Advertisment

പി സി ചാക്കോ എ ഐ സി സി ജനറൽ സെക്രട്ടറി പദവി രാജിവച്ചിട്ടില്ല. പകരം പ്രവർത്തക വികാരം ശമിപ്പിക്കാൻ ഒഴിവായത് ഡൽഹിയുടെ ചുമതല മാത്രം ! ഡൽഹിയിൽ വട്ടപൂജ്യമാക്കിയ ചാക്കോ പദവികൾ ഒഴിയാതെ പറ്റില്ലെന്ന് പൊതുവികാരം !

New Update

ഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിലെ നാണംകെട്ട പരാജയത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞുമാറി ഭാരവാഹിത്വം സംരക്ഷിച്ചു നിർത്താനുള്ള എ ഐ സി സി ജനറൽ സെക്രട്ടറി പി സി ചാക്കോയുടെ നീക്കത്തിനെതിരെ കോൺഗ്രസിനുള്ളിൽ അതൃപ്തി പുകയുന്നു.

Advertisment

രാജി മുറവിളി ഉയർത്തിയ പ്രവർത്തകരെ ശാന്തരാക്കാൻ ഉച്ചയ്ക്ക് രാജിപ്രഖ്യാപനം നടത്തിയത് ഡൽഹിയുടെ ചുമതലയിൽ നിന്ന് മാത്രമുള്ള രാജിയായിരുന്നു.

publive-image

എ ഐ സി സി ജനറൽ സെക്രട്ടറിയുടെ ചുമതലയിൽ തുടരാനുള്ള നീക്കമാണ് ചാക്കോ നടത്തുന്നത്. അതിനാൽ തന്നെ പാർട്ടിയിലെ ഭാരവാഹിത്വവും അദ്ദേഹം ഒഴിയണമെന്നാണ് ആവശ്യം.

ഇതിനിടെ ഡൽഹി ചുമതല ഒഴിഞ്ഞ ചാക്കോ അതിനിടെ നിരത്തിയ ന്യായീകരണങ്ങൾക്കെതിരെയും കോൺഗ്രസിൽ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്. കോൺഗ്രസിന്റെ വോട്ടുകൾ മുഴുവൻ എ എ പി കൊണ്ടുപോയെന്നും അത് തിരിച്ചു പിടിക്കാൻ സാധിച്ചില്ലെന്നുമായിരുന്നു പി സി ചാക്കോ പ്രതികരിച്ചത്.

എന്നാൽ കഴിഞ്ഞ 4 വർഷമായി ഡൽഹിയുടെ ചുമതല വഹിക്കുന്ന ചാക്കോ വോട്ടു ചോർച്ച തടയാൻ നോക്കാതെ എല്ലാം അവസാനിക്കുംവരെ എന്ത് ചെയ്തുകൊണ്ടിരിക്കുകയായിരുന്നെന്നാണ് നേതാക്കളുടെ ചോദ്യം.

നേരെയാക്കാൻ പറ്റില്ലെങ്കിൽ 3 വർഷം മുമ്പേ അദ്ദേഹം ഒഴിയേണ്ടതായിരുന്നു. താഴേത്തട്ട് മുതൽ സംഘടനയെ ഉടച്ചുവാർത്ത് പാർട്ടിയെ ശക്തിപ്പെടുത്തുകയാണ് സംസ്ഥാന ചുതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറിമാരുടെ ദൗത്യം.

സംഘടനയുടെ പൂർണ്ണമായ ഏകോപനമാണ് ജനറൽ സെക്രട്ടറിമാർ ചെയ്യേണ്ടത്. അതിനുപകരം പാർട്ടിയിൽ നിന്നുള്ള പ്രവർത്തകരുടെ ചോർച്ച തടയാതെ എല്ലാം നോക്കിനിന്ന ശേഷം വള്ളം മുങ്ങിയപ്പോൾ ചാടി രക്ഷപെടാനുള്ള നീക്കമാണ് അദ്ദേഹം നടത്തുന്നതെന്നാണ് മുതിർന്ന നേതാക്കൾ പ്രതികരിച്ചത്.

publive-image

15 വർഷം ഡൽഹി ഭരിച്ച അന്തരിച്ച നേതാവ് ഷീലാ ദീക്ഷിതിനെതിരെയും ചാക്കോ ഇന്ന് പ്രതികരണങ്ങൾ നടത്തിയിരുന്നു. ഷീലയുടെ കാലത്താണ് ക്ഷീണം ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാൽ അതെല്ലാം പരിഹരിച്ച് പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ചുമതല ഏറ്റെടുത്ത ചാക്കോ ഡി പി സി സി യിലെത്തിയപ്പോൾ ഷീലാ ദീക്ഷിതിനെതിരെ ഗ്രൂപ്പുണ്ടാക്കുകയായിരുന്നെന്ന വിമർശനം ശക്തമായിരുന്നു.

പോഷക സംഘടനകളെ ശക്തിപ്പെടുത്തുന്ന കാര്യത്തിൽ കഴിഞ്ഞ അഞ്ച് വർഷവും യാതൊരു നടപടിയും ഉണ്ടായില്ല.

ആ ഉത്തരവാദിത്വങ്ങളൊന്നും നിർവഹിക്കാതെ പാർട്ടിയെ രണ്ടാം വട്ടവും വട്ടപൂജ്യത്തിൽ നിലനിർത്തിയിട്ട് പരാജയ കാരണങ്ങൾ മറ്റുള്ളവരുടെ തലയിൽ കെട്ടിവയ്ക്കാനുള്ള നീക്കത്തിനെതിരെയാണ് കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ രംഗത്ത് വന്നിരിക്കുന്നത്.

എ ഐ സി സി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും രാജിവെച്ചില്ലെങ്കിൽ ചാക്കോയെ പുറത്താക്കണമെന്നാണ് പാർട്ടിയിലെ മുറവിളി. ഡൽഹിയുടെ ചുമതല ഒഴിഞ്ഞില്ലെങ്കിലും ചാക്കോയ്ക്ക് ഇനി ഡി പി സി സിയിലേക്ക് ചെല്ലാൻ കഴിയില്ല. അത്രയ്ക്കുമാണ് പ്രവർത്തകരുടെ വികാരം.

pc chacko
Advertisment