‘ഇന്നലെ പൊലീസ് നായ തെരഞ്ഞിട്ട് പോലും കിട്ടിയില്ല; ഇന്ന് മൃതദേഹം ആറ്റിൽ കൊണ്ടിട്ടതാകാം’: ദേവനന്ദയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് പ്രദേശ വാസികൾ

ന്യൂസ് ബ്യൂറോ, കൊല്ലം
Friday, February 28, 2020

കൊല്ലം : പള്ളിമൺ ഇളവൂരിൽ കാണാതായ ആറ് വയസുകാരി ദേവനന്ദയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് പ്രദേശവാസികൾ. കുട്ടി അമ്മയില്ലാതെ ഒറ്റയ്ക്ക് പുറത്തുപോകാറില്ലെന്നും അതുകൊണ്ട് ഇത്തിക്കരയാറ്റിലേക്ക് കുട്ടി പോകാൻ സാധ്യതയില്ലെന്നും പ്രദേശവാസികൾ അഭിപ്രായപ്പെട്ടു.

‘പൊലീസ് നായവരെ വന്ന് തെരഞ്ഞിട്ടും ഒന്നും കണ്ടില്ല. ഇന്നലെ വൈകിട്ടും രാത്രിയും തെരച്ചിൽ നടന്നിരുന്നു. എന്നിട്ടും ഒന്നും ലഭിച്ചില്ല. ഇന്ന് രാവിലെയാണ് മൃതദേഹം ഇത്തിക്കരയാറ്റിൽ നിന്ന് ലഭിക്കുന്നത്. ആരെങ്കിലും മൃതദേഹം ആറ്റിൽ കൊണ്ടിട്ടതായിരിക്കും’- പ്രദേശവാസിയായ സ്ത്രീ പറഞ്ഞു.

സംഭവം നിർഭാഗ്യകരമാണെന്നും മറ്റേതെങ്കിലും തരത്തിലുള്ള ദുരൂഹതയുണ്ടോയെന്ന് അന്വേഷണം പൂർത്തിയാക്കിയ ശേഷം മാത്രമേ പറയാൻ കഴിയുവെന്നും എൻ.കെ പ്രേമചന്ദ്രൻ എംപി പറഞ്ഞു. കുട്ടിയുടെ മൃതദേഹം ഇത്തിക്കരയാറ്റിൽ നിന്ന് കണ്ടെത്തിയതിനാൽ അസ്വാഭാവികതയൊന്നുമില്ലെന്നും ദുരൂഹതകൾക്കുള്ള സാധ്യതയും എംപി തള്ളി.

×