നയന്‍താരയെ 'നയന്‍താര' ആക്കിയത് ഞാനും രഞ്ജനും, ആരാണ് ജോണ്‍ ഡിറ്റോ? സത്യന്‍ അന്തിക്കാട്

New Update

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത 'മനസിനക്കരെ' എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തി തെന്നിന്ത്യന്‍ സൂപ്പര്‍ നായികയായ നടിയാണ് നയന്‍താര. ഇപ്പോള്‍ തമിഴകത്തിന്റെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാറാണ് നയന്‍താര. നയന്‍താരയ്ക്ക് ആ പേരിട്ടത് താനാണെന്ന് സംവിധായകന്‍ ജോണ്‍ ഡിറ്റോ ഫേസ്ബുക്കിലൂടെ പറഞ്ഞതാണ് പുതിയ വിവാദത്തിന് വഴിതെളിച്ചത്.

Advertisment

publive-image

2009-ല്‍ 'മനസിനക്കരെ' എന്ന സിനിമയില്‍ അഭിനയിക്കുന്ന ഡയാന മറിയം കുര്യന്‍ എന്ന പെണ്‍കുട്ടിക്ക് ഒരു പേരു നിര്‍ദേശിക്കാന്‍ പ്രശസ്ത ഫോട്ടോഗ്രാഫറായ സ്വാമിനാഥന്‍ സാറിന്റെ നിര്‍ദേശ പ്രകാരമാണ് 'നയന്‍താര' എന്ന പേരിട്ടതെന്നാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ജോണ്‍ ഡിറ്റോ പറഞ്ഞത്. എന്നാല്‍ ജോണ്‍ ഡിറ്റോയുടെ വാക്കുളെ നിഷേധിച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാട് രംഗത്തെത്തിയിരിക്കുകയാണ്. 'നയന്‍താര' എന്ന പേര് നിര്‍ദേശിച്ചത് താനും രഞ്ജന്‍ പ്രമോദും കൂടിയാണെന്നും,? ജോണ്‍ ഡിറ്റോ ആരാണെന്ന് തനിക്കറിയില്ലെന്നും സത്യന്‍ അന്തിക്കാട് വ്യക്തമാക്കി.

''ഇങ്ങനെയൊരു തര്‍ക്കത്തിന്റെയോ അവകാശവാദത്തിന്റെയോ ആവശ്യം ഈ വിഷയത്തിലുണ്ടെന്നു പോലും ഞാന്‍ കരുതുന്നില്ല. മനസിനക്കരെ ചിത്രീകരണം നടക്കുന്ന സമയത്ത് ഒരു ദിവസം രാവിലെ ഞാനും രഞ്ജന്‍ പ്രമോദും ആലോചിച്ചുണ്ടാക്കിയ ചില പേരുകള്‍ ഒരു ലിസ്റ്റായി എഴുതി നയന്‍താരയ്ക്ക് കൊടുത്തു. നയന്‍താര തന്നെയാണ് അതില്‍നിന്ന് ഇഷ്ടപ്പെട്ട പേര് തെരഞ്ഞെടുത്തത്,''- സത്യന്‍ അന്തിക്കാട് പറഞ്ഞു.

publive-image

ജോണ്‍ ഡിറ്റോയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

2003..
തിരക്കഥാകൃത്തും സംവിധായകനുമായ A K Sajan സാറിന്റെ സ്‌ക്രിപ്റ്റ് അസിസ്റ്റന്റായി ഞാന്‍ പ്രവര്‍ത്തിച്ചിരുന്ന കാലം.
ഒരു സിനിമയുടെ തിരക്കഥാ രചനയ്ക്കായി സാറും ഞാനും ചെറുതുരുത്തി റെസ്റ്റ് ഹൗസില്‍ താമസിക്കുകയായിരുന്നു.
ഒരു ദിവസം വൈകുന്നേരം പ്രസിദ്ധ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ സ്വാമിനാഥന്‍ സാറിനെക്കാണാന്‍ എത്തി.
വിശേഷം പറഞ്ഞ കൂട്ടത്തില്‍ ഷൊര്‍ണ്ണൂരില്‍ സത്യന്‍ അന്തിക്കാടിന്റെ ജയറാം പടം നടക്കുന്നുവെന്നും അതിലെ പുതുമുഖ നായികയ്ക്ക് ഒരു പേരു വേണമെന്നും പറഞ്ഞു. ക്രിസ്ത്യന്‍ പെണ്‍കുട്ടി ഡയാനയെന്നാണ് പേരത്രെ.
'ഡിറ്റോ ഒരു പേര് ആലോചിക്ക് 'സര്‍ നിര്‍ദ്ദേശിച്ചു.
ആലോചിക്കാനും ചിന്തിക്കാനും മാത്രമറിയാവുന്ന ഞാന്‍
ചിന്തിച്ചു ..
മാധവിക്കുട്ടിയുടെ ഒരു കഥയിലെ ഒരു പെണ്‍കുട്ടിയുടെ ബംഗാളിപ്പേര് ചിന്തയിലുടക്കി.
...നയന്‍താര....
ഞാന്‍ പറഞ്ഞു: നയന്‍താര ..

സാജന്‍സാര്‍ തലയാട്ടി...

സ്വാമിനാഥന്‍ സാറും തലകുലുക്കി.
പിന്നീട് മനസ്സിനക്കരെ എന്ന സിനിമയുടെ പേരും നായിക നയന്‍താരയുടെ പേരും സത്യന്‍ സര്‍ അനൗണ്‍സ് ചെയ്തു.
അങ്ങനെ തെന്നിന്ത്യയിലെ സൂപ്പര്‍ നായികയുടെ പേരിട്ട ഞാന്‍ ...
സമ്പൂര്‍ണ്ണ പരാജിതനായി വീട്ടിലിരിക്കുന്നു.
നായിക ഇതൊന്നുമറിയാതെ തലൈവര്‍ രജനീകാന്തിനൊപ്പം അഭിനയിക്കുന്നു.

ഇന്ന് സാജന്‍ സാറിനെക്കാണാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ച്ചെന്നപ്പോള്‍ പഴയ കാര്യങ്ങള്‍ പറഞ്ഞ കൂട്ടത്തിലാണ് ഈ കാര്യം വീണ്ടും ഓര്‍ത്തത്..

'പുതിയ നിയമം' എന്ന മമ്മൂട്ടിപ്പടം സാജന്‍ സര്‍ ഡയറക്റ്റ് ചെയ്തപ്പോള്‍ നായികയായ നയന്‍താരയെ കാണാന്‍ കഴിഞ്ഞിരുന്നില്ല.
എങ്കില്‍ ഈക്കഥ പറയാമായിരുന്നു.

name malayalam movie nayanthara
Advertisment