എത്തേണ്ടിടത്ത് എത്തിയില്ലെങ്കിലും പുതിയ ഉയരങ്ങളിലൂടെ എവിടെയോ എത്തി ! ബഹിരാകാശത്തേയ്ക്ക് സമൂസ അയച്ച യുവാവിന്റെ വീഡിയോ വൈറല്‍; ബഹിരാകാശ യാത്രക്കിടെ സമൂസയ്ക്ക് സംഭവിച്ചത് ഇങ്ങനെയും !

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Wednesday, January 13, 2021

ലണ്ടന്‍: ഇന്ത്യക്കാരനായ നിരാജ് ​ഗാന്ധെർ ചായ്​വാല എന്ന പേരിൽ ലണ്ടനിൽ റെസ്റ്ററന്റ് ന‌ടത്തുകയാണ് . രാജ്യത്തിനപ്പുറം മാത്രമല്ല വേണമെങ്കിൽ ബഹിരാകാശം വരെ ഇന്ത്യൻ ഭക്ഷണമെത്തിക്കാൻ നിരാജ് തയ്യാറാണ്. ഒരു സമൂസയും റാപ്പുമാണ് ബഹിരാകാശത്തിലേക്ക് അയക്കാൻ നിരാജ് തീരുമാനിച്ചത്. ആദ്യമൊക്കെ തമാശയ്ക്ക് താൻ ഒരിക്കൽ ബഹിരാകാശത്തേക്ക് സമൂസ അയക്കുമെന്ന് നിരാജ് പറയുമായിരുന്നു.

എന്നാൽ പിന്നീടാണ് രസകരമായ തന്റെ ചിന്ത നടപ്പിലാക്കിയാലോ എന്ന് ആലോചിക്കുന്നത്. അങ്ങനെ സ്നാക്സ് ഒരു ബോക്സിനുള്ളിലാക്കി ബലൂണിൽ കെട്ടി മുകളിലേക്ക് വിടുകയാണ് നിരാജ് ചെയ്തത്. ബലൂണിന്റെ യാത്ര തിരിച്ചറിയാനായി ​ഗോ പ്രോ ക്യാമറയും ജിപിഎസ് ട്രാക്കറും ഘടിപ്പിച്ചിരുന്നു.

സുഹൃത്തുക്കളുടെ സഹായത്തോടെ വിജയകരമായി പാക്കേജ് ബലൂണിൽ കെട്ടി പറത്തിവിട്ടെങ്കിലും പാതിവഴിയിൽ വച്ച് ജിപിഎസ് പ്രവർത്തനരഹിതമായി. എന്നാൽ വൈകാതെ അത് പ്രവർത്തനക്ഷമമാവുകയും തുടർന്ന് നടത്തിയ നിരീക്ഷണത്തിൽ ഫ്രാൻസിലെ കെയ്ക്സിലെ കാട്ടിനുള്ളിൽ ബലൂൺ ലാൻഡ് ചെയ്തതായി കണ്ടെത്തുകയും ചെയ്തു.

തുടർന്ന് നിരാജും സുഹൃത്തുക്കളും ബലൂൺ വീണുകിടന്ന സ്ഥലത്തെ സമീപവാസികളെ സമീപിക്കാനുള്ള തിരച്ചിലായി. അങ്ങനെ അലെക്സ് എന്നയാൾ നിരാജിന്റെ സന്ദേശം കാണുകയും പാക്കേജിന്റെ അവസ്ഥ അറിയിക്കാമെന്ന് പറയുകയും ചെയ്തു.

അങ്ങനെ കുറച്ചുദിവസങ്ങൾ കഴിഞ്ഞതോടെ ജിപിഎസ് ലൊക്കേഷനിലേക്ക് തിരിച്ച അലക്സ് കാട്ടിനുള്ളിൽ നിന്ന് ബലൂണിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തുകയായിരുന്നു. അതിനൊപ്പം വച്ച ​ഗോ പ്രോ കണ്ടുകിട്ടിയെങ്കിലും ഭക്ഷണം കാണാനില്ലായിരുന്നു.

എന്തായാലും ലക്ഷ്യസ്ഥാനത്തെത്തിയില്ലെങ്കിലും തന്റെ ഭക്ഷണം പുതിയ ഉയരങ്ങളിലേക്കെത്തിയല്ലോ എന്നതിൽ സന്തോഷമുണ്ടെന്ന് നിരാജ് പറയുന്നു.

×