സൂപ്പർതാരം വിജയ്‌ക്കെതിരെയുണ്ടായ നടപടി ബിജെപിയുടെ പ്രതികാര രാഷ്ട്രീയമെന്ന് ആരോപണം ! ഒപ്പം നിർത്താൻ പല തവണ ശ്രമിച്ചിട്ടും നടക്കാതെ വന്നപ്പോൾ ഐ ടി വകുപ്പിനെ ഉപയോഗിച്ച് നാണംകെടുത്താൻ നീക്കമെന്ന് ആരാധകരും !

ന്യൂസ് ബ്യൂറോ, ചെന്നൈ
Thursday, February 6, 2020

ചെന്നൈ: ദക്ഷിണേന്ത്യൻ സിനിമാതാരങ്ങളിൽ ഏറ്റവും അധികം ആരാധകരുള്ള തമിഴ് സൂപ്പർ താരം വിജയിയെ രാഷ്ട്രീയമായി ഒപ്പം നിർത്താനുള്ള ബി ജെ പി നീക്കം പരാജയപ്പെട്ടപ്പോഴാണ് ആദായനികുതി വകുപ്പ് താരത്തെ കസ്റ്റയിലെടുത്ത് ചോദ്യം ചെയ്തതെന്ന് ആരോപണം.

രജനീകാന്ത് കഴിഞ്ഞാൽ തമിഴ് സിനിമയിൽ ഏറ്റവും അധികം ആരാധകരുള്ള നടനാണ് വിജയ്. ന്യൂനപക്ഷ സമുദായാംഗമായ വിജയിയുടെ സാന്നിധ്യം ബി ജെ പിക്ക് രാഷ്ട്രീയമായി വലിയ മുന്നേറ്റത്തിന് സഹായകരമാകും എന്നാണ് ഇവിടെ നിന്നുള്ള ബി ജെ പി നേതാക്കളുടെ വിലയിരുത്തൽ.

അതിനാൽ തന്നെ വിജയിയെ കേന്ദ്ര സർക്കാർ നിലപാടുകൾ അംഗീകരിക്കുന്ന സെലിബ്രിറ്റിയാക്കി മാറ്റാൻ പലതവണ ശ്രമം നടന്നിരുന്നതായാണ് ആരോപണം.

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കും തമിഴ്‌നാട്ടിലെ ബി ജെ പി നേതാക്കൾ വിജയിയെ നിര്ബന്ധിച്ചിരുന്നത്രെ. മലയാള സൂപ്പർ താരം മോഹൻലാൽ ഉൾപ്പെടെ പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തുകയും അദ്ദേഹത്തെ ആനുകൂലിച്ച് പോസ്റ്റിടുകയും ചെയ്തിരുന്നു.

എന്നാൽ കഴിഞ്ഞ 4 വർഷത്തിനിടെ പുറത്തിറങ്ങിയ പല വിജയ് സിനിമകളും കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള വിമർശനങ്ങൾ അടങ്ങുന്ന ഡയലോഗുകൾ കൊണ്ട് കയ്യടി നേടിയിരുന്നു. ഇതിന്റെ പേരിൽ തമിഴ്‌നാട്ടിലെ അണ്ണാ ഡി എം കെ സർക്കാർ പ്രതിനിധികൾ വിജയ്‌ക്കെതിരെ പരസ്യ വിമർശനങ്ങൾ അഴിച്ചുവിട്ടിരുന്നു.

അടുത്തിടെ സംസ്ഥാനത്ത് നടന്ന ചില സംഭവ വികാസങ്ങളിലും വിജയ് സർക്കാരിനെതിരെയുള്ള നിലപാട് സ്വീകരിച്ചിരുന്നു. ഇതോടെ വിജയിയുടെ കാര്യത്തിൽ കേന്ദ്രം ഭരിക്കുന്ന ബി ജെ പിയും സംസ്ഥാനം ഭരിക്കുന്ന അണ്ണാ ഡി എം കെയും സമാന നിലപാടുകാരായി മാറി.

‘ബിഗിൽ’ സിനിമയുടെ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ചാണ് അന്വേഷണം എങ്കിലും വിജയിയെ ഷൂട്ടിങ് സെറ്റിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയും ഷൂട്ടിങ് നിർത്തി വയ്പ്പിക്കുകയും പോലീസ് അകമ്പടിയോടെ ഐ ടി ഉദ്യോഗസ്ഥർ വാഹനത്തിൽ കയറ്റി കൊണ്ടുപോകുകയും ചെയ്തത് അപമാനിക്കലും പ്രതികാര നടപടിയുമാണെന്ന വികാരമാണ് വിജയ് ഫാൻസിനുള്ളത്.

സാമ്പത്തിക കാര്യങ്ങളിൽ കൃത്യതയുള്ള ഇടപാടുകളാണ് താരം നടത്താറുള്ളതെന്നും ഫാൻസുകാർ പറയുന്നു. എന്തായാലും വിജയിക്കെതിരെയുള്ള നടപടി തമിഴ്‌നാട്ടിൽ രാഷ്ട്രീയമായി പ്രതിഫലിക്കും എന്ന് തീർച്ച.

×