ഖത്തറില്‍ നിന്ന് വന്നതു കൊണ്ട് ഞങ്ങള്‍ ഹോം ക്വാറന്റൈനിലാണ്‌ ; മുപ്പത്തിയൊന്നാം തീയതി വരെ ഞങ്ങള്‍ സന്ദര്‍ശകരെ സ്വീകരിക്കുന്നതല്ല ; പോസ്റ്ററെഴുതി വീടിനു മുന്നിൽ ഒട്ടിച്ച് സ്വയം സമ്പർക്ക വിലക്ക് ഏർപ്പെടുത്തി കുടുംബം’ !

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Wednesday, March 25, 2020

കോഴിക്കോട്  : വിദേശത്ത് നിന്ന് എത്തുന്നവർക്കുള്ള സമ്പർക്ക വിലക്ക് അക്ഷരംപ്രതി അനുസരിച്ച് ഒരു കുടുംബം. പുറത്തുനിന്ന് ആരും വീട്ടിലേക്ക് കടക്കാതിരിക്കാൻ ഗെയിറ്റിനു വെളിയിൽ പോസ്റ്ററും പതിച്ച് മാതൃകയാകുന്നത് കോഴിക്കോട് കായക്കൊടി സ്വദേശിയായ വി കെ അബ്ദുള്‍ നസീറും കുടുംബവുമാണ്.

വിദേശ യാത്ര കഴിഞ്ഞതിനാല്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം ക്വറന്റീനിലാണെന്നും സന്ദര്‍ശകരെ സ്വീകരിക്കില്ലെന്നുമാണ് അബ്ദുള്‍ നസീര്‍ വീടിന് മുമ്പില്‍ പതിച്ച പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്.

ഖത്തറിൽ നിന്ന് മടങ്ങിയെത്തിയതിനു പിന്നാലെയാണ് നസീറും കുടുംബവും ഹോം ക്വറന്റീനിലേക്ക് പോയത്. കായക്കൊടി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മാനേജരാണ് അദ്ദേഹം. ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശമനുസരിച്ച് 14 ദിവസം വീട്ടിലിരിക്കാനാണ് ദമ്പതികളുടെ തീരുമാനം.

ഭക്ഷണം ഉള്‍പ്പെടെ ആവശ്യമുള്ള സാധനങ്ങള്‍ ഇവര്‍ ഫോണിലൂടെ ബന്ധുക്കളോട് പറഞ്ഞ് കൊണ്ടു വരികയാണ്. ഇവർ വീടിന് പുറത്തുവെച്ച മേശയുടെ മുകളില്‍ ഭക്ഷണം വച്ചു മടങ്ങുകയാണ് പതിവ്. ഇവര്‍ പോയി കഴിഞ്ഞ് മേശയില്‍ സ്പര്‍ശിക്കാതെ ഇവയെടുത്ത് വീടിനുള്ളില്‍ കയറും.

×