തിരുവനന്തപുരം: ലോട്ടറി വിൽപനക്കാരനെ മർദിച്ച് ടിക്കറ്റ് തട്ടിയെടുത്തയാളെ പൊലീസ് അറസ്റ്റു ചെയ്തു. നെടുമങ്ങാട് -ആനാട് മന്നൂർകോണം കുന്നത്തുമല തടത്തരികത്തു വീട്ടിൽ രവിയെയാണ് (48) നെടുമങ്ങാട് പൊലീസ് അറസ്റ്റു ചെയ്തത്.
ഓട്ടോറിക്ഷ ഡ്രൈവറായ രവി കഴിഞ്ഞ ദിവസം രാവിലെ നെടുമങ്ങാട് കല്ലിഗൽ ജംക്‌ഷനിൽ ബിവറേജ് ഔട്ട്‌ലെറ്റിനു സമീപം ലോട്ടറി വിൽപനക്കാരനായ മണിയനിൽ (65) നിന്നും ടിക്കറ്റ് തട്ടിയെടുത്തത്.
ഏപ്രിൽ ഒന്നിന് നറുക്കെടപ്പു നടന്ന കേരള സർക്കാർ നിർമൽ ഭാഗ്യക്കുറിയുടെ 23 ടിക്കറ്റുകൾ ദേഹോപദ്രവം ഏൽപ്പിച്ചു പിടിച്ചു പറിച്ചെടുത്തതിനാണ് ഇയാളെ പൊലീസ് പിടിച്ചത്. മണിയന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
നെടുമങ്ങാട് പൊലീസ് ഇൻസ്‌പെക്ടർ സന്തോഷ് കുമാർ, എസ്ഐ സുനിൽ ഗോപി, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ബിജു സി, സുരേഷ് ബാബു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കിയത്.