കേന്ദ്രമന്ത്രിസഭ പുനഃസംഘടിപ്പിച്ചേക്കും ! മലയാളിയും നയതന്ത്രവിദഗ്ദ്ധനുമായ സെയ്ദ് അക്ബറുദ്ദീൻ മോദി മന്ത്രിസഭയിലെത്താൻ സാധ്യത ! പുനഃസംഘടന കൊറോണ പ്രതിസന്ധിക്കുശേഷം !

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, May 1, 2020

ഡൽഹി:  കൊറോണ പ്രതിസന്ധികളിൽ നിന്നും രാജ്യം മോചിതമായാൽ ഉടൻ കേന്ദ്രമന്ത്രിസഭയിൽ അഴിച്ചുപണിക്ക് സാധ്യത.

രണ്ടാം മോഡി സർക്കാർ ഒരു വർഷം പൂർത്തിയാക്കുമ്പോൾ കൂടുതൽ പ്രതിശ്ചായയുള്ള മന്ത്രിമാരെ ഉൾപ്പെടുത്തിയും മികച്ച പ്രവർത്തന ചരിത്രമില്ലാത്തവരെ വകുപ്പ് മാറ്റുകയോ പാർട്ടി ചുമതലകളിൽ നിയമിക്കുകയോ ചെയ്യാനുമാണ് തീരുമാനമെന്നാണ് റിപ്പോർട്ട്.

പുതിയതായി മന്ത്രിസഭയിലെത്താൻ സാധ്യതയുള്ളവരിൽ പ്രധാനി പ്രമുഖ നയതന്ത്ര വിദഗ്ധനും നിലവിൽ യു എന്നിലെ ഇന്ത്യൻ പ്രതിനിധിയുമായ സെയ്ദ് അക്ബറുദ്ദീൻ ആണെന്നാണ് റിപ്പോർട്ട്. വിദേശകാര്യ മന്ത്രിയായി ഇദ്ദേഹം നിയമിക്കപ്പെടാനാണ് സാധ്യത.

ഒന്നാം മോഡി സർക്കാരിൽ അന്തരിച്ച സുഷമാ സ്വരാജിന്റെ സാന്നിധ്യംകൊണ്ട് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ വിദേശകാര്യ മന്ത്രാലയത്തിൽ നിലവിലെ മന്ത്രി എസ് ജയശങ്കറിന് കാര്യമായി ശോഭിക്കാൻ കഴിയുന്നില്ലെന്ന വിമർശനം ശക്തമാണ്.

വകുപ്പിലെ സഹമന്ത്രിമാർക്കും കാര്യമായി നേട്ടം കൊയ്യാനായില്ല. ഈ സാഹചര്യത്തിൽ ജയശങ്കറെ മറ്റേതെങ്കിലും വകുപ്പിലേക്ക് മാറ്റി അക്ബറുദ്ദീനെ വിദേശകാര്യ വകുപ്പിലേക്ക് കൊണ്ടുവരാനാണ് സാധ്യത.

യു എന്നിൽ നിന്നും ഈ വർഷം വിരമിക്കുന്ന സെയ്ദ് അക്ബറുദ്ദീൻ മലയാളിയാണെങ്കിലും ഹൈദരാബാദിലാണ് താമസം. 1985 ബാച്ച് ഇന്ത്യൻ ഫോറിൻ സർവീസ് ഉദ്യോഗസ്ഥനാണ്.

സെയ്ദ് അക്ബറുദ്ദീന്റെ രാജ്യാന്തര ബന്ധങ്ങൾ കേന്ദ്രസർക്കാറിന് മുതൽക്കൂട്ടാകുമെന്നാണ് ബി ജെ പിയുടെ പ്രതീക്ഷ. മാത്രമല്ല, ബി ജെ പി സർക്കാരിൽ ന്യൂനപക്ഷ മുഖമായി ഇദ്ദേഹം മാറും. മുതിർന്ന ചില ബി ജെ പി നേതാക്കളും കേന്ദ്രമന്ത്രിസഭയിൽ ഇടംപിടിക്കാൻ സാധ്യതയുണ്ട്.

×