കൊച്ചി: കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് തയ്യാറാക്കി നല്‍കിയ പ്രതിജ്ഞക്കെതിരെ സമസ്ത. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജെന്‍ഡര്‍ ക്യാംപെയിനിന്റെ ഭാഗമായി തയ്യാറാക്കി നല്‍കിയ പ്രതിജ്ഞയിലെ സ്വത്തവകാശം സംബന്ധിച്ച ഭാഗത്തിനെതിരെയാണ് സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി രംഗത്തെത്തിയത്. പ്രതിജ്ഞാ വാചകം ഭരണഘടനയുടെ മൗലികാവകാശം നിഷേധിക്കുന്നതെന്നാണ് വാദം. 'നമ്മള്‍ പെണ്‍മക്കള്‍ക്കും ആണ്‍മക്കള്‍ക്കും തുല്യ സ്വത്തവകാശം നല്‍കും' എന്നാണ് കുടുംബശ്രീക്ക് കൈമാറിയ പ്രതിജ്ഞാ വാചകം.
സ്വത്തവകാശം സംബന്ധിച്ച് ഇസ്ലാമിക് മതഗ്രന്ഥമായ ഖുറാനില്‍ പരാമര്‍ശിച്ചിരിക്കുന്നത് 'ആണിന് രണ്ട് പെണ്ണിന്റേതിന് തുല്യമായ ഓഹരിയാണുള്ളത്''. ഇതിന് വിരുദ്ധമായി പ്രതിജ്ഞവാചകം തയ്യാറാക്കിയത് മതസ്വാതന്ത്ര്യത്തെ ഹനിക്കുന്ന മൗലികാവകാശ ലംഘനമാണെന്ന് എവൈഎസ് സംസ്ഥാന സെക്രട്ടറി കൂടിയായ നാസര്‍ഫൈസി ചൂണ്ടികാട്ടി.'സ്ത്രീയുടെ എല്ലാ ജീവിതചെലവും വഹിക്കേണ്ടത് പുരുഷനാണ്.
ഭര്‍ത്താവ് ദരിദ്രനും ഭാര്യ സമ്പന്നയുമാണെങ്കില്‍ പോലും അവരുടേയും ഭര്‍ത്താവിന്റേയും മക്കളുടേയും ചെലവ് വഹിക്കേണ്ട ബാധ്യത ഭര്‍ത്താവിനാണ്. ഒരു ചില്ലികാശും ചെലവിനത്തില്‍ വഹിക്കാതെ അനന്തരമായി കിട്ടുന്നതെല്ലാം സ്വന്തം ബാക്കിയിരിപ്പാക്കാന്‍ അവകാശം നല്‍കുന്നുണ്ട് ഇസ്ലാം സ്ത്രീക്ക്. അവരെ അവഗണിക്കുകയല്ല ഇരട്ടിയായി പരിഗണിക്കുകയാണെന്നിരിക്കെ ചെലവ് പരിഗണിക്കാതെയാണ് വരവിലെ വിവേചനം ചിലര്‍ ആരോപിച്ച് വന്നത്.' എന്നാണ് സമസ്തയുടെ വാദം.
2022 നവംബര്‍ 25 മുതല്‍ ഡിസംബര്‍ 23 വരെ നടക്കുന്ന ജെന്റര്‍ ക്യാമ്പയിനില്‍ ചൊല്ലാന്‍ കുടുംബശ്രീ അയല്‍ക്കൂട്ടത്തിന് കൈമാറിയ പ്രതിജ്ഞക്കെതിരെയാണ് മുസ്ലീം സംഘടനകള്‍ രംഗത്തെത്തുന്നത്. സിഡിഎസ് തലത്തിലാണ് പ്രതിജ്ഞ ചൊല്ലേണ്ടത്.'പെണ്‍കുഞ്ഞാവട്ടെ, ആണ്‍കുഞ്ഞാവട്ടെ, രണ്ട് കുഞ്ഞുങ്ങളുടേയും ജനനം നമ്മള്‍ ആഘോഷിക്കും.', മകനും മകള്‍ക്കും തുല്യവിദ്യാഭ്യാസത്തിനും തുല്യ പുരോഗതിക്കും തുല്യ അവസരം നല്‍കും, ബാല വിവാഹത്തേയും നിര്‍ബന്ധിത വിവാഹത്തേയും ഗാര്‍ഹിക പീഡനങ്ങളേയും നമ്മള്‍ എതിര്‍ക്കും. സ്ത്രീകളേയും പെണ്‍കുട്ടികളേയും ബഹുമാനിക്കാന്‍ നമ്മള്‍ ആണ്‍കുട്ടികളെ പഠിപ്പിക്കും, സ്ത്രീകള്‍ക്കെതിരേയുള്ള ഏത് അതിക്രമത്തേയും നമ്മള്‍ എതിര്‍ക്കും, അതിജീവിതയ്ക്ക് നീതി ലഭിക്കാനുള്ള ഒരു അവസരവും നമ്മള്‍ പാഴാക്കില്ല, എല്ലാ അതിജീവിതമാരേയും അവരുടെ അന്തസോടെ സംരക്ഷിക്കുകയും അവരുടെ അനുഭവങ്ങള്‍ രബസ്യമായി സൂക്ഷിക്കുകയും ചെയ്യും, നമ്മള്‍ ഒരിക്കലും നിയമം കൈയ്യിലെടുക്കില്ല. സമാധാനത്തിന്റേയും ഐക്യദാര്‍ഢ്യത്തിന്റേയും സന്ദേശങ്ങള്‍ എല്ലാ ഗ്രാമത്തിലേക്കും എല്ലാ കുടുംബങ്ങളിലേക്കും എത്തിക്കും തുടങ്ങിയ മറ്റ് കാര്യങ്ങളും പ്രതിജ്ഞയിലുള്ളത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം-
ഭരണഘടനയുടെ മൗലികാവകാശം നിഷേധിക്കുന്നു
കുടുംബശ്രീവിവാഹം, വിവാഹ മോചനം, സ്വത്തവകാശം, മരണാന്തര ചടങ്ങുകൾ... തുടങ്ങിയ സിവിൽ നിയമങ്ങൾ മതപരമായ നിയമങ്ങളും വിശ്വാസങ്ങളും അടിസ്ഥാനപ്പെടുത്തി നൽകുന്ന അവകാശം ഭരണഘടനയുടെ മൗലികതയിൽപ്പെട്ടതാണ്. കേന്ദ്ര ഗ്രാമവികസന മന്ത്രാലയം നടത്തുന്ന ജൻഡർ കാമ്പയിൻ്റെ ഭാഗമായി കേരള സർക്കാർ 2022 നവമ്പർ 25 മുതൽ ഡിസംബർ 23 വരേ കുടുംബശ്രീയിലൂടെ വിവിധ പദ്ധതികൾ നടത്തുമ്പോൾ ശ്രേഷ്ടകരമായ പലതിനോടും ചേർത്ത് മതസ്വാതന്ത്ര്യത്തെ ഹനിക്കുന്ന മൗലിക അവകാശ ലംഘനമുണ്ട്. സംസ്ഥാനത്തെ എല്ലാ ജില്ലയിലും ഗ്രാമ പഞ്ചായത്തുകൾക്കും കുടുംബശ്രീക്കും ജില്ലാ മിഷൻ കോ-ഓഡിനേറ്റർ നൽകുന്ന സർക്കുലറിലാണ് ഈ മൗലികാവകാശ ലംഘനമുള്ളത്.
നാലാമത് ആഴ്ച എല്ലാ കുടുംബശ്രീയിലും ജൻഡർ റിസോഴ്സ് മീറ്റിലൂടെ പ്രതിജ്ഞ ചെയ്യാനുള്ള നിർദേശമുണ്ട്. പ്രതിജ്ഞയുടെ അവസാന ഭാഗത്തിൽ"നമ്മൾ പെൺമക്കൾക്കും ആൺമക്കൾക്കും തുല്യ സ്വത്തവകാശം നൽകും" എന്ന് സ്ത്രീകളെകൊണ്ട് ചൊല്ലിക്കുകയാണ്. ഖുർആൻ പറയുന്നത്: " ആണിന് രണ്ട് പെണ്ണിൻറേതിന് തുല്യമായ ഓഹരിയാണുള്ളത്"(അന്നിസാഅ്: 11)സ്ത്രീക്ക് അല്പം പോലും സ്വത്തവകാശമില്ലെന്ന് പൗരാണികമായി കരുതി വന്നലോകത്തോടാണ് പിതാവിൻ്റെയും ഭർത്താവിൻ്റെയും മകൻ്റേയും സ്വത്തിൽ സ്ത്രീക്ക് അനന്തര സ്വത്തവകാശം ഇസ്ലാം പ്രഖ്യാപിച്ചത്.
എന്നാൽ പിതാവിൻ്റെ സ്വത്തിൽഅവർക്ക് പുരുഷൻ്റെ (സഹോദരൻ്റെ ) പകുതിയാക്കിയത് വിവേചനമല്ല.സ്ത്രീയുടെ എല്ലാ ജീവിതച്ചെലവും വഹിക്കേണ്ടത് പുരുഷനാണ്. ഭർത്താവ് ദ്രരിദ്രനും ഭാര്യ സമ്പന്നയുമാണെങ്കിൽ പോലും അവരുടേയും ഭർത്താവിൻ്റെയും മക്കളുടേയും ചെലവ് വഹിക്കേണ്ട ബാധ്യത ഭർത്താവിനാണ്. ഒരു ചില്ലിക്കാഷും ചെലവിനത്തിൽ വഹിക്കാതെ അനന്തരമായി കിട്ടുന്നതെല്ലാം സ്വന്തം ബാക്കിയിരിപ്പാക്കാൻ അവകാശം നൽകുന്നുണ്ട് ഇസ്ലാം സ്ത്രീക്ക്. അവരെ അവഗണിക്കുകയല്ല ഇരട്ടിയായി പരിഗണിക്കുകയാണെന്നിരിക്കെ ചെലവ് പരിഗണിക്കാതെയാണ് വരവിലെ വിവേചനം ചിലർ ആരോപിച്ച് വന്നത്. ജൻഡർ ന്യൂട്രാലിറ്റിയുടെ ഭാഗമായിമതത്തിൻ്റേയും ഭരണഘടനയുടേയും മൗലിക തത്വങ്ങളെ കുടുംബശ്രീ സർക്കുലർ നിഷേധിക്കുന്നത് പ്രതിഷേധത്തിന് ഇടവരുത്തുക തന്നെ ചെയ്യും.നാസർ ഫൈസി കൂടത്തായി