എഐസിസിസിയുടെ പുതിയ പ്രസിഡന്റിനെ ജൂണില്‍ പ്രഖ്യാപിക്കുമെന്ന് കെസി വേണുഗോപാല്‍; സംഘടനാ തെരഞ്ഞെടുപ്പ് മെയ് മാസത്തില്‍

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, January 22, 2021

ഡല്‍ഹി:  എഐസിസിസിയുടെ പുതിയ പ്രസിഡന്റിനെ ജൂണില്‍ പ്രഖ്യാപിക്കുമെന്ന് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. മെയ് മാസത്തില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രവര്‍ത്തക സമിതി യോഗതീരുമാനങ്ങള്‍ വിശദീകരിച്ച് കെസി വേണുഗോപാല്‍ മാധ്യമങ്ങളോട്‌ പറഞ്ഞു.

പ്രസിഡന്റിനെ തെരഞ്ഞെടുപ്പിലൂടെ നിശ്ചയിക്കും. നിയമസഭാ തെരഞ്ഞെടുപ്പിനെ ബാധിക്കാത്ത രീതിയില്‍ മെയ്  മാസത്തില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്തുമെന്നും വേണുഗോപാല്‍ വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായി സംഘടനാ തെരഞ്ഞടുപ്പിലൂടെ അധ്യക്ഷനെ തിരഞ്ഞെടുക്കണമെന്ന്  കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍നിന്നുള്ള നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇടക്കാല പ്രസിഡന്റ് ആയ സോണിയ ഗാന്ധി അനാരോഗ്യം നിമിത്തം പ്രചാരണത്തില്‍നിന്നു വിട്ടുനില്‍ക്കുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സോണിയ സജീവമായി പ്രചാരണ രംഗത്ത് ഉണ്ടായിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് സംഘടനാ തെരഞ്ഞെടുപ്പു പൂര്‍ത്തിയാക്കാന്‍ ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടത്.

ലോകസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയെത്തുടര്‍ന്ന് രാഹുല്‍ ഗാന്ധി സ്ഥാനമൊഴിഞ്ഞ പശ്ചാത്തലത്തിലാണ് സോണിയ ഇടക്കാല പ്രസിഡന്റ് ആയി സ്ഥാനമേറ്റത്.

അനാരോഗ്യം മൂലം സോണിയയ്ക്കു സജീവമാവാനാവാത്തതിനാല്‍ രാഹുല്‍ തുടര്‍ന്നും പാര്‍ട്ടിയെ നയിക്കണമെന്ന ആവശ്യം ശക്തമാണ്. എന്നാല്‍ നെഹ്റു കുടുംബത്തിനു പുറത്തുനിന്ന് പ്രസിഡന്റ് വരട്ടെ എന്ന നിലപാടിലാണ് രാഹുല്‍.

×