തിരുവനന്തപുരം: യുവസംവിധായിക നയനസൂര്യയുടെ മരണത്തിൽ പൊലീസിനെതിരെ ആരോപണവുമായി കുടുംബം. മരണത്തിൽ അസ്വാഭാവികത ഇല്ലെന്ന് പൊലീസ് പറഞ്ഞു വിശ്വസിപ്പിച്ചെന്ന് കുടുംബം ആരോപിക്കുന്നു. നയനയുടെ മരണത്തിൽ പുതിയ സംഘത്തിൻറെ അന്വേഷണം ഇന്ന് തുടങ്ങും. നയനയുടെ ശരീരത്തിൽ കണ്ടെത്തിയ പാടുകളെക്കുറിച്ച് പൊലീസ് തങ്ങളെ അറിയിച്ചിരുന്നില്ലെന്നും നയനയുടെ മരണം വീണ്ടും അന്വേഷിക്കണമെന്നും യുവതിയുടെ സഹോദരങ്ങൾ ആവശ്യപ്പെട്ടു.
2019-ൽ നയന മരിച്ചതിന് പിന്നാലെ അസ്വാഭാവിക മരണത്തിന് മ്യൂസിയം പൊലീസ് കേസെടുത്തിരുന്നുവെങ്കിലും ദുരൂഹതയൊന്നുമില്ലെന്നായിരുന്നു കുടുംബത്തെ അറിയിച്ചിരുന്നത്. ഷുഗർ രോഗിയായതിനാൽ ഇതാകാം മരണകാരണമെന്ന് കുടുംബവും വിശ്വസിച്ചു. അന്ന് നയനയുടെ ശരീരത്തിലുണ്ടായിരുന്ന പാടുകളുടെ കാര്യം പൊലീസ് മറച്ചുവച്ചുവന്നാണ് കുടുംബം പറയുന്നത്.
2019 ഫെബ്രുവരി 24 നാണ് തിരുവനന്തപുരം ആൽത്തറയിലെ വാടക വീട്ടിൽ നയനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് വർഷത്തിനിപ്പുറം പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ ചില വിവരങ്ങൾ സുഹൃത്തുക്കൾ പുറത്തുവിട്ടതോടെയാണ് മരണത്തെക്കുറിച്ച് സംശയം ഉയർന്നത്. നയനയുടെ കഴുത്ത് ശക്തമായി ഞെരിഞ്ഞിരുന്നുവെന്നും അടിവയറ്റിൽ ചവിട്ടേറ്റ് ആന്തരികാവയവങ്ങളുടെ പ്രവർത്തനങ്ങൾ തകരാറിലായെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. എന്നാൽ ദുരൂഹമായ ഈ പരിക്കുകളെക്കുറിച്ച് അന്വേഷിക്കാതെ പൊലീസ് അതിവേഗം കേസ് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നുവെന്നാണ് ഇപ്പോൾ ഉയരുന്ന ആക്ഷേപം.