Advertisment

നന്മ മരങ്ങളും കിടപ്പു രോഗികളും...

author-image
മുരളി തുമ്മാരുകുടി
Updated On
New Update
എൻറെ ചെറുപ്പകാലത്ത് ഭാവനകളെ ഏറ്റവും വികസിപ്പിച്ച, രാത്രികളെ പേടിപ്പിച്ച ഒരു പുസ്തകമാണ് കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യ മാല. ആനകളുടെയും അന്പലങ്ങളുടേയും മാത്രമല്ല യക്ഷികളുടെയും കഥകൾ അതിലുണ്ടായിരുന്നു.
Advertisment
 ശങ്കുണ്ണി കഥ പറയുന്ന കാലത്ത് കേരളത്തിൽ എല്ലായിടത്തും യക്ഷികളുടെ വിഹാരമായിരുന്നു. കള്ളിയങ്കാട്ട് നീലി മുതൽ സൂര്യകാലടിയുടെ അച്ഛനെ കൊന്നവർ വരെ എത്രയെത്ര യക്ഷികൾ... യക്ഷിയുടെ പിടിയിൽപ്പെട്ട് മരിച്ചതിനേക്കാൾ ആളുകൾ യക്ഷികളെ കണ്ടു പേടിച്ചിരുന്നു. അതിന്റെ ആയിരം ഇരട്ടി ആളുകൾ യക്ഷിയെ പേടിച്ചു വൈകീട്ടായാൽ വീടിന് പുറത്തിറങ്ങാതിരുന്നു. രാത്രി പന്ത്രണ്ടുമണി ഷിഫ്റ്റ് കഴിഞ്ഞു ഏലൂരു നിന്നും ഇടത്തലയിലേക്ക് നടന്ന എൻറെ അച്ഛൻ ചെറിയൊരു മണികിലുക്കും കേട്ട് പേടിച്ചു വീണുപോയ കഥ അച്ഛൻ പറഞ്ഞിട്ടുണ്ട്. മണികെട്ടിയ കാളയുമായി കാളവണ്ടി കടന്നുപോയിക്കഴിഞ്ഞപ്പോഴാണ് അച്ഛന് സംസാരശേഷി വീണ്ടുകിട്ടിയത്.
 ഇരുപതാം നൂറ്റാണ്ടിന്റെ പകുതി കഴിഞ്ഞപ്പോൾത്തന്നെ യക്ഷികളുടെ കഷ്ടകാലം ആരംഭിച്ചു. ഇരുപത്തിയൊന്നാം നൂറ്റാണ്ടായപ്പോഴേക്കും മലയാള സിനിമക്കും നോവലിലും പുറത്ത് യക്ഷികളെ കാണാതായി.
 
ഇതെങ്ങനെ സംഭവിച്ചു?
 മലയാളികൾ അന്ധവിശ്വാസങ്ങളിൽ നിന്നും മോചിതരായോ?
ഒവ്വ !!, അതിനു നമ്മൾ വേറെ ജനിക്കണം. കാൻസർ മാറാൻ പ്രാകൃത ചികിത്സയും എം ബി ബി എസ് അഡ്മിഷൻ കിട്ടാൻ പുണ്യാളന് പ്രാർത്ഥനയും നടത്തുന്ന നമ്മളോടാ ശാസ്ത്രത്തിന്റെ കളി!
 
യക്ഷികളെ നാട് കടത്തിയത് രണ്ടു സർക്കാർ സ്ഥാപനങ്ങളാണ്. വൈദ്യുതി ബോർഡും കെ എസ് ആർ ടി സി യും. രാത്രി എവിടെയും വെളിച്ചമായതോടെ ഒളിച്ചുനിൽക്കാൻ യക്ഷികൾക്ക് സ്ഥലമില്ലാതായി. കെ എസ് ആർ ടി സി വന്നപ്പോൾ ദൂരയാത്രക്ക് നടന്നു പോകാൻ ആളെ കിട്ടാതായി. വെള്ള സാരിയുമുടുത്ത് വെറ്റിലയും നോക്കി പാലമരത്തിന്റെ ചോട്ടിലിരുന്ന യക്ഷിമാരൊക്കെ ബോറടിച്ചു ചത്തു, അഥവാ കെ എസ് ആർ ടി സി കൊന്നു.
 കേരളത്തിൽ യക്ഷിവധം അരങ്ങേറുന്ന കാലത്ത് യൂറോപ്പിൽ ഇതിലും ശക്തനായ എതിരാളിയെയാണ് സർക്കാരുകൾ നേരിട്ടത്. ഇപ്പോളത്തെ ഇന്ത്യയിലെ പോലെ മതത്തിന് വലിയ സ്വാധീനമുള്ള രാജ്യങ്ങളായിരുന്നു യൂറോപ്പിലും. പള്ളിക്കും പട്ടക്കാർക്കും വലിയ അവകാശങ്ങളും അധികാരങ്ങളുമുണ്ടായിരുന്നു.
 
പതുക്കെപ്പതുക്കെ സർക്കാർ ആരോഗ്യ സംവിധാനങ്ങൾ മെച്ചപ്പെടുത്തി, തൊഴിലില്ലായ്മ കുറച്ചു, തൊഴിലില്ലായ്മ വേതനം സാർവത്രികമാക്കി, വിദ്യാഭ്യാസം സൗജന്യമാക്കി. ആളുകൾക്ക് വീടും, ഭക്ഷണവും ലഭ്യവും അവകാശവുമാക്കി.
ജനങ്ങളാകട്ടെ, ഇതൊക്കെ കിട്ടിയപ്പോൾ ദൈവത്തിന് നന്ദി പറയുകയല്ല ചെയ്തത്. പള്ളിയിലേക്കുള്ള വരവ് നിർത്തി, പട്ടക്കാരെ മൈൻഡ് ചെയ്യാതായി. അതോടെ കൊണ്ടുനടക്കാൻ പറ്റാത്തതിനാൽ മതങ്ങൾക്ക് പള്ളികൾ വിൽക്കേണ്ടിവന്നു. പട്ടക്കാരനാകാൻ ആളെ കിട്ടാത്തതിനാൽ കേരളത്തിൽ നിന്നും ഇറക്കുമതി ചെയ്യേണ്ടി വന്നു.
 ഇതൊക്കെ നാളത്തെ കേരളത്തിന്റെ കാര്യമാണ്. ഇന്നത്തെ കേരളം അങ്ങനെയല്ല. പഠിക്കാൻ കഴിവുള്ള കുട്ടികളിൽ ഫീസ് കൊടുക്കാൻ പറ്റാത്തവർ ഏറെയുണ്ട്. ചികിത്സ ഉണ്ടായിട്ടും പണമില്ലാത്തതിനാൽ ചികിത്സ നേടാൻ കഴിയാത്തവർ നമുക്ക് ചുറ്റുമുണ്ട്. ഒറ്റ രോഗമോ അപകടമോ വന്നാൽ അതിൻറെ ചികിത്സാചെലവ് താങ്ങാൻ പറ്റാതെ വീട് വിൽക്കേണ്ടി വരുന്നവരും പട്ടിണിയിലേക്ക് പോകുന്നവരുമുണ്ട്. ഇതൊന്നും പോരാത്തതിന് വർഷത്തിൽ നാല്പതിനായിരം വാഹനാപകടത്തിൽ നാലായിരം പേരെങ്കിലും നാടുവൊടിഞ്ഞു കിടപ്പിലായി കുടുംബത്തിന്റെ നടുവൊടിക്കുന്നു.
 
ഇവരെ സഹായിക്കാൻ ആരുണ്ട്?
 പറയുന്പോൾ സർക്കാർ കൂടെയുണ്ട്. പക്ഷെ പ്രായോഗികമായി ഇപ്പോൾ സർക്കാർ ചെയ്യുന്നതിനും ചെയ്യാൻ സാധിക്കുന്നതിനും പരിധിയുണ്ട്. എനിക്ക് പരിചയമുള്ള ഒരു കേസിൽ നടുവൊടിഞ്ഞു കിടക്കുന്ന ഒരു വിദ്യാർത്ഥിയുടെ കാര്യത്തിൽ ആറുമാസം സർക്കാർ സംവിധാനങ്ങളുടെ പുറകെ നടന്നിട്ട് കിട്ടിയത് പതിനയ്യായിരം രൂപയാണ്. എല്ലാവർക്കും വേണ്ട വീടും, ചികിത്സയും, വിദ്യാഭ്യാസ സഹായവും നല്കാൻ സർക്കാരിന് പണമില്ല.
 
ഇവിടെയാണ് നന്മമരങ്ങളുടെ പ്രസക്തി. ഇപ്പോൾ കേരളത്തിൽ എവിടെയും ഇവർ കാണപ്പെടുന്നു. കേരളത്തിന് പുറത്തിരുന്ന് കേരളത്തിൽ നന്മ ചെയ്യാൻ ശ്രമിക്കുന്നവരുമുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, വീടുപണി ഇങ്ങനെ എല്ലാ വിഷയത്തിലും ഇവർ ഇടപെടും.ഇങ്ങനെ കേരളത്തിന് പുറത്തിരുന്നു കേരളത്തിൽ ഇടപെട്ട പരിചയം വെച്ച് പറയട്ടെ, കേരളത്തിൽ ഇപ്പോൾ നന്മമരമാകാൻ വളരെ എളുപ്പമാണ്. അതിന് പല കാരണങ്ങളുണ്ട്.

1. പൊതുവെ കേരളത്തിലെ സാന്പത്തികസ്ഥിതിയിലുണ്ടായ വളർച്ച
2. ബുദ്ധിമുട്ടുകൾ അറിഞ്ഞും പരസ്പരസഹായം സ്വീകരിച്ചും വളർന്ന ഒരു തലമുറ
3. ലോകത്തെന്പാടുമുള്ള ആളുകളിലേക്ക് സന്ദേശമെത്തിക്കാനുള്ള സമൂഹ മാധ്യമങ്ങളുടെ പങ്ക്
4. ലോകത്തെവിടെ നിന്നും പണം നാട്ടിലേക്കയക്കാൻ ഇ - ബാങ്കിങ്
 
രണ്ടു തവണയാണ് ഞാൻ ഇത്തരത്തിൽ പണം പിരിക്കാൻ ഇറങ്ങിയത്. ഒരിക്കൽ ഒരു വീട് വെക്കാൻ, ഒരിക്കൽ ഒരു വിദ്യാർത്ഥിയെ സഹായിക്കാൻ. രണ്ടു തവണയും 48 മണിക്കൂറിനകം ഉദ്ദേശിച്ച തുക കിട്ടി. സഹായം വാഗ്ദാനം ചെയ്തവരിൽ പത്തിലൊന്നു പേരോടു പോലും പണം പിരിക്കേണ്ടി വന്നില്ല. ഇനി നാളെ ഒരാവശ്യം വന്നാൽ ഒറ്റ ദിവസം കൊണ്ട് ഒരുകോടി രൂപ വേണമെങ്കിൽ പിരിച്ചെടുക്കാമെന്ന് എനിക്കിപ്പോൾ ഉറപ്പുണ്ട്.
 
ഈ ഉറപ്പ് എനിക്ക് മാത്രമല്ല ഉള്ളത്. മനോരമ പാത്രത്തിൽ ഒരു വർത്ത കൊടുക്കാമെന്ന ഉറപ്പിന്റെ പേരിൽ മാത്രം ഇരുപത് ലക്ഷം രൂപ ചെലവ് വരുന്ന സർജറി നടത്തിയ സംഭവം എനിക്കറിയാം.
ഈ ഉറപ്പിനെയാണിപ്പോൾ പല കപടനാണയങ്ങളും ഉപയോഗപ്പെടുത്തുന്നത്. കേരളത്തിൽ ഇപ്പോൾ ചാരിറ്റി പ്രവർത്തനം ഒരു തൊഴിലായി മാറിയിരിക്കുന്നു. ഫേസ്ബുക്കിലും വാട്ട്സാപ്പിലും നന്മമരങ്ങൾ നിറയുന്നു. റോഡിലൂടെ യാത്ര ചെയ്യുന്പോൾ ‘പറവൂരിൽ ശയ്യാവലംബിയായ യുവാവിന് വേണ്ടി’ എന്ന പേരിൽ ഗാനമേളയും ശിങ്കാരിമേളവും അരങ്ങേറുന്നു, കിഡ്‌നി ചികിത്സക്കായി ബക്കറ്റ് പിരിവ് നടക്കുന്നു, കാൻസർ ചികിത്സക്കായി ബസിൽ ട്രിപ്പുകൾ നടക്കുന്നു. ഇതിൽ ഏതൊക്കെ ആധികാരികമാണ്, പിരിച്ചതിൽ എത്ര പണം ശയ്യാവലംബർക്ക് കിട്ടുന്നുണ്ട് എന്നൊന്നും അന്വേഷിക്കാൻ സംവിധാനങ്ങളില്ല.
നാട്ടുകാരെ പറ്റിക്കുന്ന നന്മമരങ്ങൾ മാത്രമല്ല, നന്മമരങ്ങളെ പറ്റിക്കുന്ന നാട്ടുകാരും രംഗത്തുണ്ട്. ഇല്ലാത്ത രോഗങ്ങൾ ഉണ്ടെന്ന് ധരിപ്പിക്കുകയും, ഉള്ള സാന്പത്തികസ്ഥിതി മറച്ചുപിടിച്ച് നാട്ടുകാരുടെ സഹതാപം നേടാൻ ശ്രമിക്കുകയും ചെയ്യുന്ന സംഭവങ്ങൾ വർദ്ധിക്കുന്നു. ഇതെല്ലാം മലയാളിയുടെ സാന്പത്തിക ഉന്നമനത്തിന്റെയും സഹായിക്കാനുള്ള മനസ്സിന്റെയും വിജയമാണ്.
 
അതേസമയം ഇത് സമൂഹത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് വേണ്ടത്ര സഹായം നൽകാനുള്ള സർക്കാർ സംവിധാനങ്ങളുടെ പരാജയം കൂടിയാണ്. അതുകൊണ്ടുതന്നെ നന്മമരങ്ങൾക്ക് കേരളത്തിലെ ലാൻഡ്സ്കേപ്പിൽ സ്ഥാനമുണ്ട്. ഒന്നോ രണ്ടോ വിഷവൃക്ഷങ്ങൾ ഉണ്ടെന്നു കരുതി നന്മമരങ്ങളെ മൊത്തം വെട്ടിക്കളയരുത്. ഒന്നോ രണ്ടോ ഇത്തിൾക്കണ്ണികളായ ‘കിടപ്പുരോഗികൾ’ ഉള്ളത് കൊണ്ട് യഥാർത്ഥ രോഗികൾക്ക് സഹായം നൽകുന്നത് കുറക്കുകയും ചെയ്യരുത്.
കേരളത്തിൽ ചാരിറ്റി പ്രവർത്തനം നടത്തുന്നതിന് വേണ്ടത്ര നിബന്ധനകൾ കൊണ്ടുവരണം. അതോടൊപ്പം തന്നെ സമൂഹത്തിൽ ഇത്തരം ചാരിറ്റി പ്രവർത്തനങ്ങൾ ആവശ്യമില്ലാത്ത ഒരു സാഹചര്യവുമുണ്ടാക്കണം. സംസ്കൃതവും വികസിതവുമായ ഒരു രാജ്യത്തും ഉറങ്ങാൻ വീടും, പഠിക്കാനുള്ള പണവും, രോഗത്തിന് ചികിത്സയും ചാരിറ്റി ആവരുത്, അവകാശമായിരിക്കണം. അതുണ്ടാക്കാനായിരിക്കണം നമ്മുടെ ശ്രമം.
 
അങ്ങനെ ഒരു കാലം വന്നാൽ കുറ്റിയറ്റു പോകുന്നത് നന്മമരങ്ങൾ മാത്രമാവില്ല. വീടും വിദ്യാഭ്യാസവും ആരോഗ്യ സംവിധാനങ്ങളും തൊഴിലും സർക്കാർ സംവിധാനങ്ങൾ ഉറപ്പാക്കുന്ന കാലത്ത് പണ്ടത്തെ യക്ഷികളെ പോലെ ഇപ്പോഴത്തെ മതങ്ങളും ദൈവങ്ങളും പതുക്കെ സ്റ്റാൻഡ് വിടും. അന്ന് അണികളെ വെച്ച് വിലപറയുന്ന ലോക്കൽ പോപ്പുമാർ പണിയെടുത്തു ജീവിക്കാൻ പഠിക്കും, കുട്ടികളുടെ വിരൽ മുറിച്ചു വിശ്വാസപ്രതിഞ്ജ നടത്തുന്ന അച്ചന്മാർ കണ്ടം വഴി ഓടും, ലക്ഷങ്ങളോട് മൈതാനത്ത് മതപ്രസംഗം നടത്തുന്നവർ കഥാപ്രസംഗികരോ സ്റ്റാൻഡ് അപ്പ് കൊമേഡിയന്മാരോ ആയി സമൂഹത്തെ രസിപ്പിക്കും.
 
അതാണ് ഞാൻ സ്വപ്നം കാണുന്ന നവകേരളം...
Advertisment