കേരളത്തില്‍ നിന്ന് നീലഗിരിയിലേക്ക് പ്രവേശിക്കാൻ കോവിഡില്ല സർട്ടിഫിക്കറ്റ് നിര്‍ബന്ധം; യാത്രക്കാർ ദുരിതത്തിൽ

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Friday, February 26, 2021

നീലഗിരി:  കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലെ നീലഗിരിയിലേക്ക് പ്രവേശിക്കാൻ കോവിഡില്ല സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതോടെ നീലഗിരി വഴി കടന്നു പോവേണ്ട യാത്രക്കാർ ദുരിതത്തിൽ. തീരുമാനം മുൻകൂട്ടി അറിയിക്കാത്തതിനാൽ ദൂരെ സ്ഥലങ്ങളിലേക്ക് പോവേണ്ട യാത്രക്കാരടക്കം ഒട്ടേറെ പേരാണ് വിവിധ അതിർത്തി ചെക്ക്പോസ്റ്റ് നിന്ന് മടങ്ങേണ്ടി വന്നത്.

ഏറെ വിനോദ സഞ്ചാരികള്‍ എത്തുന്ന ജില്ലയായതുകൊണ്ടാണ് നീലഗിരിയില്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. കേരളം നീലഗിരിയുമായി അതിര്‍ത്തി പങ്കിടുന്ന നാടുകാണി, ചോലാടി, പാട്ടവയൽ, ബർളിയാർ, താളൂർ എന്നീ ചെക്ക് പോസ്റ്റുകളിലാണ് ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാരോട് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നത്.

നേരത്തെ നിലഗിരിയിലേക്ക് പ്രവേശിക്കാൻ ഇ പാസ് മതിയായിരുന്നു. കേരളത്തിൽ കോവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിലാണ് വിനോദസഞ്ചാര കേന്ദ്രമായ നീലഗിരിയിലേക്ക് വരുന്ന യാത്രക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തിയതെന്നാണ് നീലഗിരി ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നു.

കോവിഡില്ലെന്ന ആര്‍.ടി.പി.സി.ആര്‍ പരിശോധന ഫലവുമായെത്തുന്ന യാത്രക്കാരെ മാത്രമാണ് കടത്തി വിടുന്നുള്ളു. നീലഗിരിയുമായി ബന്ധപ്പെട്ട് ജീവിത മാർഗം കണ്ടെത്തുന്നവരുൾപ്പെടെയുള്ള നൂറ് കണക്കിന് മലയാളികളെയാണ് തീരുമാനം പ്രയാസത്തിലാക്കുന്നത്.

ബത്തേരി,കൽപ്പറ്റ, മാനന്തവാടി തുടങ്ങിയ സ്ഥലങ്ങളിലേക്ക് കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലെ നാടുകാണി വഴി പോകുന്നവർക്കും യാത്രാ വിലക്ക് ബാധകമാണ്. വയനാട്ടിലേക്കുളള യാത്രക്കാര്‍ക്ക് താമരശേരി ചുരത്തിന് ബദല്‍പാതയായി നാടുകാണി ചുരം റോഡ് പ്രയോജനപ്പെടുത്താനും ഇതോടെ കഴിയാതെയായി.

×