Advertisment

ശിവകുമാറിന് വച്ചത് കൊണ്ടത് സിദ്ധാര്‍ത്ഥയ്ക്ക് ? ഡി കെയ്ക്കെതിരെ ഗുരുതര വെളിപ്പെടുത്തല്‍ നടത്താന്‍ ചെലുത്തിയ കടുത്ത സമ്മര്‍ദ്ദങ്ങള്‍ ഒടുവില്‍ സിദ്ധാര്‍ത്ഥയുടെ ആത്മഹത്യയ്ക്ക് കാരണമായതായി ആരോപണം

author-image
ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Updated On
New Update

ബാംഗ്ലൂര്‍:  ഇന്ത്യന്‍ കോഫി രാജാവ് എന്നറിയപ്പെട്ട കഫെ കോഫി ഉടമ വി ജി സിദ്ധാര്‍ത്ഥയുടെ മരണത്തിന് പിന്നിലെ രാഷ്ട്രീയ ബന്ധങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നതിനിടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെതിരെ ചില വെളിപ്പെടുത്തലുകള്‍ നടത്താനുള്ള സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാത്തതാണ് സിദ്ധാര്‍ത്ഥയുടെ മരണത്തിലേക്ക് നയിച്ച ആദായ നികുതി വകുപ്പിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് കാരണമെന്ന് റിപ്പോര്‍ട്ട്.

Advertisment

സിദ്ധാര്‍ത്ഥയുടെ കഫെ കോഫിയുടെ അക്കൌണ്ടില്‍ നിന്നും ശിവകുമാറുമായി ബന്ധമുള്ള അക്കൌണ്ടിലേക്ക് 20 കോടിയോളം രൂപ കൈമാറ്റം ചെയ്യപ്പെട്ടതിന്റെ രേഖകള്‍ ആദായനികുതി വകുപ്പിന് ലഭിച്ചു. 2017 ല്‍ ഡി കെ ശിവകുമാറിന്റെയും സഹായികളുടെയും വസതികളില്‍ നടത്തിയ റെയ്ഡുകളുമായി ബന്ധപ്പെട്ടായിരുന്നു ഈ രേഖകള്‍ ഐ ടി ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്.

publive-image

ഈ ഇടപാടിന് ഇടനിലക്കാരനായി നിന്നുവെന്നു സംശയിക്കുന്ന സിങ്കപ്പൂര്‍ പൗരന്‍ രജനീഷ് ഗോപിനാഥന്റെ വീട്ടില്‍ നിന്നും ഈ റെയ്ഡിനിടെ കണക്കില്‍പ്പെടാതെ സൂക്ഷിച്ചിരുന്ന 1.2 കോടി രൂപയും പിടിച്ചെടുത്തിരുന്നു. രജനീഷിന്റെ സഹോദരന്‍ മുനീഷ് ഗോപിനാഥ്‌ കഫെ കോഫിയുടെ ഡയരക്ടര്‍ ആണ്.

ഈ പണത്തിന്റെ ഉറവിടത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇത് സിദ്ധാര്‍ത്ഥയുടെ പണമെന്നായിരുന്നു രജനീഷിന്റെ മൊഴി. ഈ സഹോദരങ്ങള്‍ക്ക് ഹവാലാ ഇടപാടുകളുമായി ബന്ധമുള്ളതായുള്ള ആരോപണം ഇതിനിടെ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇവര്‍ക്ക് പങ്കാളിത്തമുള്ള കഫെ കോഫി ഡേയിലേക്ക് അന്വേഷണം നീളുന്നത്. അതോടെ ശിവകുമാറും സിദ്ധാര്‍ത്ഥയുമായുള്ള സൌഹൃദങ്ങളെക്കാള്‍ ഉപരി ഇവര്‍ തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങള്‍ സ്ഥാപിച്ചെടുക്കുന്നതിനും അതിനെ രജനീഷ്, മുനീഷ് സഹോദരങ്ങളുള്‍പ്പെട്ട ഹവാലാ ഇടപാടുമായി ബന്ധിപ്പിക്കുന്നതിനുമായിരുന്നു ആദായനികുതി വകുപ്പിന്റെ സമ്മര്‍ദ്ദം.

ഇക്കാര്യത്തില്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തണമെന്ന് ആദായനികുതി വകുപ്പിന്റെ ഏറ്റവും ഉന്നത പദവിയിലുള്ള ഒരാള്‍ സിദ്ധാര്‍ത്ഥയെ നേരിട്ട് സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. എന്നാല്‍ സൌഹൃദങ്ങളി;ലും ബിസിനസ് ഇടപാടുകളിലും തികച്ചും മാന്യതയും വിശ്വാസ്യതയും കാത്തുസൂക്ഷിച്ചിരുന്ന സിദ്ധാര്‍ത്ഥ ഇതിന് വഴങ്ങിയില്ല.

ഭാര്യാ പിതാവ് മുന്‍ മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ കടുത്ത അനുയായിയായി അറിയപ്പെടുന്ന ആളായിരുന്നു ഡി കെ ശിവകുമാര്‍. ആ ബന്ധം സിദ്ധാര്‍ത്ഥയുമായും തുടര്‍ന്നുകൊണ്ടിരുന്നു. അതിനാല്‍ തന്നെ കര്‍ണ്ണാടക രാഷ്ട്രീയത്തിലെ ഏറ്റവും തിളക്കമുള്ള നേതാക്കളില്‍ ഒരാളായ ശിവകുമാറിനെ ഒറ്റുകൊടുക്കാന്‍ സിദ്ധാര്‍ത്ഥ തയാറായില്ല. എന്നാല്‍ ഇതിന് സിദ്ധാര്‍ത്ഥയെ പ്രേരിപ്പിക്കുന്ന വിധം ആദായനികുതി വകുപ്പിനെ ഉപയോഗിച്ച് അദ്ദേഹത്തില്‍ നടത്തിയ കടുത്ത സമ്മര്‍ദ്ദമാണ് ഒടുവില്‍ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സംശയിക്കുന്നു.

Advertisment