ഡൽഹി: ബ്രിട്ടണില്‍ കണ്ടെത്തിയ കോവിഡ് വൈറസിന്റെ പുതിയ വകഭേദത്തിനെതിരെ ശക്തമായ നിരീക്ഷണ സംവിധാനങ്ങളുമായി ഇന്ത്യ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ത്യയിലേക്ക് എത്തിയവരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കാനാണ് നീക്കം. കോവിഡ് പോസിറ്റീവ് ആയവരുടെ സാമ്പിളുകള്‍ ജനിതകഘടനാ പരിശോധനയ്ക്ക്അയയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്.
/sathyam/media/post_attachments/NGzG5oslyF1gHF4VEfLA.jpg)
മറ്റ് രാജ്യങ്ങളില്‍ നിന്നും എത്തുന്ന യാത്രക്കാരില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കാന്‍ എല്ലാ വിമാനത്താവളങ്ങള്‍ക്കും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. പിരിശോധനാ സംവിധാനങ്ങള്‍ വിമാനത്തവളത്തില്‍ തന്നെ പൂര്‍ത്തിയാക്കാനാണ്നീക്കം.
ബ്രിട്ടണില്‍ നിന്നും ഇന്ത്യയിലെത്തിയ പുതിയ യാത്രക്കാരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ കേന്ദ്രം അതത് സംസ്ഥാനങ്ങളുടെ സഹായം തേടി. നിലവില്‍ ഈ വര്‍ഷം അവസാനം വരെ ബ്രിട്ടണില്‍ നിന്നുള്ള എല്ലാ യാത്രാവിമാനങ്ങള്‍ക്കും ഇന്ത്യ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യയെ കൂടാതെ ഒട്ടുമിക്ക രാജ്യങ്ങളും യാത്രാവിലക്കേര്‍പ്പെടുത്തി പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
ഡല്‍ഹി, ഹൈദരാബാദ്, ഭുവനേശ്വര്‍, ബംഗളൂരു, പൂനെ, പശ്ചിമ ബംഗാള്‍ എന്നിവടങ്ങളിലേക്കാണ് ജനിതകഘടനാ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയയക്കുന്നത്. കൂടുതല്‍ ലാബുകളിലേക്ക് പരിശോധനാ സംവിധാനം വ്യാപിപ്പിക്കാന്‍ നീക്കമുണ്ട്. മഹാരാഷ്ട്രയുള്‍പ്പെടെ 10 സംസ്ഥാനങ്ങളില്‍ ബ്രിട്ടണില്‍ നിന്നെത്തിയ, കോവിഡ് ബാധിതരുണ്ട്.
വൈറസിന്റെ ജനിതകമാറ്റം, ബന്ധപ്പെട്ട ലബോറട്ടറികള്‍ സാക്ഷ്യപ്പെടുത്തിയാലേ സ്ഥിരീകരിക്കാനാകൂ എന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നത്. അതേസമയം ദക്ഷിണാഫ്രിക്കയില്‍ നിന്നും ബ്രിട്ടണിലെത്തിയ രണ്ടുപേരില്‍ കോവിഡിന്റെ മറ്റൊരു വകഭേദം കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്.