/sathyam/media/media_files/KsNFhe67MFJxXlTX7es4.jpg)
കുപ്‌വാര: ജമ്മു കശ്മീരിലെ കുപ്‌വാരയിൽ നിയന്ത്രണ രേഖയ്ക്കു സമീപമുള്ള ശാരദാപീഠ ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്കു തുടക്കം. ഹംപിയിൽ നിന്നുള്ള സ്വാമി ഗോവിന്ദാനന്ദ സരസ്വതിയുടെ നേതൃത്വത്തിലാണ് ആഘോഷങ്ങൾ. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ശാരദാപീഠത്തിൽ നവരാത്രി പൂജ.
നാടകകാരൻ എ.കെ. റെയ്‌നയും സേവ് ശാരദാ സമിതി സ്ഥാപകനും അധ്യക്ഷനുമായ രവീന്ദർ പണ്ഡിതയും ഉൾപ്പെടെ കശ്മീരി പണ്ഡിറ്റ് സമൂഹത്തിന്‍റെ പ്രതിനിധികളും ഞായറാഴ്ച നവരാത്രി പൂജയ്ക്ക് സാക്ഷ്യം വഹിക്കാനെത്തി.
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നു ഭക്തരും ചരിത്രത്തിന്‍റെ ഭാഗമായി. രാജ്യത്തിന്‍റെ വൈവിധ്യമാർന്ന പൈതൃകത്തിന്‍റെ ഉയർത്തെഴുന്നേൽപ്പിനും ഐക്യത്തിനും തെളിവാണിതെന്നു രാജസ്ഥാനിൽ നിന്ന് ദർശനത്തിനെത്തിയ വിജയ ദേവി പറഞ്ഞു.
ഏറെക്കാലമായി തങ്ങൾ ആഗ്രഹിച്ചതാണ് ഇപ്പോൾ യാഥാർഥ്യമായതെന്നു പ്രദേശവാസിയായ അജാസ് ഖാൻ പ്രതികരിച്ചു. സ്വാതന്ത്ര്യത്തിനു മുൻപ് ക്ഷേത്രം നിലനിന്ന ഭൂമിയിൽ നിർമിച്ച പുതിയ ക്ഷേത്രം കഴിഞ്ഞ മാർച്ച് 23ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണു ഭക്തർക്കായി തുറന്നുകൊടുത്തത്. ഒരു ഗുരുദ്വാരയും നിർമിച്ചിട്ടുണ്ട് ഇവിടെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യം അതിന്‍റെ ആത്മീയ, സാംസ്കാരിക ദീപം വീണ്ടും തെളിക്കുകയാണെന്ന് അമിത് ഷാ പറഞ്ഞു.