ഡൽഹി: ഗുസ്‌തി ഫെഡറേഷൻ ഒഫ് ഇന്ത്യ മേധാവി ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരായ പോക്സോ കേസ് നിലനിൽക്കുമോയെന്ന് ഇനി കോടതി തീരുമാനിക്കും. പരാതി വ്യാജമെന്ന് പരാതിക്കാരി മൊഴി നൽകിയതിനാൽ കേസ് എഴുതിത്തള്ളണമെന്ന് ഡൽഹി പോലീസ് കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ജൂലായ് നാലിനാണ് ഈ റിപ്പോർട്ട് കോടതി പരിശോധിക്കുന്നത്. അതിനിടെ ലൈംഗിക അതിക്രമക്കേസിലെ കുറ്റപത്രം സ്വീകരിക്കുന്നതിലും, പ്രതികൾക്ക് സമൻസ് അയക്കുന്നതിലും കോടതി തീരുമാനം ജൂലായ് ഒന്നിനുണ്ടാവും. ബ്രിജ് ഭൂഷൺ, കൂട്ടുപ്രതിയായ ഗുസ്‌തി ഫെഡറേഷൻ സെക്രട്ടറി വിനോദ് തോമർ എന്നിവർക്കെതിരെ സമൻസ് അയക്കുന്നതിലാണ് അന്ന് തീരുമാനമെടുക്കുന്നത്.
ജനപ്രതിനിധികൾക്കെതിരെയുളള കേസുകൾ കൈകാര്യം ചെയ്യുന്ന ഡൽഹി അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേട്ട് കോടതി കേസ് പരിഗണിച്ചെങ്കിലും 1082 പേജുളള കുറ്റപത്രം പരിശോധിക്കാൻ കൂടുതൽ സമയം ആവശ്യമാണെന്ന് വ്യക്തമാക്കി. തുടർന്ന് കേസ് ജൂലായ് ഒന്നിന് പരിഗണിക്കാൻ മാറ്റുകയായിരുന്നു.
അതേസമയം, കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഇരകളായ ഗുസ്‌തി താരങ്ങൾ സമർപ്പിച്ച ഹർജി കോടതി തളളി. കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ ഹർജി അപ്രസക്തമായെന്ന് നിരീക്ഷിച്ചുക്കൊണ്ടാണ് മജിസ്ട്രേട്ട് ഹർജീത് സിംഗ് ജസ്പാലിന്റെ നടപടി. കുറ്റപത്രത്തിന്റെ പകർപ്പ് വേണമെന്ന ഗുസ്തി താരങ്ങളുടെ ആവശ്യം പരിഗണിച്ച കോടതി, ഇതിനായി പ്രത്യേക അപേക്ഷ സമർപ്പിക്കാൻ നിർദ്ദേശിച്ചു.
ആറ് വനിത ഗുസ്‌തി താരങ്ങൾ നൽകിയ ലൈംഗിക അതിക്രമപരാതിയിലെ കുറ്റപത്രം പ്രത്യേക അന്വേഷണസംഘം ജൂൺ 15ന് ഡൽഹി റോസ് അവന്യു കോടതിയിലാണ് സമർപ്പിച്ചിരുന്നത്. ബ്രിജ് ഭൂഷൺ, ഉത്തർപ്രദേശിലെ കൈസർഗഞ്ച് ലോക്‌സഭാ മണ്ഡലത്തിൽ നിന്നുളള ബി.ജെ.പി..എം.പിയാണ്.
ഈസാഹചര്യത്തിൽ ജനപ്രതിനിധികൾക്കെതിരെയുളള കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയിലേക്ക് കേസ് മാറ്റുകയായിരുന്നു. അതിനിടെ, വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ബ്രിജ് ഭൂഷൺ അതിനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു.
2012 മുതൽ 2022 വരെയുളള കാലയളവിൽ ഇന്ത്യയിലും വിദേശത്തുമായി നടന്ന വിവിധ മത്സരങ്ങൾക്കിടെ ബ്രിജ് ഭൂഷൺ ലൈംഗിക അതിക്രമം കാട്ടിയെന്നാണ് ഇരകളായ ആറ് വനിതാ ഗുസ്‌തി താരങ്ങളുടെ ആരോപണം. ടീ ഷർട്ട് വലിച്ചു മുകളിലേക്ക് കയറ്റി, ശ്വാസം പരിശോധിക്കാനെന്ന വ്യാജേന വയറിലൂടെ കൈ ഓടിച്ചു തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്.
പ്രായപൂർത്തിയാകാത്ത വനിത ഗുസ്‌തി താരവും, പിതാവും മൊഴി മാറ്റിയ സാഹചര്യത്തിൽ ബ്രിജ് ഭൂഷണെതിരെയുളള പോക്സോ ചുമത്തിയ കേസ് എഴുതിതളളണമെന്ന റിപ്പോർട്ട് ജൂൺ 15ന് ഡൽഹി പോലീസ് പട്യാല ഹൗസ് കോടതിയിൽ സമർപ്പിച്ചിരുന്നു.
ബ്രിജ് ഭൂഷണ് പോക്സോ കേസ് വൻ തിരിച്ചടിയാകുമെന്ന് കണ്ട് പെൺകുട്ടിക്കും പിതാവിനും മേൽ സമ്മർദ്ദം ചെലുത്തി മൊഴി പിൻവലിച്ചുവെന്ന ആക്ഷേപം ശക്തമാണ്. അതേസമയം, ബ്രിജ് ഭൂഷണെതിരെ കുറ്റപത്രം സമർപ്പിക്കുമെന്ന കേന്ദ്രസർക്കാർ വാഗ്ദാനം നടപ്പായ സാഹചര്യത്തിൽ ഇനി പോരാട്ടം തെരുവിൽ അല്ലെന്നും, കോടതിയിലാണെന്നും ബജ്രംഗ് പുനിയ, വിനേഷ് ഫൊഗട്ട്, സാക്ഷി മാലിക് തുടങ്ങിയ ഗുസ്തി താരങ്ങൾ ജൂൺ 22ന് നിലപാട് വ്യക്തമാക്കിയിരുന്നു.