സെലേറിയോയുടെ പുതുതലമുറ പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി നിര്‍മ്മാതാക്കളായ മാരുതി സുസുക്കി 

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Tuesday, August 4, 2020

സെലേറിയോയുടെ പുതുതലമുറ പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കളായ മാരുതി സുസുക്കി. 2014-ലാണ് മോഡലിനെ ബ്രാന്‍ഡ് വിപണിയില്‍ എത്തിക്കുന്നത്.

വാഹനം വിപണിയില്‍ എത്തുമെന്ന് കഴിഞ്ഞ വര്‍ഷം ജൂണില്‍ തന്നെ നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. ഈ വര്‍ഷം അവസാനത്തോടെ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന വാഹനത്തിന്റെ പരീക്ഷണയോട്ടം ആരംഭിച്ചിരിക്കുകയാണ് ഇപ്പോള്‍ നിര്‍മ്മാതാക്കള്‍.

Motoroctane ആണ് പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. പൂര്‍ണമായും മൂടിക്കെട്ടിയായിരുന്നു വാഹനത്തിന്റെ നിരത്തുകളിലെ പരീക്ഷണയോട്ടം. 2014 -ല്‍ ആദ്യമായി വിപണിയിലെത്തിയ മോഡലിന് ഒരു പുതിയ അപ്ഡേറ്റിനായി ഉചിതമായ സമയമാണിത്.

കൊറോണ വൈറസിനെക്കുറിച്ചുള്ള ആശങ്കകള്‍ കാരണം കൂടുതല്‍ ആളുകളും ചെറു കാറുകള്‍ വാങ്ങാന്‍ താല്‍പ്പര്യപ്പെടുന്നു. അത്തരമൊരു സമയത്ത് ഒരു പുതിയ കാര്‍ വിപണിയില്‍ എത്തുന്നത് വില്‍പ്പന വര്‍ദ്ധിപ്പിക്കാന്‍ മാരുതിയെ സഹായിക്കും.

YNC എന്ന് കോഡ്‌നാമം നല്‍കിയിട്ടുള്ള പുത്തന്‍ സെലേറിയോ ഭാരം കുറഞ്ഞ അഞ്ചാം തലമുറ ഹാര്‍ടെക്റ്റ് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. മാരുതി സുസുക്കി മോഡലുകളായ എര്‍ട്ടിഗ, XL6, വാഗണ്‍ ആര്‍ എന്നിവയെല്ലാം ഈ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് എത്തുന്നത്.

×