന്ന് ഈ ടീമിലെ മുഖ്യ ഘടകമായിരുന്നു.

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലമര്‍ന്നപ്പോള്‍ ഈ മൂവരെയും ബി ജെ പി കേന്ദ്രങ്ങള്‍ സമീപിച്ചിരുന്നു. മോഡിയുടെ കടുത്ത വിമര്‍ശകരായ മന്‍മോഹന്‍സിംഗും രഘുറാം രാജനും ബി ജെ പി നേതാക്കള്‍ക്ക് ചെവികൊടുത്തില്ല. പിന്നെ ആശ്രയിക്കാവുന്ന ഒരാള്‍ ചിദംബരമായിരുന്നു.

ചിദംബരത്തെ ബി ജെ പിയിലെത്തിച്ച് കേന്ദ്രമന്ത്രിയാക്കി ധനമന്ത്രാലയത്തിന്റെ ചുമതല നല്‍കിയാല്‍ പ്രതിസന്ധി പരിഹരിക്കാനുള്ള മന്‍മോഹന്‍സിംഗിന്റെ ഒറ്റമൂലി സ്വന്തമാക്കാമെന്നായിരുന്നു ബി ജെ പിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ ചിദംബരം അതിനു തയാറാകാതെ വന്നതോടെയാണ് അദ്ദേഹത്തിനുമേല്‍ കുരുക്കുമുറുക്കി സമ്മര്‍ദ്ദം ശക്തമാക്കാന്‍ തീരുമാനിച്ചത്.

ചിദംബരത്തെ ഒന്നിന് പിന്നാലെ ഒന്നായി കേസുകളില്‍ കുടുക്കുമെന്നും ഭാര്യയെയും മകനെയും കൂടി കേസുകളില്‍ ഉള്‍പ്പെടുത്തുമെന്നും വന്നാല്‍ ചിദംബരം വഴങ്ങുമെന്നാണ് മറുവിഭാഗത്തിന്റെ കണക്കുകൂട്ടല്‍. വഴങ്ങിയാല്‍ വലിയ അവസരങ്ങളും സാധ്യതകളുമാണ് ചിദംബരത്തെ കാത്തിരിക്കുന്നത്.

ഇതിനിടെ ചിദംബരത്തിന്റെ അറസ്റ്റിനെ രാഷ്ട്രീയമായിക്കൂടി നേരിടാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ്. അതിനിടയില്‍ പാര്‍ട്ടിയിലുണ്ടായിക്കൊണ്ടിരിക്കുന്ന തര്‍ക്കങ്ങളുമാണ് ഒന്നിച്ചുള്ള പോരാട്ടത്തിന് തടസമായി മാറിയിരിക്കുന്നത്. എന്നാല്‍ കോടതിയുടെ ഇടപെടല്‍ ചിദംബരത്തിന് തുണയാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസും ചിദംബരം കുടുംബവും.

×