/sathyam/media/post_attachments/1LD82rITZAfeyIy5YSFU.jpg)
രാജ്യത്തിനായി പുതിയ അത്യാധുനിക നിയമനിർമ്മാണസഭ അഥവാ പാർലമെന്റ് സമുച്ചയത്തിന് ഇക്കഴിഞ്ഞ ഡിസംബർ 10 ന് പ്രധാനമന്ത്രി നരേന്ദ്രമോഡി തറക്കല്ലിടുകയും രണ്ടുവർഷം കൊണ്ട് അത് പണിപൂർത്തിയായി പ്രവർത്തനം തുടങ്ങുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് കേരളത്തിന് കാര്യമായ ചില ആശങ്കകളുണ്ട്.
അതായത് പുതിയ പാർലമെന്റ് പണി പൂർത്തിയാകുമ്പോൾ അതിൽ ലോക്‌സഭയിൽ 888 അംഗങ്ങളും രാജ്യസഭ യിൽ 384 ഉം ചേർന്ന് ആകെ 1272 അംഗങ്ങൾക്ക് ഇരിക്കാനുള്ള സീറ്റുകൾ സജ്ജമായിരിക്കും. ഭാവിയിൽ പാർല മെന്റ് സീറ്റുകൾ വർദ്ധിക്കുമെന്ന സാഹചര്യം കണക്കിലെടുത്താണ് ഈ സജ്ജീകരണം നടപ്പാക്കുന്നത്. ഇപ്പോൾ ലോക്‌സഭയിൽ 543 ഉം രാജ്യസഭയിൽ 245 ഉം വീതം സീറ്റുകൾ മാത്രമാണുള്ളത്.
കഴിഞ്ഞ 50 വർഷക്കാലമായി പാർലമെന്റിൽ സീറ്റുകൾ വർദ്ധിച്ചിട്ടില്ല. എന്നാൽ 2026 ൽ ജനസംഖ്യാനുപാതത്തിൽ പുതിയ സെൻസസ് പ്രകാരം ലോക്‌സഭാ, നിയമസഭാ സീറ്റുകൾ വർദ്ധിപ്പിക്കേണ്ടതുണ്ട്. അങ്ങനെ വർദ്ധിക്കുമ്പോൾ സ്വാഭാവികമായും രാജ്യസഭാ സീറ്റുകളും വർദ്ധിക്കും. ഇതാണ് കേരളത്തെ ആശങ്കയിലാക്കുന്നതും വിഷയം നമ്മൾ ഗൗരവമായി കാണേണ്ടതും.
ഇപ്പോഴുള്ള ലോക്‌സഭാ സീറ്റുകൾ 50 വർഷം മുൻപുള്ള ജനസംഖ്യയെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.10 ലക്ഷം ആളുകൾക്ക് ഒരു ലോക്‌സഭംഗം എന്നതായിരുന്നു കണക്ക്. എന്നാൽ ഇന്ന് ജനസംഖ്യ അഭൂതപൂർവ്വമായി ഉയർന്നു. അങ്ങനെ നോക്കുമ്പോൾ ഇന്ന് ഇന്ത്യയിലെ ഒരു ലോക്‌സഭംഗം ശരാശരി 25.26 ലക്ഷം ആളുകളുടെ പ്രതിനിധിയാണ്.
/sathyam/media/post_attachments/wDeIqjGQyFowBGUszKBZ.jpg)
മറ്റു പ്രമുഖ രാജ്യങ്ങളിൽ പാർലമെന്റ് അംഗങ്ങൾ പ്രതിനിധാനം ചെയ്യുന്നത് 10 ലക്ഷത്തിലും താഴെ ജനങ്ങളെയാണ്. യൂറോപ്യൻ യൂണിയനിൽ ഇത് 6.57 ലക്ഷമാണ്. അമേരിക്കയിൽ 5.96 ലക്ഷം, ബംഗ്ലാദേശിൽ 5.54 ലക്ഷം, ചൈനയിൽ 4.54 ലക്ഷം, പാക്കിസ്ഥാൻ 4.39 ലക്ഷം, ഇന്തോനേഷ്യ 3.81 ലക്ഷം, നൈജീരിയ 3.77 ലക്ഷം, ബ്രസീൽ 3.53 ലക്ഷം, ഫിലിപ്പൈൻസ് 3.28 ലക്ഷം എന്നിങ്ങനെയാണ് ആ രാജ്യങ്ങളിലെ ഒരു പാർലമെന്റ് സീറ്റിലെ ശരാശരി ജനസംഖ്യ.
1970 കൾ മുതൽ ഇന്ത്യയിൽ ജനസംഖ്യാനിയന്ത്രണത്തിനായി കേന്ദ്രസർക്കാർ പല പദ്ധതികളും ആവിഷ്‌ക്കരിച്ചുവന്നു. അവയെല്ലാം പൂർണമായും പ്രയോജനപ്പെടുത്തി ജനസംഖ്യാനിയന്ത്രണം ഘട്ടം ഘട്ടമായി വിജയത്തിലെത്തിച്ച സംസ്ഥാനമാണ് കേരളം. തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണ്ണാടകം എന്നിവയും കേരളത്തിന്റെ പാത പിന്തുടർന്ന് ജനസംഖ്യാനിയന്ത്രണത്തിൽ ഒരു പരിധിവരെ നേട്ടം കൈവരിച്ച സംസ്ഥാനങ്ങളാണ്.
പക്ഷേ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കുടുംബാസൂത്രണം ഇനിയും വിജയിച്ചിട്ടില്ല, പരാജയമാണ്. ഫലമോ ജനസംഖ്യാ വിസ്ഫോടനമാണ് അവിടെ നടക്കുന്നത്. സാക്ഷരതാ മിഷൻ പോലെ കുടുംബാസൂത്രണത്തിനുമുള്ള ഫണ്ടുകൾ ഇപ്പോഴും അവിടേക്ക് അനസ്യൂതം പ്രവഹിക്കുന്നുമുണ്ട്.
ഈ ഒരൊറ്റക്കാരണം കൊണ്ടുതന്നെ ജനസംഖ്യാടിസ്ഥാനത്തിൽ പാർലമെന്റ് സീറ്റുകൾ വിഭജിക്കണമെന്ന ആവശ്യത്തെ തെക്കേ ഇന്ത്യ ഒന്നടങ്കം എതിർത്തുപോന്നു. അതിൻ്റെ ഫലമായി 1976 ൽ അടിയന്തരാവസ്ഥക്കാലത്ത് ഭരണഘടന ഭേദഗതി ചെയ്യപ്പെട്ടു. 2001-ാമാണ്ടുവരെ 1971 ലെ സെൻസസ് പ്രകാരമുള്ള പാർലമെന്റ്, നിയമസഭാ സീറ്റുകൾ പുനർനിർണയം ചെയ്യാതെ അതേപടി നിലനിർത്താനായിരുന്നു ഭേദഗതി.
2001-ൽ സീറ്റുകൾ ജനസംഖ്യാടിസ്ഥാനത്തിൽ വർദ്ധിപ്പിക്കണമെന്ന ആവശ്യവുമായി വീണ്ടും ഈ പ്രശ്‍നം ഉയർന്നപ്പോൾ തമിഴ്‌നാടും ആന്ധ്രയും എടുത്ത ശക്തമായ നിലപാടുകൾ മൂലം അന്നത്തെ വാജ്‌പേയ് സർക്കാർ വീണ്ടും 84 മത്തെ ഭരണഘടനാ ഭേദഗതിയിലൂടെ 2026 വരെ തൽസ്ഥിതിതന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. ഇതിൽ കരുണാനിധി, ജയലളിത, ചന്ദ്രബാബു നായിഡു എന്നിവരുടെ ഇടപെടൽ ഇവിടെ എടുത്തുപറയേണ്ടതുണ്ട്.
ഓർക്കുക 1951 ലെ ആദ്യതെരഞ്ഞെടുപ്പിൽ ഇന്ത്യയിലെ ഒരു പാർലമെന്റ് മണ്ഡലത്തിലെ ശരാശരി ജനസംഖ്യ 7.38 ലക്ഷമായിരുന്നു. 77 ൽ അത് 10.09 ലക്ഷമായി ഉയർന്നു. 98 ൽ 15.58 ലക്ഷവും 2014 ൽ 22.29 ലക്ഷവും 2019 ൽ 25.26 ലക്ഷ്യവുമായി ഉയർന്നിരിക്കുന്നു. ഇപ്പോഴും ആ വർദ്ധന മുന്നോട്ടുതന്നെകുതിക്കുകയാണ്.
ഇവിടെ നാം കേരളീയർ മനസ്സിലാക്കേണ്ട ചില വസ്തുതകളുണ്ട്. അതായത് 25 ലക്ഷം ജനസംഖ്യക്ക് ഒരു പാർലമെന്റ് അംഗം എന്ന ശരാശരി നോക്കിയാൽ കേരളത്തിലെ ജനസംഖ്യവച്ച് നമ്മുക്ക് 14 ലോക്‌സഭാംഗങ്ങളെ മാത്രമേ ലഭിക്കുകയുള്ളു. ഏതു രീതിയിലുള്ള ജനസംഖ്യാനുപാതവും കേരളത്തിന് നഷ്ടക്കച്ചവടമായിരിക്കുമെന്നതിൽ തർക്കമില്ല.
ഉത്തരപ്രദേശിലെ ജനസംഖ്യാനുപാതം വച്ച് 30 ലക്ഷത്തിന് ഒരംഗം എന്നാണ് ഇപ്പോഴത്തെ നില. തമിഴ്‌നാട്ടിൽ 20 ലക്ഷത്തിന് ഒരംഗം എന്നതാണാവസ്ഥ.
ഭരണഘടനയുടെ ആർട്ടിക്കിൾ 81 പ്രകാരം ലോക്‌സഭാ സീറ്റുകൾ പരമാവധി 550 ൽ കൂടാൻ പാടില്ല എന്നാണ്. അതേസമയം ജനസംഖ്യാനുപാതമായി സീറ്റുകൾ വർദ്ധിപ്പിക്കാനും കുറയ്ക്കാനുമുള്ള നിർദ്ദേശങ്ങളും ഭരണഘടനയിലുണ്ട്. 10 ലക്ഷം ആളുകൾക്ക് ഒരു ജനപ്രതിനിധി എന്ന തത്വമാണ് ഭരണഘടനയിൽ വിവക്ഷ ചെയ്തിരിക്കുന്നത്. ഇതാണ് സീറ്റുകൾ ജനസംഖ്യക്ക് അനുപാതത്തിൽ ഉയർത്തണമെന്ന ആവശ്യത്തിന് ഊന്നൽ പകരുന്നത്.
10 ലക്ഷം ആളുകൾക്ക് ഒരു ജനപ്രതിനിധി എന്ന തരത്തിൽ നോക്കിയാൽ ഇന്ന് ഇന്ത്യയിൽ 1375 ലോക്‌സഭാംഗ ങ്ങളുണ്ടാകും. ഉത്തർപ്രദേശിൽ നിന്ന് മാത്രം 238 പേർ എം.പി മാരായി പാർലമെന്റിൽ എത്തും. ഇതോടൊപ്പം പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും സീറ്റുകൾ ഇപ്പോഴുള്ളതിന്റെ പലമടങ്ങായി വർദ്ധിക്കുകയും ചെയ്യും. അപ്പോഴും കേരളത്തിന് ലഭിക്കുക വെറും 34 സീറ്റുകൾ.
ഇനി 25 ലക്ഷം ജനസംഖ്യയെന്ന കണക്കിൽ പുനർനിർണയം വന്നാലും ഉത്തർപ്രദേശിന് ഇപ്പോഴുള്ള 80 ൽ നിന്ന് സീറ്റുകൾ 94 ആയി ഉയരും. കേരളത്തിന്റേത് 20 ൽ നിന്ന് 14 ആയി ചുരുങ്ങും.
ഇതുപോലെ ബീഹാർ, രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഒറീസ, ജാർഖണ്ഡ്, മഹാരഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ സീറ്റുകൾ വലിയ തോതിൽ വർദ്ധിക്കുമ്പോൾ തമിഴ്‌നാട്, ആന്ധ്രാ പ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളിൽ സീറ്റുകൾ ഗണ്യമായി കുറയുകയും ചെയ്യും.
ഒരുദാഹരണം കൂടി പറയാം. 1971 ൽ ജനസംഖ്യയിൽ തമിഴ് നാടിനേക്കാൾ വളരെ പിന്നിലായിരുന്ന മദ്ധ്യ പ്രദേശിന് ജനസംഖ്യാനുപാതത്തിൽ 29 ലോക്‌സഭാ സീറ്റുകളും തമിഴ് നാടിന് 39 സീറ്റുകളുമാണ് ലഭിച്ചതും ഇപ്പോൾ നിലവിലുള്ളതും. എന്നാൽ ഇപ്പോഴത്തെ ജനസംഖ്യയിൽ മദ്ധ്യപ്രദേശ്, തമിഴ് നാടിനെ പിന്നിലാക്കി ജനസംഖ്യ 8.53 കോടിയിലെത്തുകയും തമിഴ്‌നാട് 7.78 കോടി ജനസംഖ്യയുമായി അവർക്ക് പിന്നിലേക്ക് പോകുകയും ചെയ്തു.
2026 ൽ ലോക്‌സഭാ ,നിയമസഭാ മണ്ഡലങ്ങളുടെ പുനർനിർണയം വരുമ്പോഴേക്കും കേരളം മറ്റുള്ള ദക്ഷിണേന്ത്യൻ സംസ്ഥാങ്ങളുമായി യോജിച്ച് മുൻകൂട്ടി അതിനായുള്ള തയ്യാറെടുപ്പുകൾ ഇപ്പോൾത്തന്നെ നടത്തേണ്ടിയിരിക്കുന്നു. കാരണം ഉത്തരേന്ത്യയിലെ ജനസംഖ്യാനിരക്ക് ഇപ്പോഴും ഉയർന്നുതന്നെയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us