എതിർപ്പുകളെല്ലാം അവഗണിച്ച് ഏക സിവിൽ കോഡ് പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ കൊണ്ടുവരാൻ കേന്ദ്രസർക്കാർ. രാജ്യത്തെ എല്ലാ പൗരൻമാർക്കും തുല്യമായി ബാധകമാകുന്ന വ്യക്തി നിയമമെന്ന് കേന്ദ്രം. ജനങ്ങൾക്കും മതസംഘടനകൾക്കും ബില്ലിന്മേൽ അഭിപ്രായം അറിയിക്കാം. വ്യക്തിനിയമത്തിൽ ഏകരൂപമുണ്ടാക്കുന്ന ചരിത്രപരമായ നിയമമെന്ന് കേന്ദ്രം. ശക്തമായി എതിർക്കാൻ പ്രതിപക്ഷം

New Update

publive-image

Advertisment

ഡൽഹി: പലഭാഗത്തു നിന്നുമുള്ള അതിശക്തമായ എതിർപ്പുകൾ വകവയ്ക്കാതെ ഏക സിവിൽ കോഡ് പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ കൊണ്ടുവരാൻ കേന്ദ്രസർക്കാർ നീക്കം തുടങ്ങി. ഇതിനു മുന്നോടിയായി പൊതുജനങ്ങളിൽ നിന്നും, മതസംഘടനകളിൽ നിന്നും ലോ കമ്മിഷൻ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ആശയങ്ങളും ക്ഷണിച്ചു.

ശീതകാല സമ്മേളനത്തിൽ ഇതു സംബന്ധിച്ച ബിൽ പാർലമെന്റിൽ കൊണ്ടുവരും. രാജ്യത്തെ ഒന്നിപ്പിക്കുന്ന നിയമ നിർമാണം എന്ന നിലയിലാണ് ഏകീകൃത സിവിൽ കോഡിനെ പിന്തുണയ്ക്കുന്നവർ ഉയർത്തുന്ന വാദം.

എന്നാൽ രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് എതിരാണ് ഈ നിയമം എന്ന് പ്രതികൂലിക്കുന്നവരും വാദിക്കുന്നു. ചില രാഷ്ട്രീയ കക്ഷികൾക്ക് പുറമെ മുസ്ലീം വ്യക്തി നിയമ ബോർഡ് ഉൾപ്പെടെ ഏകീകൃത സിവിൽ കോഡിന് എതിരെ രംഗത്തെത്തിയിട്ടുണ്ട്.

എതിർപ്പുകൾക്കും ആശങ്കകൾക്കും അടിസ്ഥാനമില്ലെന്നും മതം, ലിംഗം, ലൈംഗിക ആഭിമുഖ്യം എന്നിവയുടെ തരംതിരിവില്ലാതെ രാജ്യത്തെ എല്ലാ പൗരൻമാർക്കും തുല്യമായി ബാധകമാകുന്ന വ്യക്തി നിയമം എന്നതാണ് ഏകീകൃത സിവിൽ കോഡ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നതെന്നും കേന്ദ്രസർക്കാർ വിശദീകരിക്കുന്നു.

വിവാഹം, വിവാഹ മോചനം, പിന്തുടർച്ചാവകാശം, ദത്തെടുക്കൽ എന്നിവയ്‌ക്കെല്ലാം രാജ്യത്താകമാനം എല്ലാ മതവിഭാഗങ്ങൾക്കും ബാധകമായ നിയമമാവും ഇത്. ഭരണഘടനയുടെ 44 -ാം അനുഛേദത്തിൽ, നിർദേശക തത്വങ്ങളിൽ രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കണം എന്നു പറയുന്നുണ്ട്.

സിവിൽ കോഡ് സംബന്ധിച്ച വലിയ ചർച്ചകൾ ഭരണഘടനാ രൂപീകരണ സമയത്ത്‌ ഉണ്ടായിട്ടുണ്ട്. സിവിൽ കോഡ് മൗലിക അവകാശമാക്കണമെന്ന ആവശ്യമുയർന്നിരുന്നു. നിർദേശക തത്വങ്ങളിൽ ഉൾപ്പെടുത്തിയാൽ മതിയെന്ന സർദാർ വല്ലഭായി പട്ടേലിന്റെ നേതൃത്വത്തിൽ ഉള്ള ഉപസമിതിയുടെ തീരുമാനത്തിന് ഭൂരിപക്ഷ പിന്തുണ ലഭിച്ചു.

ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനെ എന്നും സുപ്രീംകോടതി പിന്തുണച്ചിട്ടുണ്ട്. നിരവധി വിധിന്യായങ്ങളിൽ കോടതി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. തലാഖ് ചൊല്ലി വിവാഹബന്ധം വേർപെടുത്തിയ ഷാ ബാനുവിന് മുൻഭർത്താവ് ജീവനാംശം നൽകണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.

ഈ ഉത്തരവിൽ ഏകീകൃത സിവിൽ കോഡിന്റെ ആവശ്യകത കോടതി ചൂണ്ടിക്കാട്ടിയിരുന്നു. കേന്ദ്രസർക്കാർ നിയമനിർമ്മാണത്തിലൂടെ ഈ ഉത്തരവ് മറികടന്നു. 1995 -ലെ മുദ്ഗൽ വിധിന്യായം, 97 -ലെ ജോൺ വള്ളമറ്റം കേസ്, 2019 -ലെ പൗലോ കുടീഞ്ഞോ കേസ് തുടങ്ങി നിരവധി വിധികളിൽ ഏകീകൃത സിവിൽ കോഡിന്റെ ആവശ്യകത കോടതി പരാമർശിച്ചിട്ടുണ്ട്.

കേന്ദ്രസർക്കാരിന്റെ കണക്ക് പ്രകാരം ആയിരത്തോളം വ്യക്തിനിയമങ്ങളാണ് രാജ്യത്തുള്ളത്. സിവിൽ കോഡ് വരുമ്പോൾ ഈ നിയമങ്ങളെല്ലാം ഏകീകരിക്കപ്പെടും. ഹിന്ദു, സിക്ക്, ജൈന, ബുദ്ധ വിഭാഗങ്ങൾക്ക് ഹിന്ദുവ്യക്തി നിയമങ്ങളാണ് ബാധകം.

മുസ്ലിം വിഭാഗത്തിൽ ശരീയത്ത് അപ്ലിക്കേഷൻ നിയമം 1937, മുസ്ലിം വുമൺ റൈറ്റ് ടു പ്രൊട്ടക്ഷൻ ഓൺ ഡിവോഴ്‌സ് നിയമം 1986, മുസ്ലിം മാരേജ് ഡിസൊലൂഷൻ നിയമം 1939, (മുസ്ലിം സ്ത്രീകളുടെ വിവാഹമോചനത്തിന് മാത്രമുള്ള നിയമമാണ്) തുടങ്ങിയ നിരവധി നിയമങ്ങളുണ്ട്.

ക്രിസ്ത്യൻ വിഭാഗത്തിൽ ക്രിസ്ത്യൻ വിവാഹ നിയമം, ഇന്ത്യൻ ഡിവോഴ്‌സ് നിയമം, ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമം എന്നിവയുണ്ട്. പാഴ്‌സികൾക്കായി, പാഴ്‌സി മാരേജ് ആൻഡ് ഡിവോഴ്‌സ് നിയമമുണ്ട്. ഇതിനുപുറമെ വിവിധ ഗോത്രവിഭാഗങ്ങൾ ഉൾപ്പെടെ കാലങ്ങളായി പിന്തുടരുന്ന എഴുതപ്പെട്ടിട്ടുള്ളതും അല്ലാത്തതുമായ നിരവധി വ്യക്തി നിയമങ്ങൾ വേറെയുണ്ട്.

മത, ലിംഗ, ജാതി വ്യത്യാസമില്ലാതെ വ്യക്തി നിയമം എല്ലാ പൗരന്മാർക്കും ഒരുപോലെ ബാധകമാക്കുന്നതാണ് ഏക സിവിൽ കോഡ്. വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം, ദത്തെടുക്കൽ തുടങ്ങിയ വ്യക്തി വിഷയങ്ങൾക്ക് കോഡ് നിർണായകമാകും.

രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നിലവിലുള്ള ഏക സംസ്ഥാനം ഗോവയാണ്. ഉത്തരാഖണ്ഡ് പഠനത്തിനായി സമിതി രൂപീകരിച്ചു, ഗുജറാത്തിൽ നടപടികൾ പ്രാഥമിക ഘട്ടത്തിലാണ്. ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും ആചാരങ്ങൾ പിന്തുടരാനും പൗരൻമാർക്ക് മൗലിക അവകാശമുള്ള രാജ്യമാണ് ഇന്ത്യ.

ഒന്നുകിൽ ഈ വ്യക്തി നിയമങ്ങളെല്ലാം അസാധുവാക്കി ഒരു സിവിൽ കോഡ് രൂപീകരിക്കാം. അല്ലെങ്കിൽ ചില വിഷയങ്ങളിൽ മാത്രം ഏകീകൃത സ്വഭാവം നിലനിർത്തി വ്യക്തിനിയമങ്ങൾ പ്രത്യേക വിഭാഗമാക്കി ഉൾപ്പെടുത്തി സിവിൽ കോഡിന് രൂപം നൽകാം.

ഏക സിവിൽ കോഡ് ആവശ്യം ബി.ജെ.പി ശക്തമായി ഉയർത്തുന്നതിനിടെ ഇരുപത്തിരണ്ടാം ലോ കമ്മിഷന്റെ കാലാവധി 2024 ആഗസ്‌റ്റ് 31 വരെ കേന്ദ്രസർക്കാർ നീട്ടിയിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്ര ക്യാബിനറ്റ് യോഗം ഒന്നരവർഷം കൂടി കാലാവധി നീട്ടിയത്. കർണാടക മുൻ ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്‌തി അദ്ധ്യക്ഷനും ജസ്റ്റിസ് കെ.ടി. ശങ്കരൻ, പ്രൊഫസർ ഡോ. ആനന്ദ് പലിവാൽ, പ്രൊഫസർ ഡി.പി. വർമ്മ എന്നിവർ അംഗങ്ങളുമാണ്.

ഏക സിവിൽ കോഡ് നടപ്പാക്കുന്നത് രാജ്യത്തിന്റെ മതേതര സ്വഭാവത്തെ ശക്തിപ്പെടുത്തുമെന്ന് ഉത്തരാഖണ്ഡ് സർക്കാർ നിയോഗിച്ച സമിതിയുടെ അദ്ധ്യക്ഷ ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായ് പറഞ്ഞു. ഡൽഹിയിലെ ഉത്തരാഖണ്ഡ് ഭവനിൽ പൊതുജനങ്ങളുടെ അഭിപ്രായം നേരിട്ട് രേഖപ്പെടുത്താൻ എത്തിയതാണ് മുൻ സുപ്രീംകോടതി ജഡ്‌ജി.

അസമത്വങ്ങൾക്കെതിരെയുളള പോരാട്ടത്തിന് കോഡ് സഹായകമാകും. ലിംഗസമത്വം കൂടി മനസിൽവച്ചാണ് കരട് തയ്യാറാക്കുന്നത്. എല്ലാ മതവിഭാഗത്തിൽപ്പെട്ടവർക്കും യോജിക്കാവുന്ന രീതിയിലുളള കരട് ബിൽ തയ്യാറാക്കാനാണ് ശ്രമമെന്നും സമിതി അദ്ധ്യക്ഷ കൂട്ടിച്ചേർത്തു.

2022ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി പ്രകടനപത്രികയിലെ വാഗ്ദാനമായിരുന്നു ഏക സിവിൽ കോഡ് ഉത്തരാഖണ്ഡിൽ നടപ്പാക്കുമെന്നത്. അഞ്ചംഗ സമിതിയെയാണ് പുഷ്‌ക്ക‌ർ സിംഗ് ധാമി സർക്കാർ ഇതിനായി നിയോഗിച്ചിരിക്കുന്നത്.

Advertisment