കേരളത്തിലെ എണ്ണം പറഞ്ഞ ഡോക്ടർമാരിലൊരാളായ ഡോ. വേണു ഗോപാലിന്റേയും ഡോ. സുപ്രിയയുടേയും പ്രിയമകളാണ് ഡോ.നീതു . കല്യാണം ഉറപ്പിച്ചയുടൻ അവൾ മാതാപിതാക്കളുടെ മുന്നിൽ ഡിമാൻഡ് വച്ചു – ‘കല്യാണമൊക്കെ ശരി തന്നെ. അരപ്പവൻ പോയിട്ട് അണുമണി തൂക്കം സ്വർണം പോലും ദേഹത്ത് പാടില്ല. അല്ലെങ്കിൽ ഞാൻ വിവാഹ വേദിയിലേക്കില്ല’.
/sathyam/media/post_attachments/T1RVTZEyBEpkM1cMEVLf.jpg)
വധുവിന്റെ അച്ഛൻ ഡോ. വേണുഗോപാൽ മുൻപും വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു, അപകടത്തിൽപ്പെട്ട ജഗതി ശ്രീകുമാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ എന്ന പേരിൽ. ഇപ്പോൾ മകളുടെ വിവാഹത്തിലൂടെ വീണ്ടും വാർത്തകളിൽ നിറയുമ്പോൾ ഒരുപാട് കുടുംബങ്ങൾക്ക് മാതൃകയാവുകയാണ് അദ്ദേഹം.
അരപ്പവൻ പോയിട്ട്, പേരിനു പോലും പൊന്നണിഞ്ഞ് കല്യാണ പന്തലിൽ എത്തില്ല എന്നുള്ളത് നീതുവിന്റെ സ്റ്റാൻഡ് ആണ്. കേട്ടമാത്രയിൽ ഒന്ന് ഷോക്കായി. ഏറ്റവും കൂടുതൽ ഞെട്ടിയത് അവളുടെ അമ്മ ഡോ. സുപ്രിയയാണ്. ബന്ധുക്കളെന്തു പറയും ആൾക്കാർ എന്തു വിചാരിക്കും എന്നൊക്കെ. പക്ഷേ അവളുടെ തീരുമാനം ഉറച്ചതായിരുന്നു. ലാളിത്യത്തോടെ വിവാഹം നടത്തണം എന്ന അവളുടെ ഉദ്ദേശശുദ്ധി കൂടി അറിഞ്ഞപ്പോൾ ആശങ്ക വഴിമാറി, പകരം അവളെക്കുറിച്ചോർത്ത് അഭിമാനം തോന്നി.– ഡോ. വേണുഗോപാൽ പറയുന്നു
മകളുടെ സീനിയറും മിംസ് ഹോസ്പിറ്റലിലെ ഡോക്ടറുമായ കമലാണ് വരൻ. മരുമകനും അവളുടെ ഇഷ്ടത്തിന് പൂർണ സപ്പോർട്ടായിരുന്നു. വരന്റെ വീട്ടുകാരുടെ ഭാഗത്തു നിന്ന് എതിർപ്പൊന്നും വന്നില്ല. ആഗ്രഹപ്രകാരം താലികെട്ട് കാണണം എന്നുള്ള ഒരേ ഒരു ഡിമാന്റ് മാത്രമേ അവർ പറഞ്ഞുള്ളൂ.
അല്ലെങ്കിൽ രജിസ്റ്റർ മാര്യേജ് ആയിട്ട് പിന്നേയും ചുരുങ്ങിയേനെ. കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ വെച്ച് രണ്ട് വീട്ടുകാർ മാത്രം പങ്കെടുത്ത വിവാഹം. മേക്കപ്പിൽ കുളിക്കാതെ സിമ്പിളായി എന്റെ കുട്ടിയെത്തി. അവിടെ വച്ച് അതിലും സിമ്പിളായി താലികെട്ട്, ശുഭം.