ലണ്ടൻ: ബ്രിട്ടനിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദം കൂടുതൽ അപകടകാരിയെന്ന് പഠന റിപ്പോർട്ട്. കോവിഡിന്റെ പുതിയ വകഭേദം കൂടുതൽ പേരെ രോഗബാധിതരാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
/sathyam/media/post_attachments/VNV6kpDNY3Xo5JGLBSlT.jpg)
വൈറസിന്റെ വ്യാപന നിരക്ക് 56 ശതമാനം അധികമാണെന്നും കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കൂടാനും മരണ സംഖ്യ വർധിക്കാനും സാധ്യതയുണ്ടെന്നും പഠനത്തിൽ വ്യക്തമാക്കുന്നു. ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിനിലെ സെന്റർ ഫോർ മാത്തമാറ്റിക്കൽ മോഡലിങ് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസസ് ആണ് പഠനം നടത്തിയത്.
ഈ ഇനത്തിന് കൂടുതൽ ഗുരുതരാവസ്ഥ സൃഷ്ടിക്കാൻ കഴിവുണ്ടോയെന്ന കാര്യത്തിൽ തെളിവ് നൽകാൻ പഠനത്തിന് സാധിച്ചിട്ടില്ല. പുതിയ വൈറസ് വകഭേദത്തിന് 70 ശതമാനത്തോളം അധികം വ്യാപന ശേഷിയുണ്ടെന്നായിരുന്നു നേരത്തെയുള്ള നിഗമനം.
വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിനുകളുടെ പ്രാഥമിക പരീക്ഷണങ്ങൾക്ക് പല രാജ്യങ്ങളും അനുമതി നൽകുകയും മനുഷ്യരിലെ പരീക്ഷണം ആരംഭിക്കുകയും ചെയ്ത സ്ഥിതിയാണ് നിലവിലുള്ളത്. പുതിയതായി കണ്ടെത്തിയ വൈറസ് വകഭേദങ്ങൾക്ക് നേരത്തെയുള്ള വൈറസിൽ നിന്ന് വലിയ വ്യത്യാസമില്ലെന്നും നിലവിൽ വികസിപ്പിച്ച വാക്സിനുകൾ ഉപയോഗിച്ച് അവയെ നിയന്ത്രിക്കാൻ സാധിക്കുമെന്നും ഫൈസർ, ബയോൺടെക് എസ്ഇ തുടങ്ങിയ മരുന്നു നിർമാണക്കമ്പനികൾ പറയുന്നു.
എങ്കിലും കൊറോണ വൈറസിന്റെ ജനിതക വ്യതിയാനം സംഭവിച്ച ഒന്നിലധികം വകഭേദങ്ങളുടെ കണ്ടെത്തൽ ആരോഗ്യ വിദഗ്ധരിലും അധികൃതരിലും ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.
കോവിഡിന്റെ വീണ്ടുമൊരു വ്യാപനം തടയാൻ മിക്ക രാജ്യങ്ങളും അതിർത്തികൾ അടച്ചു പൂട്ടിയിരിക്കുകയാണ്. ബ്രിട്ടൻ കൂടാതെ ദക്ഷിണാഫ്രിക്കയിലും വൈറസിന്റെ മറ്റൊരു വകഭേദം കണ്ടെത്തിയത് ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്താൻ കാരണമായി.
ലണ്ടൻ ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളിൽ അയവ് വരുത്തിയാൽ ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങൾ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവുണ്ടാക്കുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പുണ്ട്.