കര്‍ഷക വായ്പ, താങ്ങുവില, തൊഴിലില്ലായ്മ – ശിവസേനാ സഖ്യത്തില്‍ കൈ പൊള്ളാതിരിക്കാന്‍ കോണ്‍ഗ്രസ് എന്‍സിപി സഖ്യത്തിന്‍റെ ഗൃഹപാഠം ഇങ്ങനെ

ന്യൂസ് ബ്യൂറോ, മുംബൈ
Thursday, November 14, 2019

മുംബൈ : കര്‍ഷക വായ്പ എഴുതിത്തള്ളല്‍, താങ്ങുവില ഉയര്‍ത്തല്‍, തൊഴിലില്ലായ്മയുടെ തോത് കുറയ്ക്കുക തുടങ്ങിയ ജനപ്രിയ പദ്ധതികളിലൂടെ മഹാരാഷ്ട്ര പിടിക്കാന്‍ കോണ്‍ഗ്രസ് എന്‍ സി പി സഖ്യത്തിന്‍റെ നീക്കം.

ശിവസേനയുമായി ചേര്‍ന്നുള്ള സര്‍ക്കാര്‍ രൂപീകരണം ഭാവിയില്‍ രാഷ്ട്രീയ നഷ്ടമായി മാറരുതെന്ന കോണ്‍ഗ്രസിന്‍റെ കടുംപിടുത്തമാണ് യുപിഎ മോഡല്‍ പൊതുമിനിമം പാരിപാടിയുടെ ഭാഗമായി മാത്രം സര്‍ക്കാര്‍ രൂപീകരണം എന്ന നിലപാടിലേയ്ക്ക് കാര്യങ്ങള്‍ എത്തിച്ചത്.

ഏച്ചുകെട്ടിയുള്ള ഭരണം അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി മാറാതിരിക്കാനുള്ള മുന്‍കരുതലാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. ശിവസേന, എൻസിപി, കോൺഗ്രസ് നേതാക്കള്‍ 48 മണിക്കൂര്‍ യോഗം ചേര്‍ന്നാണ് പൊതു മിനിമം പരിപാടിക്ക് രൂപം നല്‍കിയത്.

പൊതുമിനിമം പരിപാടി തയ്യാറായ സാഹചര്യത്തില്‍ സർക്കാർ രൂപീകരിക്കുന്നതിന് അവകാശവാദം ഉന്നയിക്കാൻ ഗവർണറെ സമീപിക്കാനും മൂന്നു പാര്‍ട്ടികളുടെയും നേതാക്കള്‍ തമ്മിലുള്ള ചര്‍ച്ചയില്‍ തീരുമാനമായി. ശിവസേനയുടെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ തന്നെ ആയിരിക്കും എന്നും ഉറപ്പാക്കിയിട്ടുണ്ട്. ഉദ്ധവിന്റെ മകന്‍ ആദിത്യ താക്കറെയെ മുഖ്യമന്ത്രിയാക്കാനുള്ള സേനാ നീക്കം തുടക്കത്തിലെ എന്‍ സിപി തള്ളിയിരുന്നു.

×