കത്തിപ്പടരാൻ വിവാദ വിഷയങ്ങൾ ഏറെ. പാർലമെന്റിന്റെ നിർണായകമായ വർഷകാല സമ്മേളനം 20 മുതൽ. ഏക സിവിൽകോഡ് ബിൽ വന്നേക്കും. മണിപ്പൂർ കലാപം, ബാലസോർ ട്രെയിൻ ദുരന്തം എന്നിവ ഉയർത്തി സർക്കാരിനെ പ്രതിരോധത്തിലാക്കാൻ പ്രതിപക്ഷം. പഴയ പാർലമെന്റ് മന്ദിരത്തിൽ ആരംഭിക്കുന്ന സമ്മേളനം പകുതിയാവുമ്പോൾ പുതിയ മന്ദിരത്തിലക്ക്.

New Update

publive-image

Advertisment

ഡൽഹി: പാർലമെന്റിന്റെ നിർണായകമായ വർഷകാല സമ്മേളനം ജൂലായ് 20 മുതൽ ആഗസ്റ്റ് 11വരെ ചേരും. സമ്മേളനത്തിൽ കത്തിപ്പടരാൻ വിവാദ വിഷയങ്ങൾ ഏറെയാണ്. ഏക സിവിൽ കോഡ് ബിൽ കേന്ദ്രസർക്കാർ ഈ സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും.

ഏകസിവിൽ കോഡ് ബിൽ അവതരിപ്പിച്ചാൽ പ്രതിപക്ഷ പാർട്ടികളുടെ കടുത്ത പ്രതിഷേധത്തിന് പാർലമെന്റ് സാക്ഷിയാവും. പഴയ പാർലമെന്റ് മന്ദിരത്തിൽ ആരംഭിക്കുന്ന സമ്മേളനം പകുതിയാവുമ്പോൾ പുതിയ മന്ദിരത്തിലക്ക് മാറും.

വർഷകാല സമ്മേളനം പ്രധാനമന്ത്രി നരേന്ദ്രമോദി മേയ് 28ന് രാജ്യത്തിന് സമർപ്പിച്ച പുതിയ മന്ദിരത്തിൽ നടക്കുമെന്ന് സൂചനകളുണ്ടെങ്കിലും കേന്ദ്രസർക്കാർ ഇതു സംബന്ധിച്ച പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല. സമ്മേളനം പഴയ മന്ദിരത്തിൽ തുടങ്ങി ഇടയ്‌ക്കുവച്ച് പുതിയതിലേക്ക് മാറാനുമിടയുണ്ട്. പുതിയ മന്ദിരത്തിൽ രാഷ്‌ട്രീയ കക്ഷികൾക്കുള്ള ഓഫീസുകളും മറ്റും ഒരുക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. ഇവ തീർന്നാലുടൻ സമ്മേളനം പുതിയ മന്ദിരത്തിലേക്ക് മാറും.

23 ദിവസത്തെ പാർലമെന്റ് സെഷനിൽ 17 സിറ്റിംഗുകൾ ഉണ്ടാകുമെന്നും നിയമനിർമ്മാണത്തിനും മറ്റ് കാര്യങ്ങൾക്കും ക്രിയാത്മകമായി സംഭാവന നൽകാൻ എല്ലാ കക്ഷികളോടും അഭ്യർത്ഥിക്കുന്നുവെന്നും പാർലമെന്ററികാര്യ മന്ത്രി പ്രൾഹാദ് ജോഷി ട്വീറ്റു ചെയ്‌തു. ഏകസിവിൽ കോഡും മണിപ്പൂർ കലാപവും ഉയർത്തി പ്രതിപക്ഷം സർക്കാരിനെ ആക്രമിക്കാൻ ശ്രമിച്ചാൽ സമ്മേളനം പ്രക്ഷുബ്‌ധമാകുമെന്നുറപ്പാണ്.

ഡൽഹി സർക്കാരിന് നിയമനിർമ്മാണത്തിലും ഭരണത്തിലും ചില അധികാരങ്ങൾ നൽകിയ സുപ്രീം കോടതി വിധിയെ മറികടക്കാൻ കൊണ്ടുവന്ന ഓർഡിനൻസിന് പകരമുള്ള ബില്ലിനെ ചൊല്ലിയും ബഹളം പ്രതീക്ഷിക്കാം. ഒാർഡിനൻസിനെ എതിർക്കുന്ന ഡൽഹി ഭരണകക്ഷിയായ ആംആദ്‌മി പാർട്ടിക്ക് കോൺഗ്രസ് ഒഴികെയുള്ള പാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ മണിപ്പൂർ വിഷയം അടക്കം ഉയർത്തി കേന്ദ്ര സർക്കാരിനെ ആക്രമിക്കാൻ സോണിയാ ഗാന്ധിയുടെ വസതിയിൽ ചേർന്ന കോൺഗ്രസ് പാർലമെന്ററി പാർട്ടി, സ്ട്രാറ്റജി ഗ്രൂപ്പ് യോഗത്തിൽ തീരുമാനിച്ചു.

മണിപ്പൂർ കലാപത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി ബിരേൻ സിംഗ് രാജിവയ്‌ക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം വെടിയണമെന്നും ശക്തമായി ആവശ്യപ്പെടും. ബാലസോർ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ റെയിൽവേ സുരക്ഷ സമ്മേളനത്തിൽ പാർട്ടി ഉന്നയിക്കുമെന്ന് കമ്മ്യൂണിക്കേഷൻ വിഭാഗം മേധാവി ജയ്‌റാം രമേശ് വെളിപ്പെടുത്തി.

വനിതാ ഗുസ്‌തിക്കാർക്കു നേരെയുള്ള ഡൽഹി പൊലീസ് അതിക്രമം, പുതിയ പാർലമെന്റ് മന്ദിര ഉദ്ഘാടനത്തിന് പ്രസിഡന്റ് ദ്രൗപതി മുർമുവിനെ ക്ഷണിക്കാത്തത്, പണപ്പെരുപ്പം, തൊഴിലില്ലായ്മ, ഗവർണർമാരുടെ തെറ്റായ രീതികൾ, അദാനി അഴിമതിയിൽ സംയുക്ത പാർലമെന്ററി കമ്മിറ്റി അന്വേഷണം തുടങ്ങിയ വിഷയങ്ങളും പ്രതിപക്ഷം പാർലമെന്റിൽ ഉന്നയിക്കും.

Advertisment